വൈത്തിരി. വൈത്തിരി പുഴയിൽ ബോട്ടുസവാരിയുമായി ‘വൈത്തിരി റിവർ ടൂറിസം’ ഡെസ്റ്റിനേഷൻ പ്രോജക്ടിന്റെ പ്രാഥമികനടപടികൾ തുടങ്ങി. പന്ത്രണ്ടാം പാലം ചെക്ക്ഡാം മുതൽ കുന്നത്തുപാലം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം ബോട്ടുസവാരി ഒരുക്കുന്നതാണ് വൈത്തിരി റിവർ ടൂറിസം പദ്ധതി. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതി പ്രകാരം 50 ലക്ഷം രൂപയും വൈത്തിരി പഞ്ചായത്തിന്റെ തനതുഫണ്ടായ 30 ലക്ഷം രൂപയും ചെലവഴിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 18 മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കണം.
ബോട്ടു സവാരിക്കായി 12-ാം പാലം ചെക്ക്ഡാമിന് സമീപമാണ് ബോട്ടുജെട്ടി നിർമിക്കുക. ബോട്ടുസവാരി തുടങ്ങിയ ശേഷം രണ്ടാം ഘട്ടത്തിൽ ചിൽഡ്രൻസ് പാർക്ക്, ലൈറ്റ് പാർക്ക്, തൂക്കുപാലം എന്നിവകൂടി നിർമിച്ച് പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. അങ്ങനെയാവുമ്പോൾ ഒന്നരക്കോടി രൂപയോളം ചെലവുവരുന്ന പ്രോജക്ടായി വൈത്തിരി റിവർ ടൂറിസം മാറും.
നാല് പേർക്ക് സഞ്ചരിക്കാവുന്ന ആറ് പെഡൽ ബോട്ടുകളും രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന നാല് പെഡൽ ബോട്ടുകളുമാണ് പുഴയിൽ ഇറക്കുക.