ഈ കൊടും ചൂടിൽ നിന്ന് രക്ഷപ്പെട്ട് രാത്രിയിൽ കാടിന്റെ കുളിരിൽ ഒരു ക്യാമ്പിങ് ആയാലോ? തെന്മല ഇക്കോ ടൂറിസം കേന്ദ്രമാണ് വിനോദ സഞ്ചാരികൾക്കായി മികച്ചൊരു ക്യാമ്പിങ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. കാടും കാട്ടരുവിയും ആസ്വദിച്ച് കാട്ടിനുള്ളിൽ രാപ്പാർക്കാം. വന്യജീവികളെ കുറിച്ചുള്ള ആശങ്കകളും വേണ്ട. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ അഡ്വഞ്ചർ സോണിലെ തടാകത്തിനു സമീപം കാട്ടിലാണ് ടെന്റ് കെട്ടിയുള്ള ക്യാമ്പിങ് സംവിധാനിച്ചിരിക്കുന്നത്.
വൈകീട്ട് 5.30നാണ് ചെക്ക് ഇൻ. രാവിലെ 8.30ന് ചെക്ക് ഔട്ട് ചെയ്യുന്ന രീതിയിലാണ് ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടു പേർക്ക് 2500 രൂപയാണ് നിരക്ക്. രണ്ടു നേരത്തെ ഭക്ഷണവും അഡ്വഞ്ചർ ആക്ടിവിറ്റികളും ഉൾപ്പെടും. പെഡൽ ബോട്ടിങ്ങും ചെയ്യാം. തിരിക്കില്ലെങ്കിൽ കൂടുതൽ ആക്ടിവിറ്റികൾക്ക് അവസരം ലഭിക്കും.
നോൺ വെജ് വിഭവങ്ങൾ ആവശ്യമെങ്കിൽ പ്രത്യേകം ഓർഡർ ചെയ്യണം. ഇത് ടെന്റിലെത്തിക്കും. വൃത്തിയായി പരിപാലിക്കുന്ന ശുചിമുറി, സാനിറ്റൈസ് ചെയ്ത സ്ലീപ്പിങ് ബാഗും ബെഡ്ഷീറ്റും ലഭിക്കും. രാത്രിയിൽ ക്യാമ്പ് ഫയറും ആസ്വദിക്കാം. രാവിലെ പക്ഷി നിരീക്ഷണം, ട്രിക്ക് ട്രെയിൽ നടത്തം, പെഡൽ ബോട്ടിങ്, ഏരിയൽ സ്കേറ്റിങ്, റിവർ ക്രോസിങ് എന്നിവയും ആകാം.
പ്രകൃതിയെ ആസ്വദിക്കാനതെത്തുന്ന സഞ്ചാരികൾക്കു പുറമെ വർക്കിങ് പ്രൊഫഷനലുകൾക്ക് ഈ ക്യാമ്പിങ് വേണമെങ്കിൽ വർക്ക് ഫ്രം ക്യാമ്പ് ആയും ഉപയോഗപ്പെടുത്താം. ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9496344800, 9495344800, 0475-2344855