ശരത്കാലം കശ്മീർ (Autumn In Kashmir) താഴ്വരയെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളാൽ വർണാഭമായൊരു വിശാല കാൻവാസാക്കി മാറ്റുന്നു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സ്വർഗീയനുഭവമാണ് ഈ കാഴ്ച. സീസണിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇടമാണ് ദൽ തടാകക്കരയിലെ മുഗൾ ഗാർഡൻ. ഇലകൾ ശരത്കാല നിറങ്ങൾപൂകി നിൽക്കുന്ന ചിനാർ മരങ്ങൾ തെരുവോരങ്ങളെ പോലും പൂന്തോപ്പാക്കി മാറ്റിയിരിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും വിശ്രമം തേടുന്നവരുടേയും പ്രകൃതി സ്നേഹികളുടേയും സങ്കേതമായി ഈ സീസണിൽ കശ്മീർ മാറും. സീസൺ ആണെങ്കിലും അല്ലെങ്കിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ശക്തി കശ്മീരിനുണ്ട്. എന്നാൽ ശരത്കാലത്തിന് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വേറിട്ടതും വ്യത്യസ്തവുമായ ഒരു മനോഹാരിതയുണ്ട്.
ഹറുദ് എന്നാണ് പ്രാദേശികമായി കശ്മീരിൽ ശരത്കാലത്തെ വിളിക്കുന്നത്. ആകാശംമുട്ടി നിൽക്കുന്ന വലിയ ചിനാർ മരങ്ങളും സൂര്യപ്രകാശത്തിൽ സ്വർണം നാണയം പോലെ വെട്ടിത്തിളങ്ങുന്ന ഇലകളുള്ള അവയുടെ മെലിഞ്ഞ ശിഖിരങ്ങളും ഈ സീസണിൽ കശ്മീർ താഴ്വരയെ ഒന്നാകെ മനോഹരമാക്കുന്നു. പൂന്തോട്ടങ്ങൾക്ക് അധികകാന്തി നൽകുന്നതിലും ഈ ചൈനീസ് മരങ്ങൾക്ക് വലിയ പങ്കുണ്ട്. കശ്മീരിൽ ഏറ്റവും മികച്ച ഫോട്ടോ അവസരങ്ങൾ ലഭിക്കുന്ന കാലമാണ് ശരത്കാലം. ഈ സമയത്ത് മുഗൾ ഗാർഡൻസിലെ നിഷാത്ത്, ഷാലിമാർ തോപ്പുകൾക്ക് ചിനാർ മരങ്ങളും അവയുടെ മാപ്പിൾ ഇലകളും ഒരു സവിശേഷ സൗന്ദര്യം തന്നെ നല്‍കുന്നു. സീസൺ ആരംഭിച്ചതോടെ കശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ കശ്മീരിൽ സന്ദർശിക്കേണ്ട 8 പ്രധാന ഇടങ്ങളെ കുറിച്ചറിയാം.
നസീം ബാഗ് കശ്മീർ യൂനിവേഴ്സിറ്റി കാമ്പസ്
ദൽ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കാശ്മീർ യൂണിവേഴ്സിറ്റി കാമ്പസിലെ നസീം ബാഗ് ശരത്കാല പ്രേമികളുടെ പ്രിയ ഇടമാണ്. ആയിരക്കണക്കിന് ചിനാർ മരങ്ങളുള്ള ഇവിടം തീർച്ചയായും അതിമനോഹരവും പ്രശാന്ത സുന്ദരവുമായ ഇടങ്ങളിലൊന്നാണ്. ശരത്കാല സീസണിൽ ഈ പൂന്തോപ്പിന്റെ പ്രൗഢിയെ വെല്ലാൻ മറ്റൊന്നുമില്ല. വിശാലമായ പുൽത്തകിടിയും നടപ്പാതകളിൽ വീണുകിടക്കുന്ന ഉണങ്ങിയ മാപ്പിൾ ഇലകളും പശ്ചാത്തലത്തിലെ പച്ച കെട്ടിടങ്ങളും നമ്മുടെ ഭാവനയിൽ ഏറെ കാലം ബാക്കിയാകുന്ന മനോഹരമായ കാഴ്ചയാണ്. എല്ലാം ചേർന്ന് ഒരു മാസ്മരിക ആംബിയൻസാണ് ഇവിടെ സഞ്ചാരികൾക്ക് ലഭിക്കുക.
ഷാലിമാർ ഗാർഡൻ
എല്ലാ കാലത്തും അതിമനോഹരമായി നിലകൊള്ളുന്ന മുഗൾ ഗാർഡൻസിലെ ഷാലിമാർ ഗാർഡന്റെ (Shalimar Garden) മനോഹാരിത ശരത്കാല നിറങ്ങളിൽ ഒരു ഫ്രെയിം പോലെ മാന്ത്രിക കാഴ്ചയാണ്. തെളിഞ്ഞതും തണുപ്പുള്ളതുമായ ശരത്കാല ദിനങ്ങൾ ചിലവിടാൻ ഇതിലും മികച്ച മറ്റൊരിടമില്ല. ഇവിടെയും ചിനാർ മരങ്ങളുടെ നീണ്ട നിര കാണാം. മാപ്പിൽ ഇലകൾ കാർപെറ്റ് വിരിച്ച നടപ്പാതകളും. ശരത്കാല പ്രകൃതിഭംഗി ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മുഗൾ ഗാർഡനിലെത്തുന്നത് വെറുതെയല്ല.
ദൽ തടാകം
ദൽ തടാകത്തിന്റെ കാവ്യഭംഗിയെക്കുറിച്ച് കേൾക്കാത്തവരായി ആരുണ്ട്? കാശ്മീരിന്റെ കിരീടത്തിലെ രത്‌നം എന്നറിയപ്പെടുന്ന മനോഹരമായ തടാകം ശരത്കാലത്തിലാണ് ഏവരേയും ആകർഷിക്കുന്നത്. തടാകത്തിനു അതിരിടുന്ന വിശാലമായ നടപ്പാതയിലേക്ക് കാലെടുത്തുവച്ചാൽ ആ അന്തരീക്ഷത്തിലെ മാന്ത്രികത നിങ്ങൾക്ക് അനുഭവപ്പെടും. ഓളപ്പരപ്പിലേക്ക് വീണു കിടക്കുന്ന മാപ്പിൽ ഇലകളും വിനോദ സഞ്ചാരികളെ കാത്തു കഴിയുന്നതും അല്ലാത്തതുമായ ശിക്കാരകളും ആയിരം വർണങ്ങളിൽ തിളങ്ങുന്ന ആകാശവും വല്ലാത്തൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് നൽകുക.
ചാർ ചിനാർ
ദൽ തടാകത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു തുരുത്താണ് ചാർ ചിനാർ. നാലു ഭാഗത്തും നാലു കൂറ്റൻ ചിനാർ മരങ്ങളാണ് ഈ തുരുത്തിന്റെ പ്രത്യേകത. ഈ തുരുത്തിൽ നിന്ന് തടാകം അതിരിടുന്ന കശ്മീർ താഴ്വവരുടെ വേറിട്ടൊരു ശരത്കാല കാഴ്ച കാണാം.
ദച്ചിഗാം നാഷനൽ പാർക്ക്
താഴ്വരയിലെ മറ്റിടങ്ങളെ പോലെ തന്നെ ശരത്കാലത്ത് വേറിട്ട കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന വന്യജീവി സങ്കേതമാണ് ദച്ചിഗം നാഷനൽ പാർക്ക്. ആപ്പിൾ, വൈൽഡ് ചെറി, ഓക്ക്, ചെസ്റ്റ്നട്ട്, പൈൻ, ചിനാർ മരങ്ങളാൽ സമൃദ്ധമായ ഈ ദേശീയോദ്യാനം ഇലപൊഴിയും കാലത്ത് സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. വനത്തിലൂടെ നടന്ന് കാടിന്റെ എല്ലാം എക്സ്പ്ലോർ ചെയ്യാം. വയസ്സൻ മരങ്ങൾ മുതൽ പക്ഷികൾ, കാട്ടുപൂക്കൾ, ഹംഗുൽ (കാശ്മീരി മാൻ) വരെ ദച്ചിഗാം നാഷണൽ പാർക്കിൽ കാണാം.
ചിനാർ ബാഗ്
ചിനാർ മരങ്ങളുടെ വന്യ സൗന്ദര്യര്യം ശരത്കാലത്ത് ശരിക്കും ആസ്വദിക്കാവുന്ന ഇടമാണ് ചിനാല്‍ തോപ്പ് അഥവാ ചിനാര്‍ ബാഗ്. ശരത്കാലം ഈ പാർക്കിന്റെ മാസ്മരിക സൗന്ദര്യം പൂർണമായും ആസ്വാദ്യകരമാക്കുന്നു. ഭീമാകാരമായ ചിനാർ മരങ്ങൾ, മരപ്പാലങ്ങൾ, ഓരംചേർന്ന് ഒഴുകുന്ന ഝലം നദി, വേലിക്കരികിൽ നിശബ്ദമായി വിശ്രമിക്കുന്ന ഹൗസ്ബോട്ടുകൾ എല്ലാം ചേർന്ന് മനോഹരമായ കാഴ്ചാ വിരുന്നൊരുക്കുന്നു.