WINTER IN DUBAI മരുഭൂമിയില്‍ ആഘോഷിക്കാം; കേംപിങ് സീസണ്‍ ചൊവ്വാഴ്ച മുതല്‍

ദുബയ്: വീണ്ടുമൊരു ശൈത്യകാലം യുഎഇയില്‍ പടികടന്നെത്തുകയാണ്. ശിശിരം ആഘോഷിക്കാന്‍ മികച്ച ഇടങ്ങളാണ് മരുഭൂമിയില്‍ ടെന്റുകള്‍ ഒരുക്കിയുള്ള കേംപിങ് (Winter in Dubai). ശിശിരകാലം തുടങ്ങുന്നതോടെ പുതിയൊരു കേംപിങ് സീസണിനും (Camping season dubai) തുടക്കമാകും. ഇത്തവണ ഒക്ടോബര്‍ 17നാണ് പുതിയ അല്‍ അവീര്‍ മരുഭൂമയില്‍ കേംപിങ് സീസണ്‍ ആരംഭിക്കുന്നത്. ഇതിനായി ദുബയ് മുനിസിപാലിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി മുന്‍കൂറായി വാങ്ങേണ്ടതുണ്ട്. സീസണ്‍ 2024 ഏപ്രില്‍ വരെ തുടരും.

തണുപ്പുകാലത്തെ മികച്ച ഔട്ട്‌ഡോര്‍ ആക്ടിവിറ്റിയാണ് മരുഭൂമയിലെ കേംപിങ്. കുടുംബ സൗഹൃദ കേംപ് സൈറ്റുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇവിടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി നിശ്ചിത ഇടങ്ങളും നീക്കിവച്ചിട്ടുണ്ട്. നിരവധി കേംപ് സൈറ്റുകള്‍ ബിസിനസ് ഉടമകള്‍ക്കായും മാറ്റിവച്ചിരിക്കുന്നു.

കേംപിങ്ങിനായി നിശ്ചയിച്ച് സ്ഥലങ്ങളില്‍ ടെന്റുകള്‍ കെട്ടുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അനുമതി ലഭിച്ചാല്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് അപേക്ഷകര്‍ക്ക് സ്വന്തമായി താല്‍ക്കാലിക വേലി കെട്ടിത്തിരിച്ച് ടെന്റുകള്‍ സ്ഥാപിക്കാം. സര്‍ക്കാര്‍ പങ്കാളികള്‍ക്കു മാത്രമായി ചിലയിടങ്ങള്‍ ദുബയ് മുനിസിപാലിറ്റി മാറ്റിവച്ചിട്ടുണ്ട്.

കേംപിങിന് പ്രത്യേക ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുനിസിപാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കേംപുകള്‍ താല്‍ക്കാലികമായുള്ള സ്വകാര്യ ഉപയോഗത്തിന് മാത്രമായിരിക്കും. പെര്‍മിറ്റുകള്‍ മൂന്നാം കക്ഷികള്‍ക്ക് കൈമാറനോ, വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. നിയമങ്ങളും ആചാരങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കണം. താല്‍ക്കാലി വേലി കെട്ടിത്തിരിച്ചിരിക്കണം. പെര്‍മിറ്റ് കാലാവധി അവസാനിച്ചാല്‍ കേംപ് സൈറ്റില്‍ നിന്നും എല്ലാ വസ്തുക്കളും മാറ്റിയിരിക്കണം. കേംപില്‍ അഗ്നിശമനികള്‍ ഉണ്ടായിരിക്കണം. പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. സാന്‍ഡ് ബൈക്കുകള്‍ 20 കി.മി സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പാടില്ല. ഫ്‌ളെഡ്‌ലൈറ്റുകളും സ്പീക്കറുകളും ഉപയോഗിക്കാനും പാടില്ല.

Legal permission needed