മുംബൈ. ഒറ്റ വിസയില്‍ 900 ദിവസം ദുബായില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പുതിയ ടൂറിസ്റ്റ് വിസ ഇന്ത്യക്കാര്‍ക്കായി ദുബായ് സര്‍ക്കാര്‍ അവതരിപ്പിച്ചു എന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിവിധ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ പല വസ്തുതകളും വിട്ടു പോയിട്ടുണ്ട്. ഒറ്റ വിസയില്‍ ദുബായില്‍ 900 ദിവസം തങ്ങാം. എന്നാല്‍ ചില വ്യവസ്ഥകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം. ദുബായ് സര്‍ക്കാരിന്റെ സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പ് 2021ല്‍ അവതരിപ്പിച്ച അഞ്ചു വര്‍ഷ വിസയാണ് (5 year multiple entry visa) ഈ വാര്‍ത്തകളില്‍ പരാമര്‍ശിച്ച വിസ. ഇതൊരു പുതിയ പദ്ധതിയോ പുതിയ വിസയോ അല്ല. ഇത് ഇന്ത്യക്കാര്‍ക്ക് മാത്രമായി ഉള്ളതുമല്ല. യോഗ്യരായ ഏതു അപേക്ഷകര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ലഭിക്കും.
അപേക്ഷ വിജയകരമായി സമര്‍പ്പിച്ചാല്‍ രണ്ടു മുതല്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഈ അഞ്ചു വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കും. അഞ്ചു വര്‍ഷം വിസയുടെ കാലാവധിയാണ്. എന്നാല്‍ ഇത്രയും കാലം ഈ വിസ ഉപയോഗിച്ച് രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല. 90 ദിവസം വരെയാണ് ദുബായില്‍ തങ്ങാന്‍ കഴിയുക. ഈ കാലവധി അവസാനിച്ചാല്‍ വീണ്ടും 90 ദിവസത്തേക്കു കൂടി കാലാവധി ദീര്‍ഘിപ്പിക്കാം. ആകെ ഒരു വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമെ ഈ വിസയില്‍ ദുബായില്‍ തങ്ങാന്‍ കഴിയൂ. ഇങ്ങനെ അഞ്ചു വര്‍ഷത്തില്‍ 900 ദിവസം വരെ ദുബായില്‍ തങ്ങാം.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി Dubai Department of Economy and Tourism ഈ ആഴ്ചയില്‍ മുംബൈയില്‍ ഒരു ട്രാവല്‍ എക്‌സ്‌പോ സംഘടിപ്പിച്ചിരുന്നു. ഈ എക്‌സ്‌പോയില്‍ പ്രധാനമായും ദുബായ് ടൂറിസം വകുപ്പ് പ്രചാരണം നല്‍കിയത് ഈ അഞ്ചു വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ വിസയ്ക്കായി ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വന്നത് ഇന്ത്യയില്‍ നിന്നായിരുന്നു എന്ന് ദുബായി ടൂറിസം വകുപ്പ് റീജനല്‍ ഹെഡ് ആയ ബദര്‍ അലി ഹബീബ് പറയുന്നു. വിനോദ യാത്ര, ബിസിനസ് യാത്ര, കുടുംബത്തേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാനുള്ള യാത്ര തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിസയാണിത്. അതുകൊണ്ട് തന്നെ ഈ വിസയ്ക്ക് ആവശ്യക്കാരും ഏറെയാണ്.
ഈ വിസ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പുതിയൊരു അനുഭവമാകുന്നതിനൊപ്പം ഇന്ത്യയുമായുള്ള പരമ്പരാഗതമായ ഊഷ്മള ബന്ധവും സാമ്പത്തിക സഹകരണവും കൂടുതല്‍ ദൃഢപ്പെടുത്താനും സഹായകമാകുമെന്ന് ബദര്‍ അല്‍ ഹബീബ് ചൂണ്ടിക്കാട്ടുന്നു.