പാലക്കാട്. മലമ്പുഴ ഉദ്യാനത്തിലെ പൂക്കാലം ഫ്ളവര്‍ഷോ 2024 ആരംഭിച്ചു. ആദ്യ ദിവസം സന്ദര്‍ശകരുടെ നല്ല തിരക്കുണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും (DTPC Palakkad) ജലസേചന വകുപ്പും ചേര്‍ന്നാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 8.30 വരെയാണ് മേള. ജനുവരി 28 വരെ തുടരുന്ന പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 8.30 വരെ കലാ, സംഗീത വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.
24 ബുധനാഴ്ച വോയ്സ് ഓഫ് കലക്ട്രേറ്റ് ഒരുക്കുന്ന കരോക്കെ ഗാനമേളയും കൊച്ചിന് തരംഗ് ബീറ്റ്സ് ഒരുക്കുന്ന മെഗാ ഹിറ്റ് ഗാനമേളയും നടക്കും. ജനുവരി 25 വ്യാഴം വൈകീട്ട് 5ന് എംസി കോര്‍ണര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും വൈകീട്ട് 6.30ന് രാഗവല്ലി ബാന്‍ഡിന്റെ ലൈവ് കണ്‍സേര്‍ട്ടും നടക്കും. 26 വെള്ളി വൈകീട്ട് ബിആര്‍സി അട്ടപ്പാടി അവതരിപ്പിക്കുന്ന നൃത്യനൃത്യങ്ങള്‍, വേദമിത്രയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷനും അരങ്ങേറും. 27 ശനി വൈകീട്ട് 5 മണിക്ക് സാരംഗി ഓര്‍ക്കസ്ട്രയുടെ ഇളയനില സംഗീത സന്ധ്യയും 6.30 മുതല്‍ ഷൈക്കയുടെ മെഗാ ഷോയും നടക്കും. സമാപന ദിവസമായ 28 ഞായര്‍ വൈകീട്ട് 5ന് സാരംഗയുടെ സൂപ്പര്‍ഹിറ്റ് ഗാനമേളയും ഗ്രാമോത്സവം ഫോക് ബാന്‍ഡ് പരിപാടിയും നടക്കും.
സീനിയ, ഡെലീഷ്യ, കോസ്മോസ്, ഡാലിയ, സാൽവിയ, സെലോസിയ, വാടാമല്ലി, ജമന്തി, വിവിധ ഇനം പനിനീർപ്പൂക്കൾ, വിവിധ നിറങ്ങളിലുള്ള ആഫ്രിക്കൻ, ഫ്രഞ്ച് ചെണ്ടുമല്ലികൾ, വർണവൈവിധ്യമേറിയ പെറ്റൂണിയ, നക്ഷത്രത്തിളക്കമുള്ള ആസ്റ്റർ, ചെടി മൂടുംവിധം പുഷ്പ്പിക്കുന്ന വിങ്ക തുടങ്ങി വിദേശിയും സ്വദേശികളുമായ 35ലേറെ ഇനം പൂക്കളാണ് പ്രദർശനത്തിന് ഒരുങ്ങിയിരിക്കുന്നത്. പ്രത്യേകതരം മലമ്പുഴയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ചേർന്ന് ഉദ്യാനത്തിൽ ചുമർചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
നഴ്സറികളുടെ പുഷ്പ പ്രദർശനവും വിൽപ്പനയുമുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളുമാണ് ഭക്ഷ്യമേളയുടെ സവിശേഷത. സന്ദർശകർക്ക് ഈ രുചിവൈവിധ്യവും നേരിട്ടറിയാം. പാട്ടു പാടേണ്ടവർക്കായി ഒരു പാട്ടുപുരയും ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.