✍🏻 ലാൽ കിഷോർ
മലയാളികൾ അധികം യാത്ര ചെയ്തിട്ടില്ലാത്ത ഒരു സ്ഥലം ആയിരിക്കും ‘ബദാമി’ (Badami). എന്നാൽ ഇന്ത്യയുടെ ചരിത്രം അറിയാൻ കൊതിക്കുന്ന അല്ലെങ്കിൽ വാസ്തുശില്പകലയോട് അത്രയേറെ കൗതുകമുള്ളവർ തേടി കണ്ടുപിടിച്ച് യാത്ര ചെയ്യുന്ന സ്ഥലങ്ങളാണ് കർണാടകയിലെ ബദാമി, പട്ടടക്കൽ, ഐഹോളെ. ഹംപിയിൽ നിന്നാണ് ഞാൻ ബദാമിയിലേക്ക് പോകുന്നത്. ഏകദേശം മൂന്ന് മണിക്കൂർ ട്രെയിൻ യാത്ര. കേരളത്തിൽ നിന്നും ബദാമിയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഇല്ല.
മംഗലാപുരം അല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ സർവീസ് ലഭ്യമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബദാമി ബസ്റ്റാന്റിലേക്ക് അഞ്ചു കിലോമീറ്ററുണ്ട്. അവിടെ നിന്നും ഷെയർ റിക്ഷ ലഭ്യമാണ്. ബസ്റ്റാൻഡിന് അടുത്തായാണ് റൂം എടുത്തത്. 600 രൂപയ്ക്ക് ഒരു സിംഗിൾ റൂം കിട്ടി. ബദാമി അത്ര വലിയ ഡെവലപ്പ് ആയിട്ടുള്ള ഒരു സ്ഥലമല്ല. ഒരു ചെറിയ പട്ടണം. താമസം, ഫുഡ്, മറ്റ് അവശ്യ സാധനങ്ങൾ, ബസ്റ്റാൻഡ് എന്നീ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. ബസ്റ്റാൻഡിന് അടുത്തായി റൂം എടുക്കാൻ രണ്ടു കാരണങ്ങളുണ്ട്. ‘ബദാമി കേവ്സ്‘ലേക്ക് അവിടെ നിന്നും നടന്ന് പോകാനുള്ള ദൂരമേ ഉള്ളൂ.
UNESCO World Heritage സൈറ്റുകളിൽ ഉൾപ്പെടുന്ന ഐഹോള, പട്ടടക്കൽ എന്നിവിടങ്ങളിലേക്കു പോകാൻ ബസ് ഇവിടെ നിന്നാണ് ലഭിക്കുക. ഐഹോളയിലേക്ക് 35 കിലോമീറ്ററും പട്ടടക്കലിലേക്ക് 22 കിലോമീറ്ററുമാണ് ദൂരം. രണ്ടു ദിവസം പ്ലാൻ ചെയ്തു വരികയാണെങ്കിൽ ഓട്ടപ്രദിക്ഷണം നടത്താതെ മൂന്ന് സ്ഥലങ്ങളും ആസ്വദിച്ചു കാണാം. ഒൻപത് മണി ആയപ്പോഴേക്കും ഞാൻ ബദാമി എത്തി. റൂം എടുത്ത് വേഗം ഫ്രഷ് ആയി പത്തുമണിയോടെ ഐഹോളയ്ക്ക് പോകുന്ന ബസ് പിടിച്ചു. ഒരു മണിക്കൂർ കൂടുമ്പോൾ മാത്രമേ ബസ് സർവീസ് ഉള്ളൂ. നഗരത്തിന്റെ തിരക്ക് കഴിഞ്ഞാൽ റോഡിന്റെ ഇരുവശങ്ങളും വിജനമായ പ്രദേശങ്ങളും കൃഷിയിടങ്ങളും ഇടയ്ക്കിടെ വരുന്ന ചെറിയ ഗ്രാമങ്ങളും മാത്രമേ കാണാനുള്ളൂ. വികസനം അവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല എന്ന് തോന്നി പോകും. എങ്കിലും അവിടുത്തെ ജനങ്ങൾ അതിൽ സംതൃപ്തരാണ് എന്നാണ് തോന്നിയത്.
ഗ്രാമീണതയുടെ ഭംഗി നമുക്ക് വല്ലാത്തൊരു ഫീൽ നൽകും. വൃത്തിഹീനമായ പ്രദേശങ്ങളും പോകുന്ന വഴികളിൽ നമുക്ക് കാണാം. ആദ്യ ദിവസം ഐഹോളെ, പട്ടടക്കൽ എന്നീ രണ്ടു സ്ഥലങ്ങളും കണ്ടതിന് ശേഷം വൈകിട്ട് നാലു മണിയോടെ ബദാമി ബസ്റ്റാൻഡിൽ തിരിച്ചെത്തി. സമയം ബാക്കി ഉള്ളതുകൊണ്ട് നാളെ പോകാമെന്ന് കരുതിയ ബദാമി കേവിലേക്ക് വെച്ചു പിടിച്ചു. നടന്നാണ് പോയത്. കേവിന്റെ എതിർവശത്ത് സ്ഥിതിചെയ്യുന്ന ഭൂതനാഥ് ക്ഷേത്രത്തിനും ആഗസ്ത്യാർ തടാകത്തിനും അടുത്തേക്കാണ് ആദ്യം പോയത്. അർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ പ്രദേശങ്ങൾ അസ്തമയം ആയപ്പോഴേക്കും അടയ്ക്കാറായിരുന്നു.
എങ്കിലും മതിയാകുവോളം അഗസ്ത്യാർ തടാകവും ചുറ്റുമുള്ള ക്ഷേത്രങ്ങളും ഞാൻ ആസ്വദിച്ചു. അവിടെ നിന്നും മലമുകളിലുള്ള ബദാമി കേവ് കാണാം. നാളെ രാവിലെയാണ് അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. മനസ്സ് നിറച്ച കുറച്ചു ചിത്രങ്ങൾ ക്യാമറയിൽ പകർത്തി റൂമിലേക്ക് തിരിച്ചു. അടുത്ത ദിവസം രാവിലെ ഒൻപതു മണിയോടെ ബദാമി കേവിൽ എത്തി. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ വന്നു തുടങ്ങുന്നതേയുള്ളൂ. രാവിലെ പോയാൽ അത്ര തിരക്ക് ഉണ്ടാകില്ല. 25 രൂപയാണ് പ്രവേശന ടിക്കറ്റ്.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നഗരമാണ് ബദാമി. പണ്ട് കാലത്ത് ഈ സ്ഥലം ‘വാതാപി’ എന്നാണ് അറിയപ്പെട്ടിരുന്നത്. സമ്പന്നമായ ചരിത്രത്തിനും അതിമനോഹരമായ റോക്ക്-കട്ട് വാസ്തുവിദ്യയ്ക്കും ചാലൂക്യ രാജവംശത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രധാന സ്ഥലമായും ഇത് പ്രശസ്തമാണ്. പുലകേശൻ ഒന്നാമനാണ് ഈ നഗരം സ്ഥാപിച്ചത്, പിന്നീട് പുലകേശൻ രണ്ടാമൻ്റെ കീഴിൽ ഡെക്കാൺ പ്രദേശത്തെ ഒരു പ്രമുഖ ഭരണ കേന്ദ്രമായി മാറി. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്നാടിൻ്റെ ചില ഭാഗങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ആദ്യകാല ചാലൂക്യരുടെ തലസ്ഥാനമായിരുന്നു വാതാപി.
പാറക്കെട്ടുകളുടെ താഴെ സ്ഥിതി ചെയ്യുന്ന അഗസ്ത്യ തടാകത്തിനു ചുറ്റും ക്ഷേത്രങ്ങളും ഗുഹാ സമുച്ചയങ്ങളുമാണ്. ഒരു വലിയ മലഞ്ചെരുവിൽ പാറകളിൽ കൊത്തിയെടുത്ത ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളിൽ സങ്കീർണ്ണമായ കൊത്തുപണികൾ, വിപുലമായ ശിൽപങ്ങൾ, മനോഹരമായ ചുവർചിത്രങ്ങൾ എന്നിവ നമുക്ക് കാണാം. ശിവൻ, വിഷ്ണു, മഹാവീരൻ എന്നിവർക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ ഗുഹകൾ. അഗസ്ത്യ തടാകത്തിൻ്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഭൂതനാഥ ക്ഷേത്രങ്ങൾ ശിവൻ്റെ ഒരു രൂപമായ ഭൂതനാഥന് സമർപ്പിച്ചിരിക്കുന്നു. ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയുടെ സവിശേഷതകൾ ഇവിടെ കാണാം. നഗരത്തിലെ പ്രശസ്തമായ പാറയിൽ വെട്ടിയ ക്ഷേത്രങ്ങളും മറ്റ് ഘടനകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാൻഡ് സ്റ്റോൺ ഉൾപ്പെടെ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ബദാമിക്ക് ചുറ്റുമുള്ള പ്രദേശം.
അതിമനോഹരമായ കലയ്ക്കും ശിൽപങ്ങൾക്കും ഈ നഗരം പ്രശസ്തമാണ്, പ്രത്യേകിച്ച് ചാലൂക്യൻ ശൈലി. ഇത് പിൽക്കാല ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ബദാമിയിലെ ചാലൂക്യ കാലഘട്ടത്തിലെ കല, സംസ്കാരം, വാസ്തുവിദ്യ എന്നിവയുടെ വികാസം പ്രാദേശിക പാരമ്പര്യങ്ങളുടെയും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള സ്വാധീനങ്ങളുടെയും സാംസ്കാരിക ആവിഷ്കാരത്തെ വിലമതിക്കുന്ന ഭരണാധികാരികളുടെയും സംഗമമായിരുന്നു. പുലകേശൻ ഒന്നാമനും പുലകേശൻ രണ്ടാമനും പോലുള്ള ചാലൂക്യ ഭരണാധികാരികൾ കലയുടെയും വാസ്തുവിദ്യയുടെയും മികച്ച രക്ഷാധികാരികളായിരുന്നു. അവരുടെ പിന്തുണ സ്മാരക നിർമ്മിതികൾ സൃഷ്ടിക്കുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുന്നതിനും സഹായിച്ചു. ഹിന്ദുമതത്തോടും ജൈനമതത്തോടുമുള്ള ഭരണാധികാരികളുടെ ഭക്തിയും രാഷ്ട്രീയ ശക്തിയും നിരവധി ക്ഷേത്രങ്ങളുടെയും മതപരമായ ഘടനകളുടെയും നിർമ്മാണത്തിന് പ്രചോദനമായി. ഡെക്കാൻ മേഖലയിലെ കലാപരമായ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടേതായ ശൈലികളിൽ സംയോജിപ്പിച്ചതാണ് ചാലൂക്യ വാസ്തുവിദ്യാ ശില്പങ്ങൾ.
തെക്ക് പല്ലവ, വടക്ക് ഗുപ്ത സാമ്രാജ്യം തുടങ്ങിയ അയൽ പ്രദേശങ്ങളുമായുള്ള ചാലൂക്യ സാമ്രാജ്യത്തിൻ്റെ ഇടപെടലുകൾ വൈവിധ്യമാർന്ന കലാപരമായ സ്വാധീനങ്ങൾക്ക് കാരണമായി. ഉദാഹരണത്തിന്, പല്ലവർ പാറയിൽ നിർമ്മിച്ച വാസ്തുവിദ്യയ്ക്ക് പേരുകേട്ടവരായിരുന്നു. ഇത് ചാലൂക്യൻ ക്ഷേത്ര രൂപകൽപ്പനയെ സ്വാധീനിച്ചു. തന്ത്രപരവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ നിരവധി കാരണങ്ങളാലാണ് ചാലൂക്യ രാജവംശം ബദാമി തലസ്ഥാനമായി തിരഞ്ഞെടുത്തത്. ബദാമിക്ക് ചുറ്റുമുള്ള ദുർഘടമായ ഭൂപ്രകൃതിയും പാറകൾ നിറഞ്ഞ കുന്നും മലകളും അധിനിവേശങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ പ്രതിരോധം തീർത്തു. ശത്രുസൈന്യത്തിന്റെ അധിനിവേശങ്ങൾക്ക് ഈ പ്രകൃതിദത്ത കോട്ടകൾ തടസ്സം സൃഷ്ടിച്ചു. പല്ലവർ, രാഷ്ട്രകൂടർ, വിജയനഗര തുടങ്ങി ഒടുവിൽ കല്യാണിയിലെ ചാലൂക്യർ ഉൾപ്പെടെ ഉള്ളവരുമായി നിരവധി യുദ്ധങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
BADAMIയിലെ പ്രധാന ക്ഷേത്രങ്ങളും ഘടനകളും
ബദാമി ഗുഹാക്ഷേത്രങ്ങൾ: ദേവന്മാരെയും ദേവതകളെയും ജീവികളെയും പുരാണ ഹൈന്ദവ ഇതിഹാസങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളെയും ചിത്രീകരിക്കുന്ന വിശദമായ ശിൽപങ്ങൾ കൊണ്ട് ക്ഷേത്രങ്ങൾ അലങ്കരിച്ചിരിക്കുന്നു.
- ഗുഹ 1: ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ഗുഹയിൽ 18 കൈകളുള്ള നടരാജൻ്റെ (നൃത്തം ചെയ്യുന്ന ശിവൻ) ഒരു വലിയ ശിൽപമുണ്ട്.
- ഗുഹ 2: വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഇതിൽ വിഷ്ണുവിൻ്റെ വരാഹ അവതാരം, ത്രിവിക്രമ (വിഷ്ണുവിൻ്റെ മറ്റൊരു രൂപം) എന്നിവയുടെ ശിൽപങ്ങൾ അടങ്ങിയിരിക്കുന്നു.
- ഗുഹ 3: വിശദമായ ശിൽപങ്ങളും ലിഖിതങ്ങളും ഉള്ള, വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും വിശാലവുമായ ഒരു ഏരിയ ആണിത്.
- ഗുഹ 4: തീർത്ഥങ്കരന്മാരുടെ കൊത്തുപണികൾ ഉൾക്കൊള്ളുന്ന ഒരു ജൈന ക്ഷേത്രം.
ഭൂതനാഥ ക്ഷേത്രങ്ങൾ: അഗസ്ത്യ തടാകത്തിൻ്റെ തീരത്ത് നിർമിച്ച ഈ ക്ഷേത്രങ്ങളിൽ ആദ്യകാല ദ്രാവിഡ വാസ്തുവിദ്യാ ശൈലികളും സങ്കീർണമായ ശിലാരൂപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ചരിത്രത്തിൻ്റെയും വാസ്തുവിദ്യയുടെയും സംസ്കാരത്തിൻ്റെയും സവിശേഷമായ സമ്മിശ്രണം ബദാമിയെ പുരാതന ഇന്ത്യൻ ചരിത്രത്തിലും പൈതൃകത്തിലും താൽപ്പര്യമുള്ളവർക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു.