Kashmir Great Lakes 7: ഗംഗാബൽ – നരനാഗ് – ശ്രീനഗർ

✍🏻 ജയകുമാരി വിജയൻ

ഹിമാലയൻ ട്രെക്ക്/ 2022 August 27/ ഉയരം: 11,500 അടി – 7,450 അടി/ ദൂരം: 15 കിലോമീറ്റർ

രാവിലെ ആറു മണിക്ക് ടെന്റിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട് പുറത്തേക്ക് പാളിനോക്കുമ്പോൾ ആണത് കണ്ടത്, ഹർമുഖന്റെ ഓറഞ്ച് നിറമുള്ള ഉച്ചി. സൂര്യൻ സർവ്വപ്രതാപത്തോടെയും അപ്പുറത്ത് ഉദിച്ചു വരുന്നുണ്ട് എന്ന് സാരം. ചായം തേച്ചതുപോലെ അല്പം അതിശയോക്തി തോന്നുന്ന രംഗം. ഇന്നലെ രാത്രി നല്ല തണുപ്പുണ്ടായിരുന്നു. അതുകൊണ്ടാകാം, ഹർമുഖന്റെ മഞ്ഞുപാളികൾ ഉരുകി ഒലിച്ചിരുന്ന ചാലുകൾ വറ്റിക്കിടക്കുന്നു.

ട്രെക്കിലെ അവസാന ദിനമാണിന്ന്. യാത്രപറച്ചിലും, ആഘോഷവുമൊക്കെ ഇന്നലെ കഴിഞ്ഞതാണ്. ഇന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ നടന്നു നരനാങ് എന്നൊരു ചെറുപട്ടണത്തിൽ എത്തണം. അവിടുന്ന് അമ്പത് കിലോമീറ്റർ ഉണ്ട് ശ്രീനഗറിലേക്ക്. ബാഗുകൾ സൂക്ഷിച്ചിരിക്കുന്ന അജാസ് ഭായിയുടെ ഹോട്ടലിൽ തങ്ങി രണ്ടു ദിവസം കൂടി കാശ്മീരിൽ നിന്നിട്ടേ നാട്ടിലേക്ക് മടങ്ങുന്നുള്ളു. ദാൽ തടാകത്തിലെ പ്രശസ്തമായ ഹൗസ് ബോട്ടും, വെജിറ്റബൾ മാർക്കറ്റും, ദൂത്പത്രിയും പെഹൽഗാമുമൊക്കെ ലിസ്റ്റിൽ ഉണ്ട്.

Also Read Kashmir Great Lakes 6: സത്സർ – സാജ് പാസ് – ഗംഗാബൽ

പതിവ് നേരത്ത് തന്നെ ഞങ്ങൾ പുറപ്പെട്ടു. തലേന്നത്തെ അല്പം റിസ്കിയായ തടിപ്പാലത്തിലൂടെ കടക്കാൻ ഗൈഡുകൾ മത്സരിച്ചു സഹായിച്ചതിനാൽ വല്യ പ്രശ്നങ്ങളുണ്ടായില്ല. നിർമ്മലമായ അന്തരീക്ഷം. തുള്ളിയൊഴുകുന്ന അരുവിയ്ക്ക് കടുംനീല നിറം. പച്ചപിടിച്ച മലഞ്ചെരുവിലൂടെ ഞങ്ങൾ മുഴുവൻ ഉന്മേഷത്തോടെയും നടന്നു. താഴെക്കൂടി അരുവി വെളുത്ത വള്ളിപോലെ പടർന്നു ഒഴുകുന്നത് കാണാം. കോടമേഘങ്ങൾ സർവത്ര വ്യാപിച്ചു കിടക്കുന്നു. നിലം നിറയെ തെറിച്ചു കിടക്കുന്ന പാറകൾ ആ പ്രദേശത്തിന്റെ ഭംഗി കൂട്ടിയതേ ഉള്ളു.

അധികം ചൂടില്ലാത്ത വെയിലേറ്റുള്ള നടത്തത്തിനിടയിൽ പെട്ടെന്ന് പിന്നിൽ ദൂരെ എവിടെയോ ഒരു മുഴക്കം കേട്ടു. എല്ലാവരും ഒരുമിച്ച് തിരിഞ്ഞു നോക്കി. മലയിടിച്ചിൽ പോലെയോ, പറ അടർന്നു വീഴുന്നത് പോലെയോ ഉള്ള സുഖകരമല്ലാത്ത ഒരു മുഴക്കം. മുൻപേ പോയ ഗൈഡ് ജഹാംഗീർ അൽപ നേരം നിന്നു കാതോർത്തു. കുഴപ്പങ്ങളൊന്നുമില്ല. ഞങ്ങൾ നടത്തം തുടർന്നു. ഇടയന്മാർ കടന്നു പോകുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് പട്ടാളക്കാരും റോന്തുചുറ്റി നടക്കുന്നുണ്ട്.

വേനൽ ആണെങ്കിൽ പോലും തെളിഞ്ഞ കാലാവസ്ഥ കിട്ടുക ഒരു ഭാഗ്യം മാത്രമാണെന്ന് തോന്നി. മലമുകളിലെ കാലാവസ്ഥ എപ്പോഴും പ്രവചനാതീതമാണ്. നോക്കിനിൽക്കെ ഭാവം മാറും. ചെരിഞ്ഞ വെയിലേറ്റ് വെൽവെറ്റ് തോൽ പുതച്ച പോലെ കുന്നുകൾ. തറയിലെ നിറയെ ചെറിയ മഞ്ഞ പൂക്കൾ. ഡൌൺലോഡ് ചെയ്തു മാത്രം ശീലമുള്ള സീനറികൾ കണ്മുൻപിൽ ജീവനോടെ വന്നു നിൽക്കുന്ന പോലെ! ആ പ്രകൃതി ഒരാളെ എത്രത്തോളം ഹരം പിടിപ്പിക്കുമെന്നു പറഞ്ഞറിയിക്കാൻ വയ്യ. മനുഷ്യർ അധികം പോറലേൽപ്പിക്കാത്ത ഇത്തരം ഉള്ളിടങ്ങൾ തന്നെയാണ് പുണ്യഭൂമികൾ ആയി എനിക്ക് തോന്നിയിട്ടുള്ളത്. അത് അതുപോലെ തന്നെ നിലനിൽക്കട്ടെ.

Also Read Kashmir Great Lakes 5: ഗഡ്‌സറിൽ നിന്ന് സത്സറിലേക്ക്

ഒൻപതേ കാലോടെ ഒരു പട്ടാളക്യാമ്പിലെത്തി. ചെക്കിങ് ഉണ്ട്. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെ തൊട്ടടുത്ത കുന്നിൻ മുകളിൽ ആണ് ക്യാമ്പ്. സുന്ദരമായ പരിസരം ആണെങ്കിലും ആർമി പ്രദേശത്തു ക്യാമറ എടുക്കാൻ സമ്മതിക്കാറില്ല ഗൈഡുകൾ. എങ്കിലും ദേവി സിങ് ഞങ്ങളോട് പതുക്കെ വന്നു പറഞ്ഞു. “ക്യാമ്പിൽ നിന്ന് ബൈനോക്കുലറിലൂടെ അവർ എല്ലാം കാണുന്നുണ്ടാകും. എങ്കിലും ഒരു വശത്ത് മാത്രം നിങ്ങൾ നിലത്തോട് ചേർന്ന് ഇരുന്നോ കിടന്നോ ഫോട്ടോ എടുത്തോളൂ. അവർക്ക് അത് blindspot ആണ്.” ആ സൂത്രം ഞങ്ങൾ അത്യാവശ്യം മുതലാക്കി.

എവിടുന്നോ കുഞ്ഞു പയ്യന്മാർ വന്നു വളഞ്ഞു ‘ടോഫികൾ’ ചോദിച്ചു. ഇനി അധികം ആവശ്യമില്ലാത്തതിനാൽ എല്ലാവരും ബാക്കി വന്ന ചോക്കലേറ്റുകൾ മൊത്തം അവർക്ക് കുടഞ്ഞിട്ടു കൊടുത്തു. അതിലൊരു കുഞ്ഞിപയ്യൻ കുപ്പായം നിറയെ ചോക്കലേറ്റ് ഭാണ്ഡകെട്ട് പോലെ താങ്ങി എടുത്ത് ചിരിച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോൾ പാവം തോന്നി.

ക്യാമ്പിൽ അൽപ നേരം ചിലവിട്ടു. അവിടെ വരുന്നവർക്ക് ആവശ്യാനുസരണം ചായ ഉണ്ടാക്കാൻ പാലും, ചായപ്പൊടിയും, പഞ്ചസാരയും ഒക്കെ വെവ്വേറെ വച്ചിട്ടുണ്ട്. ഞാൻ പാൽ മാത്രം എടുത്തു കുടിച്ചു. ഇതുവരെ തോന്നാത്ത ഒരു പ്രത്യേക രുചി അതിനുണ്ട്. ഇനി പട്ടാളക്കാർക്കുള്ള സ്പെഷ്യൽ കോട്ട ആയതിനാലാകുമോ?

Also Read Kashmir Great Lakes 4: വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം

ഐഡി കാർഡുകൾ എല്ലാം പരിശോധിച്ച ശേഷം പേര് ഉറക്കെ വിളിച്ചു ‘attendance’ എടുത്ത് അവർ ഞങ്ങളെ യാത്രയാക്കി. മരങ്ങൾക്കിടയിലൂടെ ആണ് ഇനിയുള്ള യാത്ര. കുറച്ചു ദിവസമായി പാറകളും, പുൽമേടുകളും മാത്രം കണ്ടു പതിഞ്ഞു പോയ മനസ്സിലേക്ക് തണൽ വീഴ്ത്തി മരങ്ങളെത്തിയപ്പോൾ ചെറുതല്ലാത്തൊരു സന്തോഷം തോന്നി. വന്മരങ്ങൾ എനിക്കെന്നും ഹരമുള്ളൊരു കാഴ്ചയാണ്. കെട്ടിപിടിക്കാതിരിക്കുന്നതെങ്ങനെ?

അവിടിവിടെ ആയി വീടുകൾ ഒരുപാട് കാണുന്നുണ്ട്. കല്ലും, മരവും കൊണ്ട് ഉണ്ടാക്കിയ വീടുകളിൽ ചിലതിൽ പോളിത്തീൻ ഷീറ്റുകൾ വിരിച്ചിട്ടുണ്ട്. വലുപ്പം കൂടിയ ഹിമാലയൻ കാക്കകൾ തണുത്തു കൂനി പാറകളിൽ അവിടിവിടെ ആയി ഇരിക്കുന്നു. ഒരു വശം മലയും, എതിർവശം കൊക്ക കണക്കെ താഴ്ചയുമാണ്. കൃത്യമായ, നിരപ്പുള്ള വഴി ഉള്ളതിനാൽ നടക്കാൻ വലിയ ഭയമൊന്നും തോന്നിയില്ല. അഭിമുഖമായി ഒരുപാട് ടൂറിസ്റ്റുകളും, കുതിരസംഘങ്ങളും വന്നുകൊണ്ടിരുന്നു. നരനാങ്ങിൽ നിന്ന് തുടങ്ങുന്ന ട്രെക്കുകളിലെ സഞ്ചാരികളാണ്. ഇടുങ്ങിയ വഴികളിൽ കുതിരക്കാർ വരുമ്പോൾ അടുത്തുള്ള മരത്തിലോ, കൊമ്പിലോ മറ്റോ അള്ളിപ്പിടിച്ചു മാറിനിൽക്കുകയാണ് ചെയ്തത്.

മലകളിൽ നിന്ന് മലകളിലേക്ക് നടന്നുകൊണ്ടേ ഇരുന്നു. മണ്ണിടിഞ്ഞു വീണു താറുമാറായ പലയിടങ്ങളും കണ്ടു. ചിലയിടത്ത് മണ്ണ് തന്നെ ഇല്ല. ഇടയുന്ന കാലാവസ്ഥ ഇവിടം എത്രത്തോളം നരകം ആക്കാറുണ്ടെന്നതിന്റെ തെളിവുകൾ ആണ്.

മരങ്ങളിൽ വല്യ വൈവിധ്യമൊന്നും കാണാൻ സാധിക്കില്ല. നല്ല ഉയരമുള്ള തടിയിൽ നിന്ന് ചെറിയ കൊമ്പുകൾ വശങ്ങളിലേക്ക് നിറയെ നിൽക്കുന്ന കൊറേ മരങ്ങൾ. ഇലകൾ എല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു. തടിയിൽ നിന്ന് കറ ഒലിച്ചു കട്ടിപിടിച്ചിരിപ്പുണ്ട്. വെറുതെ അടർത്തി മണത്തു നോക്കിയപ്പോൾ കുന്തിരിക്കം പോലെ സുഗന്ധം. “ദവാ.. ഹേ.. ദവാ..” അരികിലൂടെ പോയ കാശ്മീരി പറഞ്ഞു. എന്തോ മരുന്നായി ഉപയോഗിക്കുന്ന കറ ആണ്.

“നിനക്കു വീട്ടിലേക്ക് വിളിക്കണ്ടേ?” എന്ന് ചോദിച്ചു കൊണ്ട്, ഞങ്ങളുടെ ബഡ്ഡി നിഹാല ഫോണുമായി പിറകെ വന്നത് അപ്പോഴാണ്. എനിക്ക് സന്തോഷമായി. പുറം ലോകവുമായുള്ള ബന്ധം അറ്റിട്ട് അഞ്ചുദിവസമാകും. കഷ്ടി ഒരു മിനിറ്റ് സംസാരിച്ചു തീരും മുൻപേ റേഞ്ച് വീണ്ടും പോയി. വീട്ടിൽ എല്ലാവരും തിമിർപ്പിലാണ്. ആശ്വാസമായി. നാലഞ്ചു ദിവസമായി മഞ്ഞുകട്ട കണക്കു മനസ്സിൽ ഉറഞ്ഞിരുന്ന ആശങ്കകൾ എല്ലാം അലിഞ്ഞു തീർന്നു.

Also Read: Kashmir Great Lakes 3: നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം

പന്ത്രണ്ടര മണിയോടെ ഒരു മാഗി പോയിന്റിൽ എത്തി. അത്യാവശ്യം വലിയ ഒരു കടയാണ്. മെല്ലെ അകത്തു കയറി. ഇരുന്നു ഭക്ഷണം കഴിക്കാൻ ഒരു മുറിയുണ്ട്, മറ്റേ മുറി അടുക്കളയും, കടയുമാണ്. മുറി എന്ന് പറഞ്ഞാൽ പാറകൾ അടുക്കി വച്ചുണ്ടാക്കിയ ചുവർ. മേൽക്കൂര തടികൊണ്ടും, ഇല കൊണ്ടും, ഒക്കെ മറച്ചിട്ടുണ്ട്. മരത്തടികൾ കൊണ്ടുള്ള തൂണുകൾ. ഇരുട്ടും, ചൂടും നിറഞ്ഞ മുറിയിലെ അന്തരീക്ഷം പക്ഷെ സുഖകരമായി തോന്നിയില്ല. ശ്വാസം മുട്ടിച്ചു. അവിടെ മാഗി മാത്രമല്ല കൊറിക്കാനും, കുടിക്കാനും എല്ലാം ഉണ്ടായിരുന്നു. കിട്ടിയതൊക്കെ കഴിച്ചും, കുടിച്ചും ഞങ്ങൾ കുറച്ചു നേരം അവിടെ വിശ്രമിച്ചു. കയറി വരുന്നവരുടെയും, ഇറങ്ങുന്നവരുടേയും വിശ്രമ കേന്ദ്രം ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു. പതിനഞ്ചു കിലോമീറ്ററിൽ പാതിയോളം പിന്നിട്ടു എന്നാണു പ്രതീക്ഷ.

‘ഇറങ്ങി തുടങ്ങുമ്പോൾ താഴെയുള്ള ഗ്രാമമായ നരനാങിൽ നിന്നുള്ള ബഹളം നിങ്ങൾക് കേൾക്കാൻ പറ്റും. വീടുകൾ കാണാൻ പറ്റും. പക്ഷെ എത്ര നടന്നാലും ആ ഗ്രാമത്തിൽ എത്താത്തത് പോലെ ആയിരിക്കും ഇറക്കം. നിങ്ങടെ ക്ഷമ കെടും” ഇന്നത്തെ ഇറക്കത്തെ പറ്റി മാനേജർ ട്രെക്കിനു മുൻപ് പറഞ്ഞ വാക്കുകൾ ആണ്. അതെന്റെ മനസ്സിൽ ഉണ്ടെങ്കിലും അങ്ങനെ ഒരു അന്തരീക്ഷം ഈ നിമിഷം വരെ അനുഭവപെട്ടിട്ടില്ലായിരുന്നു. ഇനിയാണ് പൂരം തുടങ്ങാൻ പോകുന്നതെന്ന് മുന്നിലുള്ള വഴിയും, കുത്തിറക്കവും കണ്ടപ്പോൾ മനസിലായി. കുത്തി ഒലിച്ചു പോയ പോലെ കുഴിഞ്ഞുകിടക്കുന്ന, ആകെ താറുമാറായ വഴി. പാറക്കല്ലുകളും, മരങ്ങളുടെ വേരും, മണ്ണും പൊടിയും കൂടി കുത്തിമറിഞ്ഞു കിടക്കുന്നു. പൊടി തുപ്പി കിടക്കുന്ന ചരൽ മണ്ണ് കാണുമ്പോൾ ആണ് കൂടുതൽ പേടി തോന്നുക. ചെളിയേക്കാൾ തെന്നി വീഴിക്കാൻ കേമം ചരൽ മണ്ണാണ്. കുത്തനെ ഉള്ള ഇറക്കം കൂടി ആയതിനാൽ ഒന്ന് വീണാൽ പെട്ടെന്ന് നരനാങ്കിൽ എത്താനുള്ള സാധ്യത ഉണ്ട്.

Also Read: Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്

മാനേജരുടെ വാക്കുകൾ ശരി വയ്ക്കുന്നത് പോലെ ഒട്ടും സുഖകരമല്ലാത്ത ഇറക്കം. കാൽമുട്ടുകളുടെ രോദനം ഉയരുന്നുണ്ട്. ഞാനും കൂട്ടുകാരി പ്രിയയും മുന്നിൽ നടന്നു. താഴെ ചെന്നിട് പ്രത്യേകിച്ച് അത്യാവശ്യങ്ങളൊന്നും ഇല്ലെങ്കിലും, ഈ ഘട്ടം ഒന്ന് എളുപ്പം കഴിഞ്ഞുകിട്ടാൻ വേണ്ടിയുള്ള അക്ഷമ ഉണ്ടായിരുന്നു ഞങ്ങൾക്ക്! ഇടത്തോട്ട് പോകേണ്ട സ്ഥലത്ത് വലത്തോട്ടും, വലത്തേക്ക് പോകേണ്ട ഇടത്ത് നേരെയും ഒക്കെ നടന്നു, ഗൈഡിന്റെ ‘കണ്ണിലുണ്ണികളായി’ ഞങ്ങൾ പായുന്നുണ്ട്. വഴിതെറ്റുമ്പോൾ ഒക്കെ അശരീരി പോലെ ഗൈഡിന്റെ നിർദേശം എവിടുന്നൊക്കെയോ മുഴങ്ങി കേൾക്കാം. സിഗ് സാഗ്‌ രീതിയിലുള്ള വഴി അവഗണിച്ച്, മരങ്ങളുടെ ഇടയിലൂടെ കുത്തനെ ഒറ്റയടിക്ക് ഓടിയിറങ്ങുക ആണ് ഗൈഡ് ചെയ്യുന്നത്. അവർക്കിതൊക്കെ നിസ്സാരം!

എന്നിട്ടും, ഏകദേശം മൂന്നു മണിക്കൂറുകളോളം എടുത്തു ആ മല ഇറങ്ങി തീർക്കാൻ. നരനാങ് ഇപ്പോൾ തൊട്ടടുത്തു കാണാം. ആളും, വണ്ടികളും, വീടുകളും, കടകളും.. തവിടുപൊടി ആയി കിടക്കുന്ന വഴി ഒരു കവാടത്തിൽ ആണ് ചെന്നവസാനിക്കുന്നത്. Manasbal range Sindh Forest Division – Kashmir Great Lakes Trek-ന്റെ കവാടം.

Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

അതിനു മുൻപായി കണ്ട ഒരു വലിയ മരത്തടിയിൽ പോയി ഞങ്ങൾ വെറുതെ ഇരുന്നു. ശരീരം മുഴുവൻ, പ്രത്യേകിച്ച് കാലുകൾ വല്ലാതെ വിങ്ങി വേദനിക്കുന്നുണ്ട്. നടക്കുമ്പോൾ അതത്ര കാര്യമായി തോന്നില്ല. പക്ഷെ, ഇനി നടക്കാൻ ദൂരങ്ങളില്ലെല്ലോ. ആറ് ദിവസം ആയി നടന്നുകൊണ്ടിരുന്ന ആ വഴി ദാ.. ഇവിടെ തീരുകയാണ്.

‘ഇത്രേം ദൂരം വന്നതല്ലേ, ഇനി ഇങ്ങോട്ടു വന്നു ഈ ബാഗുകൾ കൂടി എടുത്തോളൂ’ കുതിരസംഘത്തിലെ ആളുകൾ വിളിച്ചു പറഞ്ഞു. ബാഗുകൾ ഒരു കടയിൽ കൂട്ടിയിട്ടിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടായും പിറകെ ഉള്ളവർ എത്തിച്ചേരാൻ ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.

ആ സമയം കൊണ്ട് ഞങ്ങൾ അല്പം വിശ്രമിച്ചു. നരനാഗ് ഒരു കൊച്ചു പട്ടണം ആണ്. അത്യാവശ്യം കടകളും, ഹോട്ടലുകളും ഉണ്ട്. ചെറുതായി ഒന്ന് ഫ്രഷ് ആയ ശേഷം ഭക്ഷണം കഴിച്ചു. അധികം താമസിക്കാതെ ശ്രീനഗറിലേക്കുള്ള വണ്ടികളെത്തി. ഒരിക്കൽ കൂടി മൗണ്ടൈൻ ട്രെക്കേഴ്സിനോട് യാത്ര പറഞ്ഞ് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

ഒരാഴ്ചത്തെ ഹിമാലയൻ ട്രെക്കിനു അങ്ങനെ ശുഭപര്യവസാനം. വിശ്വാസങ്ങളോ, നിയമങ്ങളോ മറ്റു മധ്യസ്ഥ ഘടകങ്ങളോ ഇല്ലാതെ ഞാൻ എന്റെ പ്രതിഫലനം എന്ന പോലെ നോക്കി നിന്ന പ്രകൃതിയുടെ ഓർമകളും, ആ ഓർമകൾ സ്വസ്ഥമാക്കുന്ന മനസ്സും ആണ് സമ്പാദ്യം. പായുന്ന ജീപ്പിലിരിക്കെ മുഖത്തേക്ക് വന്നടിച്ച പുകമണം മനംപുരട്ടൽ ജനിപ്പിച്ചു തുടങ്ങിയപ്പോൾ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്കിനിയും ഏറെ സമയം വേണ്ടി വരുമെന്നോർത്തു ഞാൻ പതുക്കെ കണ്ണുകളടച്ചിരുന്നു.

(അവസാനിച്ചു.)

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed