Stay Away: ഒരു നാടിന്റെ അല്ലെങ്കില്‍ നഗരത്തിന്റെ വളര്‍ച്ചയും വികസനവും പുരോഗതിയും ചരിത്ര പാരമ്പര്യവുമെല്ലാം ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്. ഇങ്ങനെ വിനോദ സഞ്ചാരികള്‍ നിരന്തരം യാത്ര ചെയ്ത് കണ്ടും അനുഭവിച്ചും അത് മാലോകരോട് വിളിച്ചു പറഞ്ഞുമാണ് ലോകത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വളര്‍ന്നിട്ടുള്ളത്. ഇങ്ങനെ വളര്‍ച്ച നേടിയതും സമ്പന്ന ചരിത്ര പാരമ്പര്യവും പെരുമയും അതിലുപരി വലിയൊരു ടൂറിസം കേന്ദ്രം കൂടിയായ നഗരം ടൂറിസ്റ്റുകളോട് ഇങ്ങോട്ട് കേറി വരേണ്ട എന്നു പറഞ്ഞാലോ? എന്നാല്‍ അങ്ങനേയും സംഭവിക്കുന്നുണ്ട്. അതും വലിയ ഉന്നത സംസ്കാരത്തിന്റെ വീമ്പിളിക്കുന്ന പാശ്ചാത്യ ലോകത്ത്. ഡച്ചുകാരാണവര്. നെതർലാന്‍ഡ്സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാം ആണ് അലമ്പുണ്ടാക്കുന്ന (nuisance tourism) ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് ഇങ്ങോട്ട് കേറി വരേണ്ട എന്ന് പച്ചയ്ക്ക് പറഞ്ഞത്.
മദ്യവും മദിരാക്ഷിയും മയക്കുമരുന്നും തുടങ്ങി എന്തും സുലഭമായ ആംസ്റ്റര്‍ഡാമില്‍ അലമ്പ് ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ. സ്വാതന്ത്ര്യം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ അരാചകത്വം തലപൊക്കുന്നത് സ്വാഭാവികം. ഇവിടെ അത്രയെ സംഭവിച്ചുള്ളൂ. ബ്രിട്ടീഷ് യുവതീ യുവാക്കള്‍ ഇവിടെ വന്ന് കഞ്ചാവും മയക്കുമരുന്നുമടിച്ച് തെരുവില്‍ അലമ്പുണ്ടാക്കിയതാണ് പ്രശ്നം. ഇതോടെ ബ്രിട്ടീഷ് യുവാക്കളെ.. നിങ്ങള്‍ മാറി നില്ക്കൂ എന്ന പേരില്‍ മാസങ്ങള്‍ നീണ്ട ഒരു ക്യാമ്പയിന് തന്നെ ആംസ്റ്റര്‍ഡാം ഭരണകൂടം നടത്തി.
18നും 35നുമിടയില്‍ പ്രായമുള്ള ബ്രിട്ടീഷുകാരെ ഉന്നമിട്ടായിരുന്നു ആംസ്റ്റര്‍ഡാം മുനിസിപാലിറ്റി ഓണ്‍ലൈന്‍ പരസ്യ ക്യാമ്പയിന് നടത്തിയത്. ബാച്ചിലര്‍ പാര്‍ടി, കഞ്ചാവ് പാര്‍ടി, സ്ട്രിപ് പരിപാടി, ചീപ് ഹോട്ടല്‍ എന്നൊക്കെ സെര്‍ച്ച് ചെയ്യുന്ന ബ്രിട്ടീഷ് യുവാക്കളുടെ സ്ക്രീനുകളിലെല്ലാം ഇത്തരം കലാപരിപാടികള്‍ക്ക് ഇങ്ങോട്ട് വരേണ്ട എന്ന പരസ്യമാണ് പ്രത്യക്ഷപ്പെടുന്നത്. അലമ്പുണ്ടാക്കി പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസും 140 യൂറോ പിഴയും ഇതിനു പുറമെ സ്ഥിരം ആരോഗ്യപ്രശ്നവും ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
2023 ആദ്യത്തിലാണ് ഇത്തരമൊരു പ്രചരണത്തിന് മുനിസിപ്പാലിറ്റി തുടക്കമിട്ടത്. ഇതിനെതിരെ പ്രമുഖ ഡച്ചുകാര്‍ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള കണക്കുകള്‍ പറയുന്നത് ഈ ക്യാമ്പയിന് കൊണ്ട് ഫലമുണ്ടായി എന്നാണ്. 2019നും 2023നുമിടയില്‍ ബ്രിട്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാന സര്‍വീസുകള്‍ 22 ശതമാനം കുറഞ്ഞുവെന്നാണ് അയാട്ടയുടെ കണക്കുകള്‍. ഈ കുറവില്‍ ഈ ക്യാമ്പയിനും ഒരു പങ്കുണ്ടാകാമെന്ന് ട്രാവല്‍ അനലിസ്റ്റ് ഏജന്‍സിയായ ഫോര്വാഡ്കീസിനെ ഉദ്ധരിച്ച് ദി ഗാര്ഡിയന് റിപോര്‍ട്ട് ചെയ്യുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാരില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് എന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ കണക്കുകള്‍ വച്ച് ആംസ്റ്റര്‍ഡാം മുനിസിപാലിറ്റിയും പറയുന്നു.
മാത്രമല്ല, അടിച്ചുപൊളി പാര്‍ട്ടിക്കാരുടെ അലമ്പുകളും ഒച്ചപ്പാടും വാളുവെക്കലുമെല്ലാം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ആംസ്റ്റര്ഡാമുകാരും പറയുന്നു. കോവിഡ് കാലത്ത് എല്ലാം നിലച്ചിരുന്നു. അതി ശേഷം പൂര്‍വ്വാധികം ശക്തിയോടെ ഇതെല്ലാം തിരിച്ചെത്തി. ഇതിനു ശേഷമാണ് ഇങ്ങോട്ട് വരേണ്ട എന്ന പ്രചാരണം തുടങ്ങിയത്. ഇതോടെ അല്‍പ്പം കുറവുണ്ടായതായി നഗരത്തിലെ ഒരു ഡച്ചുകാരനെ ഉദ്ധരിച്ച് ഗാര്ഡിയന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് യുവക്കളാണ് കൂടുതലായും സംഘമായി എത്തുന്നത്. പലപ്പോഴും വെള്ളമടിച്ച് അലമ്പുണ്ടാക്കുന്നു. ഇംഗ്ലീഷുകാരും ഐറിഷുകാരും അതിരാവിലെ തന്നെ കുടി തുടങ്ങും. ആംസ്റ്റര്‍ഡാമിലേക്ക് എല്ലാവര്ക്കും സ്വാഗതമാണ്. പക്ഷെ മോശം പെരുമാറ്റക്കാരുടെ കളിസ്ഥലമല്ല ഇത്, ബെര്‍റ്റ് നാപ് എന്ന ആംസ്റ്റര്ഡാംകാരന് പറയുന്നു.
വസന്തകാല സീസണില്‍ ചുവന്ന തെരുവുകളിലെ ബാറുകളും ബ്രോത്തലുകളും നേരത്തെ അടപ്പിച്ചും തെരുവുകളിൽ കഞ്ചാവ് വലി നിരോധിച്ചും ആംസ്റ്റര്ഡാനം മുനിസിപ്പാലിറ്റി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇത് ബ്രിട്ടീഷുകാരെ മാത്രം ഉദ്ദേശിച്ചല്ലെന്നും അധികൃതര്‍ പറയുന്നുണ്ട്. അതുകൊണ്ട് സമ്മര്‍ സീസണില്‍, തെരുവില്‍ കഞ്ചാവ് വലിച്ചതിന്റെ പേരില്‍ ഒരു ടൂറിസ്റ്റിനും പിഴയടക്കേണ്ടി വന്നിട്ടില്ല. തെരുവില്‍ പൊലീസ് സാന്നിധ്യവും ശക്തിപ്പെടുത്തിയിരുന്നു. മാറ്റം കണ്ടു തുടങ്ങിയതോടെ ഈ ക്യാമ്പയിൻ തുടരാനാണ് അധികൃതരുടെ പ്ലാൻ.