റിയാദ്. തൊഴിൽ, ടൂറിസം, ബിസിനസ്, ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നടപടികൾക്കുമായി സൗദി അറേബ്യ KSA VISA എന്ന പേരിൽ പുതിയ ഏകീകൃത വിസ സംവിധാനം ദിവസങ്ങൾക്കു മുമ്പാണ് അവതരിപ്പിച്ചത്. വിസ അപേക്ഷ നടപടികളും പ്രൊസസിങും പൂർണമായും ഇനി ഈ പുതിയ ദേശീയ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക
30ലേറെ മന്ത്രാലയങ്ങളേയും ഔദ്യോഗിക അധികാര കേന്ദ്രങ്ങളേയും സ്വകാര്യ മേഖലയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളേയും സംയോജിപ്പിച്ചുള്ള ഈ പുതിയ പ്ലാറ്റ്ഫോം വിസ നടപടികൾ കാര്യക്ഷമമാക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ്. ലഭ്യമായ വിസകൾ അറിയാൻ നിർമിത ബുദ്ധി (AI) സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നതാണ് ഈ നൂതന സംവിധാനം. ഇതൊരു കേന്ദ്രീകൃത സ്മാർട് സെർച്ച് എഞ്ചിനാണ്. വിസ അപേക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് അറിയേണ്ടതെല്ലാം ഒരു യൂസർക്ക് ഇതുവഴി വിശദമായി ലഭിക്കും. വിസകൾ സംബന്ധിച്ച മികച്ചൊരു സ്മാർട് ഗൈഡായിരിക്കും ഇത്.
രാജ്യത്തേക്ക് കൂടുതൽ വിദേശ ടൂറിസ്റ്റുകളേയും സന്ദർശകരേയും ആകർഷിക്കുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഇന്ത്യക്കാർക്കായി, പ്രത്യേകിച്ച് ഒറ്റയ്ക്ക് ഉംറ നിർവഹിക്കാൻ പോകുന്ന വനിതകൾക്കായി പ്രത്യേക സംവിധാനങ്ങളും സൗദി ഒരുക്കുന്നുണ്ട്. ഉംറ വിസയുടെ കാലാവധി 90 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. വർധിച്ചു വരുന്ന ഇന്ത്യൻ തീർത്ഥാടകരുടെ വർധന കണക്കിലെടുത്ത് നാലു ദിവസ ട്രാൻസിറ്റ് വിസയും സൗദി അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്ന് 20 ലക്ഷം പേർ ഹജ്ജ് തീർത്ഥാടനത്തിന് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.