ദുബായ്. ബലി പെരുന്നാളിന് ആറു ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചതോടെ ഇത്തവണ യുഎഇയില്‍ (UAE) വേനല്‍ അവധി നേരത്തെ തുടങ്ങും. അവധിയാഘോഷിക്കാന്‍ വിനോദ യാത്രകളും നാട്ടിലേക്കുള്ള യാത്രകളും വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകളും റോക്കറ്റ് വിക്ഷേപിച്ച പോലെ കുത്തനെ മേലോട്ട് ഉയര്‍ന്ന് 300 ശതമാനം വരെ വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. പല രാജ്യക്കാരായ പ്രവാസികള്‍ക്ക് ഈ അധിക സാമ്പത്തിക ചെലവ് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനത്തിന് ജൂണ്‍ 28ലെ നിരക്ക് 1800 ദിര്‍ഹമാണെങ്കില്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ വെറും 425 ദിര്‍ഹമെ വരുന്നുള്ളൂ.
ഇതേ ദിവസം മുംബൈയിലേക്ക് 1000 രൂപയും ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ 330 ദിര്‍ഹമുമാണ് നിരക്ക്. സലാലയിലേക്ക് ജൂണ്‍ 28ന് 790 ദിര്‍ഹമും ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ 169 ദിര്‍ഹമുമാണ്. പ്രധാന നഗരങ്ങളിലേക്കുള്ള നിരക്കുകളിലെല്ലാം ഇതുപോലുള്ള അന്തരമുണ്ട്.
അവധിക്കാലത്ത് കുടുംബത്തെ കാണാനായി നാട്ടിലേക്കു പോകാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി പേരാണ് ഈ കുത്തനെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രാ പ്ലാനുമായി മുന്നോട്ടു പോകണോ അതോ ഉപേക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരിക്കുന്നത്. പലര്‍ക്കും തൊഴിലിടങ്ങളില്‍ നിന്ന് അവധി ലഭിച്ചെങ്കിലും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കാണ് കാര്യമായ നിരക്കു വര്‍ധന. അതേസമയം മണിക്കൂറുകളോളും സമയമെടുക്കുന്ന, പലയിടത്തും ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് താരതമ്യേന നിരക്ക് കുറവാണ്. എങ്കിലും ഉയര്‍ന്ന നിരക്കാണ്. മടക്ക യാത്രയ്ക്കും ടിക്കറ്റ് നിരക്കിന്റെ സ്ഥിതി ഇതുപോലെ തന്നെയിരിക്കും.
വേനല്‍ അവധി സീസണില്‍ വിദേശ രാജ്യങ്ങളിലേക്ക് വിനോ യാത്രാ പ്ലാനിട്ട് കാത്തിരുന്നവര്‍ക്കും ഈ നിരക്ക് വര്‍ധന തിരിച്ചടിയായിരിക്കുന്നു. ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 70 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധന ഉണ്ടായതായി ഖലീജ് ടൈംസ് നടത്തിയ സ്‌പോട്ട് സര്‍വെ പറയുന്നു. പലരും ബദല്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള ആലോചനയിലാണ്.