SeaWorld Abu Dhabi ലോകത്തിലെ ഏറ്റവും വലിയ കടൽ വിസ്മയം; 8 ലോകങ്ങൾ വേറിട്ട കാഴ്ചകൾ

അബു ദബി. കടലിനടിയിലെ വിസ്മയക്കാഴ്ചകളുമായി SeaWorld Abu Dhabi സന്ദർശകർക്കായി ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്കാണ് യാസ് ഐലൻഡിൽ ഉദ്ഘാടനം ചെയ്തത്. ഈ വിസ്മയ പാർക്ക് ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. വൈവിധ്യമാർന്ന കടൽ ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ പുനർസൃഷ്ടിച്ചാണ് ഇവിടെ സംരക്ഷിച്ചു വരുന്നത്. കടൽ ജീവികളേയും അവയുടെ ആവാസ വ്യവസ്ഥയേയും കുറിച്ചുള്ള വേറിട്ട അനുഭവവും വിനോദവും അറിവും പകരുന്ന നവ്യാനുഭവമാണ് സീവേൾഡ് അബു ദബി എന്ന ലോകത്തിലെ ഏറ്റവും വലിയ അക്വാറിയം.

അഞ്ച് നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽക്കൊട്ടാരം നിർമിച്ചിരിക്കുന്നത്. Endless Ocean, Abu Dhabi Ocean, One Ocean, Micro Ocean, Tropical Ocean, Rocky Point, Arctic and Antarctica ഉൾപ്പെടുന്ന Polar Ocean എന്നിങ്ങനെ എട്ട് വിഭാഗങ്ങളാണ് സീ വേൾഡ് അബു ദബിയിലുള്ളത്. കടലിലെ തനത് ആവാസ വ്യവസ്ഥകളൊരുക്കിയാണ് വൈവിധ്യമാർന്ന കടൽ ജീവികളേയും മൃഗങ്ങളേയും ഈ ഭീമൻ അക്വാറിയത്തിൽ സംരക്ഷിച്ചിരിക്കുന്നത്. വിവിധ ഇനം സ്രാവുകൾ, നീരാളികൾ, ഡോൾഫിൻ, നക്ഷത്ര മത്സ്യം, നീർനായകൾ, കടലാമകൾ, വ്യത്യസ്ത ഇനം മീനുകൾ, അരയന്നം, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽ ജീവികൾ ഇവിടെയുണ്ട്.

എൻഡ്ലെസ് ഓഷ്യനിൽ മാത്രം 2.5 കോടി ലീറ്റർ വെള്ളത്തിൽ 68,000ലധികം കടൽ ജീവികളും മൃഗങ്ങളുമുണ്ട്. കൂറ്റൻ സ്രാവുകളേയും നീരാളികളേയും വളരെ അടുത്തു നിന്ന് കാണാവുന്ന ചില്ല് ടണലുണ്ട്. ഇതുവഴി നടന്നാൽ 360 ഡിഗ്രിയിൽ കടലിനടിയിലെ വിസ്മയ കാഴ്ചകൾ നേരിട്ടു കാണാം. കൂടാതെ വൃത്താകൃതിയിലുള്ള കൂറ്റൻ ചില്ലു ജാലകവും ഒബ്സർവേഷൻ ഡെക്കിലുണ്ട്. ഗുഹ രൂപത്തിൽ കടൽ അടിത്തട്ടും ഒരുക്കിയിരിക്കുന്നു.

അറേബ്യൻ ഗൾഫിലെ കടൽ ആവാസ വ്യവസ്ഥയേയും ജീവികളേയും അടുത്തറിയുന്നതിനാണ് അബു ദബി ഓഷ്യൻ ഒരുക്കിയിരിക്കുന്നത്. ഈ മേഖലയിലെ ആദിമ വാസികളുടെ ചരിത്രവും ഇവിടെ അനാവരണം ചെയ്യുന്നു. നക്ഷത്ര മത്സ്യങ്ങളേയും സ്രാവുകളേയും വിവിധയിനം പ്രാദേശിക മത്സ്യങ്ങളേയും അടുത്തറിയാവുന്ന കുളങ്ങളും ഇവിടെയുണ്ട്. അറിവും വിനോദവും പകരുന്ന ഷോകൾ, സൂക്ക്, ഭക്ഷണശാലകൾ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.

റോക്കി പോയിന്റിൽ യുഎസിലെ വടക്കുപടിഞ്ഞാറൻ തീരത്തെ ആവാസവ്യവസ്ഥയിൽ മനോഹരമായ ഒരു ഉൾക്കടൽ പുനർസൃഷ്ടിച്ചിരിക്കുന്നു. ഇവിടെ പാറക്കെട്ടുകളിൽ നീർനായ്ക്കളെ കാണാം. ഇവിടെ കാലിഫോർണിയ നീർനായ്ക്കൾക്ക് തീറ്റ കൊടുക്കാനും അവസരമുണ്ട്. ട്രോപിക്കൽ ഓഷ്യനിൽ സന്ദർശകരെ ആകർഷിക്കുക സുന്ദരികളായ അരയന്നങ്ങളാണ്. ഈ പാർക്കിനുള്ളിൽ സൂര്യപ്രകാശം ലഭിക്കുന്ന ഏറ്റവും വലിയ ഭാഗമാണിത്. ഡോൾഫിൻ ഷോ കാണാനായി 2000 പേർക്കിരിക്കാവുന്ന ആംഫിതിയറ്ററുമുണ്ടിവിടെ. കാഴ്ചക്കാരെ ത്രസിപ്പിക്കാൻ 24 ഡോൾഫിനുകളാണ് ഇവിടെ ഉള്ളത്.

പോളാർ ഓഷ്യനിൽ നിങ്ങൾക്ക് ഉത്തര ധ്രുവ പ്രദേശങ്ങളിലേതിനു സമാനമായ അന്തരീക്ഷം അനുഭവിക്കാം. മഞ്ഞു പാളികൾക്കു മുകളിൽ വിശ്രമിക്കുന്ന നീർക്കുതിരയേയും ഇവിടെ കാണാം. പെൻഗിനുകൾക്കുള്ള അന്റാർട്ടിക്ക ഇവിടെ ഒരുങ്ങുന്നതെയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed