ഗുവാഹത്തി. ഒറ്റക്കൊമ്പന് കണ്ടാമൃഗങ്ങളുടെ പ്രധാന ആവാസ കേന്ദ്രവും കടുവാ സങ്കേതവുമായ അസമിലെ കാസിരംഗ നാഷനല്‍ പാര്‍ക്ക് (Kaziranga National Park) സഞ്ചാരികള്‍ക്കായി ഇന്നു മുതൽ ഭാഗികമായി തുറന്നു. നിലവിലെ രൂക്ഷമായ കാലാവസ്ഥയും റോഡിന്റെ സ്ഥിതിയും കണക്കിലെടുത്ത് ദേശീയോദ്യാനത്തിലെ കൊഹോറ, ബഗോരി റേഞ്ചുകളില്‍ ജീപ്പ് സഫാരി മാത്രമാണ് വിനോദ സഞ്ചാരികള്‍ക്കായി അനുവദിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ അസം വൈല്‍ഡ്ലൈഫ് ഡിവിഷന് ഡിഎഫ്ഒ അരുണ്‍ വിഗ്നേഷ് അറിയിച്ചു.
കൊഹോറ, ബഗോരി റേഞ്ചുകള്‍ ബുധനാഴ്ചകളില്‍ അടച്ചിടും. ഇവിടെ ഉണ്ടായിരുന്ന ആന സഫാരി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി വച്ചിരിക്കുകയാണ്. മേയ് മുതല്‍ കൊഹോറ, ബഗോരി, അഗോരതോലി, ബുരാപഹര് റേഞ്ചുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ആന സഫാരിയും ജീപ്പ് സഫരായുമാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്. മണ്‍സൂണ്‍ കാലമാകുന്നതോടെ ദേശീയോദ്യാനത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍ മേയ് മുതല്‍ ഒക്ടോബര്‍ വരെ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കാറില്ല.