ന്യൂ ദഡൽഹി. ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന G20 ഉച്ചകോടിയുടെ പ്രധാന സമ്മേളനം നടക്കുന്നതിനാൽ ദൽഹിയിൽ മൂന്ന് ദിവസത്തേക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബർ 9, 10 തീയതികളിലാണ് ഉച്ചകോടി. എന്നാൽ എട്ട് മുതൽ 10 വരെ അവധിയാണ്. ഈ ദിവസങ്ങളിൽ നഗരത്തിലുടനീളം കർശന ഗതാഗത, യാത്രാ നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സെപ്തംബർ 12 വരെ ന്യൂ ദൽഹിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം എട്ടു മുതൽ 10 വരെ ദൽഹി യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. എന്നാൽ ഒഴിവാക്കാനാവാത്ത യാത്രകൾ ചെയ്യേണ്ടവർ തീർച്ചയായും നിയന്ത്രണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളുണ്ടാകും. റോഡ് ഗതാഗത നിയന്ത്രണമുള്ളതിനാൽ എത്തിപ്പെടാനും പ്രയാസമുണ്ടായേക്കാം. സുരക്ഷാ കാരണങ്ങളാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടാനും സാധ്യതയുണ്ട്. ടൂർ ഓപ്പറേറ്റർ 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ബുക്കിങ് എടുക്കുന്നില്ല.
ജി20 ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധികൾ, രാഷ്ട്രത്തലവൻമാർ, വിഐപികൾ എന്നിവർ തങ്ങുന്നതിനാൽ പ്രധാന നക്ഷത്ര ഹോട്ടലുകളിലൊന്നും മുറി ലഭിക്കില്ല. ഔട്ടർ ഡൽഹിയിലെ ഹോട്ടലുകളിൽ നോക്കേണ്ടി വരും. മുൻകൂർ ബുക്കിങ്ങുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട് ഇക്കാര്യ ഉറപ്പു വരുത്തുക.
സർക്കാർ, സ്വകാര്യ ഒഫീസുകളും കടകളും അടച്ചിടും
എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സെപ്തംബർ 8 മുതൽ 10 വരെ അവധി നൽകിയിരിക്കുകയാണ്. സെൻട്രൽ ദൽഹിയിൽ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ബാങ്ക്, സ്ഥാപന, കട നടത്തിപ്പുകാർക്കും, എല്ലാ കെട്ടിടങ്ങളും അടച്ചിടാൻ ഉടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ദൽഹിയിലേക്ക് യാത്ര ചെയ്യേണ്ടവർ ഈ ദിവസങ്ങളിലെ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. മറ്റു ദിവസങ്ങൾ തിരഞ്ഞെടുക്കാം.
ടാക്സി, ഓട്ടോ, മെട്രോ, ബസ് ഗതാഗതത്തിനും നിയന്ത്രണം
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം (8-10) ദൽഹിയിലുടനീളം റോഡ് ഗതാഗത നിയന്ത്രണമുണ്ടാകും. പാർലമെന്റും രാഷ്ട്രപതി ഭവനും ഉൾപ്പെടുന്ന ന്യൂദൽഹി പോലീസ് ജില്ലയിൽ നിയന്ത്രണവും പരിശോധനകളും കർശനമായിരിക്കും. അവശ്യവാഹനങ്ങൾക്കു മാത്രമെ കടന്നു പോകാൻ അനുമതി നൽകൂ. നിയന്ത്രണങ്ങൾ കുറവുള്ള റോഡുകളും റൂട്ടുകളും ദൽഹി പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ Traffic Advisory പരിശോധിക്കുക.
ഈ മൂന്നു ദിവസങ്ങളിൽ ടാക്സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ല. ന്യൂഡൽഹി ജില്ലയ്ക്കു പുറത്തുള്ള ഹോട്ടലുകളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളുടെയും മറ്റും ടാക്സി ഈ മേഖലയിൽ അനുവദിക്കും. മറ്റിടങ്ങളിൽ തടസ്സമില്ല.
ന്യൂഡൽഹിയിൽ സിറ്റി ബസ് സർവീസുകൾ വെള്ളി, ശനി, ഞായർ (8-10) ദിവസങ്ങളിൽ ഉണ്ടായിരിക്കില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും ഔട്ടർ റിങ് റോഡിൽ യാത്ര അവസാനിപ്പിക്കും. ഡൽഹിയിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് ബസ് യാത്ര ചെയ്യുന്നവർ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് അധികൃതരെയോ ട്രാവൽ ഏജന്റുമാരെയോ ബന്ധപ്പെട്ട് പിക്കപ് പോയിന്റ് ചോദിച്ചറിയുക.
മെട്രോ സർവീസുകൾ പ്രവർത്തിക്കും. കഴിവതും റോഡ് യാത്രകൾ ഒഴിവാക്കാം. ശനി, ഞായർ ദിവസങ്ങളിൽ ജി 20 ഉച്ചകോടി വേദിയായ പ്രഗതി മൈതാനു സമീപമുള്ള സുപ്രീം കോടതി മെട്രോ സ്റ്റേഷൻ അടച്ചിടും. മെട്രോ ടിക്കറ്റ് എടുക്കാൻ DMRC Travel എന്ന ആപ് ഉപയോഗിക്കാം. എയർപോർട്ട് ലൈനിൽ ടിക്കറ്റെടുക്കാൻ 96508 55800 എന്ന നമ്പറിലേക്ക് Hi എന്ന മെസേജ് വാട്സാപ്പ് ചെയ്താൽ മതി.
8–10 തീയതികളിൽ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള പാതകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ആഭ്യന്തര വിമാന സർവീസുകൾ പലതും റദ്ദാക്കാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാന കമ്പനികളുടെ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കുക.
വിമാനത്താവളത്തിലേക്കുള്ള യാത്രകൾക്ക് എയർപോർട്ട് എക്സ്പ്രസ് മെട്രോ ലൈൻ (ഓറഞ്ച് ലൈൻ) ഉപയോഗിക്കുന്നതാണ് ഉചിതം. ഡൽഹി ടി3, ടി2 ടെർമിനലുകളിൽ വരുന്നവർക്ക് ഐജിഐ എയർപോർട്ട് മെട്രോ സ്റ്റേഷനും ടി1ൽ വരുന്നവർക്ക് ഫീഡർ ബസ് ഉപയോഗിച്ച് ഡൽഹി എയ്റോസിറ്റി മെട്രോ സ്റ്റേഷനും ഉപയോഗിക്കാം. എയർപോർട്ട് ലൈനിലൂടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്കും പോകാം.
ട്രെയിൻ സർവീസുകൾ
ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്ക് റോഡ് മാർഗമുള്ള യാത്രകൾ സുഗമമാക്കാൻ ഡൽഹി പൊലീസ് നിർദേശിച്ച പാതകൾ (വെബ്സൈറ്റിൽ) തിരഞ്ഞെടുക്കാം. അജ്മീരി ഗേറ്റ് ഭാഗത്തു നിന്ന് ന്യൂഡൽഹി സ്റ്റേഷനിലേക്കുള്ള ഗതാഗതം ഞായറാഴ്ച ഉച്ചവരെ പൂർണമായി വിലക്കും. റെയിൽവേ സ്റ്റേഷനിലേക്കു പോകാനും വരാനും ന്യൂഡൽഹി മെട്രോ സ്റ്റേഷൻ ഉപയോഗിക്കുന്നതാകും ഉചിതം.
207 സർവീസുകൾക്കാണ് ശനി, ഞായർ ദിവസങ്ങളിൽ നോർത്തേൺ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയതായും ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതായും റെയിൽവേ അറിയിച്ചു. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി – ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ന്യൂ ദൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും.