ദോഹ. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ടുറിസ്റ്റുകൾക്ക് വിസ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഖത്തറിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഹയ്യ പ്ലാറ്റ്ഫോം നവീകരിച്ചു. എല്ലാ ടൂറിസ്റ്റ് വിസകളും ബിസിനസ് വിസകളും അനുവദിക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഹയ്യ പ്ലാറ്റ്ഫോം മാറും. ടൂറിസ്റ്റുകളുടെ രാജ്യം, റെസിഡൻസി, അവരുടെ പക്കലുള്ള മറ്റു അന്താരാഷ്ട്ര വിസ എന്നിവയെ അടിസ്ഥാനമാക്കി പുതുതായി A1, A2, A3 എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ മൂന്ന് വിഭാഗങ്ങളാക്കി വേർത്തിരിച്ചു. ഇവർക്കെല്ലാം ഇ-വിസ വേഗത്തിൽ ലഭ്യമാകും.
- A1– ഖത്തറിൽ വിസ ഓൺ അറൈവൽ അല്ലെങ്കിൽ വിസ ഫ്രീ എൻട്രി ലഭിക്കാത്ത എല്ലാ രാജ്യക്കാരും ഈ വിഭാഗത്തിൽ ഉൾപ്പെടും.
- A2- ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വിഭാഗത്തിൽ വരുന്നത്. ജിസിസി താമസക്കാരായ, എല്ലാ പ്രൊഫഷനിലുള്ളവർക്കും ഖത്തർ ഇ-വിസയ്ക്ക് യോഗ്യതയുണ്ട്.
- A3- ഷെൻഗൻ രാജ്യങ്ങൾ, യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂ സീലൻഡ് എന്നീ രാജ്യക്കാരോ അവിടങ്ങളിൽ വിസയുള്ളവരോ ആയ രാജ്യാന്തര സന്ദർശകരാണ് വിഭാഗത്തിൽ ഉൾപ്പെടുന്നത്.
A3 വിഭാഗക്കാർക്ക് ഒരു മാസത്തിൽ കൂടുതൽ ഖത്തറിൽ തങ്ങുന്നില്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസും ആവശ്യമില്ലെന്ന് ഹയ്യ സിഇഒ സയീദ് അലി അൽ-കുവാരി പറഞ്ഞു. ദോഹയെ 2023-ലെ അറബ് ടൂറിസം തലസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഖത്തർ ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഏളുപ്പത്തിലാക്കുന്നതെന്ന് ഖത്തർ ടൂറിസം ചെർമാൻ അക്ബർ അൽ ബേകർ പറഞ്ഞു.
ഫിഫ ലോകകപ്പ് 2022 വേളയിൽ 10 ലക്ഷത്തിലേറെ സന്ദർശകർക്കാണ് ഹയ്യ പ്ലാറ്റ്ഫോം മുഖേന ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിച്ചത്. ടൂറിസ്റ്റുകൾക്കും ജിസിസി പൌരൻമാർക്കൊപ്പം യാത്ര ചെയ്യുന്ന ജിസിസി താമസക്കാർക്കും അവരുടെ കൂടെയുള്ളവർക്കും (ഇവർക്ക് ഓതറൈസേഷൻ ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് നൽകും) ഉള്ള വിസ നടപടികളെ ഹയ്യ പ്ലാറ്റ്ഫോം പുതുതായി ഏകീകരിച്ചിട്ടുണ്ട്.
2030ഓടെ ഖത്തറിലേക്ക് 60 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അൽ ബേക്കർ പറഞ്ഞു. ഖത്തറിൽ ടൂറിസം മേഖല കരുത്തുറ്റ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. വിസ നടപടികളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിൽ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമാണ് ഖത്തർ. ആഗോള തലത്തിൽ എട്ടാമതാണ്. 95 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ വിസ ഓൺ അറൈവൽ നൽകുന്നുണ്ട്. പുതിയ പരിഷ്കാരങ്ങൾ ഖത്തറിനെ മുൻനിര ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാൽ ഉപകരിക്കുമെന്നും അൽ ബേക്കർ പറഞ്ഞു.
One thought on “ഖത്തറിൽ കൂടുതൽ രാജ്യക്കാർക്ക് ഇ-വിസ വേഗത്തിൽ; ഹയ്യ പ്ലാറ്റ്ഫോം നവീകരിച്ചു”