തിരുവനന്തപുരം. World’s Best 100 Beaches പട്ടികയില്‍ കേരളത്തിന് അഭിമാനമായി തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബീച്ചും (പാപനാശം തീരം) ഇടംനേടി. വിനോദ സഞ്ചാരികളുടെ വഴികാട്ടിയായ അന്താരാഷ്ട്ര പ്രസിദ്ധീകരണം ലോണ്‍ലി പ്ലാനറ്റ് Best Beaches: 100 of the World’s Most Incredible Beaches എന്ന പേരില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ബീച്ചുകളുടെ ഗൈഡലാണ് പാപനാശം ബീച്ച് ഇടംപിടിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്ന ഈ ബിച്ചിന് ഒട്ടേറെ സവിശേഷതകളുണ്ട്. തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഉയര്‍ന്ന പാറക്കെട്ടുകളാണ് (Varkala Cliff) വര്‍ക്കല ബീച്ചിന്റെ സവിശേഷത. കേരളത്തിൽ മറ്റൊരു ബീച്ചിലും ഇല്ലാത്ത അപൂർവ്വതയാണിത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരു ഭൗമശാസ്ത്ര സ്മാരകമായും ഈ പാറക്കെട്ടുകളെ (വര്‍ക്കല ക്ലിഫ്) പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ആഗോള ഖ്യാതി ലഭിച്ചതോടെ കൂടുതല്‍ വികസനത്തിന് ഒരുങ്ങുകയാണ് വര്‍ക്കല ബീച്ച്. ഇവിടെ നടക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുമെന്നും ഏറെ താമസിയാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ക്കലയേയും സമീപ പ്രദേശങ്ങളേയും ലോകോത്തര ടൂറിസം ഡെസ്റ്റിനേഷനാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വര്‍ക്കല ക്ലിഫിന്റെ സംരക്ഷണം, ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഇലക്ട്രിക് ഓട്ടോ, ബഗ്ഗി സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തല്‍, മലിനീകരണം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്ളത്. സാഹസിക ടൂറിസം സാധ്യതകളും ഉള്ള കടല്‍ത്തീരമാണ് വര്‍ക്കല ബീച്ച്. ഈയിടെ ടൂറിസം വകുപ്പ് ഇവിടെ ഫ്‌ളോട്ടിങ് ബ്രിജ് ഒരുക്കിയിരുന്നു. അടുത്ത മാസം ഇവിടെ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലും നടക്കുന്നുണ്ട്.
എങ്ങനെ എത്താം
വര്‍ക്കല ബസ് സ്റ്റാൻഡിൽ നിന്ന് 3.8 കിലോമീറ്ററാണ് ദൂരം. വർക്കല റെയില്‍വേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ. അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 57 കിലോമീറ്റർ.