മഴക്കാല ഡ്രൈവിങ് ഏറെ ജാഗ്രതയും മുൻകരുതലും ആവശ്യമായ ഒരു ജോലിയാണ്. മഴയത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെയും റോഡിലെ മറ്റു വാഹനങ്ങളുടേയും കാൽനടയാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. വാഹനത്തിന് റോഡിലിറക്കാനുള്ള പൂർണ ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക, മുന്നിലെ വാഹനത്തിൽ നിന്നും നല്ല ആകലം പാലിച്ച് വാഹനമോടിക്കുക, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകളാണ് പ്രാഥമികമായി സ്വീകരിക്കേണ്ടത്. യാത്ര ചെയ്യുന്ന വഴികളെ കുറിച്ചും ശരിയായ ബോധ്യമുണ്ടായിരിക്കണം. കൂടുതൽ മാർഗ നിർദേശങ്ങൾ താഴെ നൽകിയിരിക്കുന്നു. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൽ വികസന പ്രവൃത്തികൾ നടന്നുവരുന്നതിനാൽ പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ. മോട്ടോർ വാഹന വകുപ്പ് (MVD) ഉൾപ്പെടെ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക.
മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡ്രൈവര്‍മാർ അറിയാൻ
- മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക.
- സാധാരണ വേഗതയില്‍ നിന്ന് അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. നനഞ്ഞ റോഡിൽ തെന്നിയേക്കാമെന്നതിനാൽ ബ്രേക്ക് ചെയ്യുമ്പോള്‍ നാം ഉദ്ദേശിച്ച സ്ഥലത്ത് വാഹനം നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.
- വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതും വെള്ളം വൃത്തിയായി തുടച്ചുനീക്കുന്നതുമായിരിക്കണം.
- എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. ഇലക്ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
- മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ലക്ടറുകൾ വാഹനത്തിലൊട്ടിക്കുക.
- വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം
- വെള്ളം കെട്ടി നില്ക്കുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. നിർബന്ധ സാഹചര്യങ്ങളിൽ ഒരു വലിയ കുഴിയാണ് എന്ന ബോധ്യത്തോടെ ശ്രദ്ധിച്ച് വാഹനം ഓടിക്കുക.
- മുൻപിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.
- കുട ചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.
- മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
- റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം. പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.
പൊതുജനങ്ങൾ അറിയാൻ
- മഴപെയ്യുമ്പോഴും മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്തും പൊതുവേ കാഴ്ച്ച കുറവായിരിക്കും. ഈ സമയങ്ങളിൽ സൂക്ഷിച്ചു മാത്രമെ റോഡ് മുറിച്ചു കടക്കാവൂ.
- റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫൂട്പാത്തില്കൂടി നടക്കുക.
- കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക.
- സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക. കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്
- സൈക്കിളിൽ നല്ല ത്രെഡുള്ള ടയറുകള്‍, റിഫ്ളക്ടര്, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.
- വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക. ഒരു വാഹനത്തേയും മറികടക്കരുത്
- റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാനും അപകടമുണ്ടാകാനും ഇത് ഇടയാക്കും
- വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ കയറുന്നതും ഇറങ്ങുന്നതും എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കുക
- ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.
ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ മഴക്കാലത്ത് റോഡിൽ നിങ്ങളുടെ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. ജാഗ്രതയ്ക്ക് മുൻഗണന നൽകുക. നിലവിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന രീതിയിൽ നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങൾ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
One thought on “മഴക്കാല ഡ്രൈവിങ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക”