മസ്കത്ത്. Oman Visit Visa ഇനി വര്‍ക്ക് വിസയിലേക്ക് മാറ്റാന്‍ കഴിയില്ല. ടൂറിസ്റ്റ് വിസയും വിസിറ്റ് വിസയും രാജ്യത്തിനു പുറത്തു പോകാതെ തന്നെ തൊഴില്‍ വിസയിലേക്ക് മാറ്റാവുന്ന സൗകര്യം നിര്‍ത്തലാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. ബംഗ്ലാദേശികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും നിര്‍ത്തിവച്ചു. ജിസിസി രാജ്യങ്ങളില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള സ്ഥിരം വിസയുള്ളവര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് വരാം.
പുതിയ മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വിസിറ്റ് വിസയില്‍ വരുന്നവര്‍ ഇനി തൊഴില്‍ വിസയിലേക്കോ ജോയിന്‍ ഫാമിലി വിസയിലേക്കോ മാറണമെങ്കില്‍ രാജ്യത്തിന് പുറത്തു പോയി വീണ്ടും തിരിച്ചു വരേണ്ടി വരും. അധിക ചെലവും വഹിക്കേണ്ടി വരും.
50 ഒമാനി റിയാല്‍ ഫീസ് നല്കിയാല് രാജ്യത്തിനു പുറത്തു പോകാതെ തന്നെ വിസ മാറാനുള്ള സൗകര്യം ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തോളമായി ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30ന് ഇതു നിര്‍ത്തലാക്കി പുതിയ വിസ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31ന് തന്നെ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തു. വിസ മാറാനുള്ളവര്ക്ക് ഇനി മുതല്‍ രാജ്യത്തിനു പുറത്തു പോയാല്‍ മാത്രമെ പുതിയ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ. ഇതിനായി പഴയ പോലെ യുഎഇയിലേക്കോ നാട്ടിലേക്കോ പോയി തിരിച്ചു വരേണ്ടി വരും.