VIETNAM ഗറില്ലകളോടൊപ്പം കൊലനിലങ്ങളിലൂടെ

✍🏻 വിമൽ കോട്ടയ്ക്കൽ

ത്രസിപ്പിക്കുന്ന ഒരു പോരാട്ട ചരിത്രമുണ്ട് വിയറ്റ്നാം (Vietnam) ജനതക്ക്. അത് എത്ര പറഞ്ഞാലും തീരുകയുമില്ല. അവരുടെ സഹനത്തിൻ്റെ, അവർ നടത്തിയ സംഹാരത്തിൻ്റെ കഥ ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ സമര പോരാളികൾക്ക് പ്രചോദനമാണ്. ചോര തിളപ്പിക്കുന്ന, ചിലപ്പോൾ മരവിപ്പിക്കുന്ന ആ കഥകളെല്ലാം വരും തലമുറകൾക്കായി അവർ തേച്ചുമിനുക്കി വെച്ചിട്ടുണ്ട്. അതിലൊന്നാണ് കൂച്ചി ടണൽ. ഏറ്റവുമധികം യുദ്ധങ്ങളും അധിനിവേശങ്ങളും നേരിടേണ്ടി വന്ന ഒരു ജനതയാണിവർ. മംഗോളിയർ, ചൈനക്കാർ, ജപ്പാൻകാർ, ഫ്രഞ്ചുകാർ, അമേരിക്കക്കാർ എന്നിവരെല്ലാം വിയറ്റ്നാമിൽ അധിനിവേശം നടത്തി. ഇതിൽ അമേരിക്കയുമായുള്ള യുദ്ധം 1959 മുതൽ 75 വരെ നീണ്ടു നിന്നു. ഇതാണ് കുപ്രസിദ്ധമായ വിയറ്റ്നാം യുദ്ധം (Vietnam War) എന്നറിയപ്പെട്ടത്. ലോകപ്പോലീസായ അമേരിക്ക അന്ന് അവരുടെ കൈയിലുണ്ടായിരുന്ന സകലമാന ആയുധങ്ങളും ഉപയോഗിച്ച് നേരിട്ടിട്ടും വിയറ്റ്നാമി ഒളിപ്പോരാളികളുടെ (Guerilla warfare) വീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്ത് മടങ്ങേണ്ടി വന്നു. ഒരു പക്ഷേ അമേരിക്കയുടെ ആദ്യ യുദ്ധ പരാജയം ഇതായിരിക്കും.

ഗറില്ലകളെ നേരിടാൻ അമേരിക്ക നടത്തിയത് ചരിത്രത്തിലെ ഏറ്റവും നീചമായ ആക്രമണമായിരുന്നു. അവരെ പട്ടിണിക്കിടാൻ ആയിരക്കണക്കിന് ഏക്കർ പാടങ്ങളും, കാട്ടിൽ നിന്ന് പുറത്തിറക്കാൻ ഹെക്ടർ കണക്കിന് കാടും ‘ഏജൻ്റ് ഓറഞ്ച് ‘ (ഡയോക്സിൻ) എന്ന മാരകമായ വിഷം തളിച്ച് നശിപ്പിച്ചു. അതിൻ്റെ ഫലമായി ആയിരങ്ങൾ മരിച്ചു. പതിനായിരങ്ങൾ മാരക രോഗത്തിനിരയായി. ഇപ്പോഴും ഗുരുതരമായ ജനിതകരോഗങ്ങൾ ബാധിച്ച് കുഞ്ഞുങ്ങൾ ജനിക്കുന്നു. കണ്ണില്ലാതെ, കാതില്ലാതെ, അവയവങ്ങളില്ലാതെ, വികൃതമായി.

ഗറില്ലകൾക്ക് മുന്നിൽ പതറി അമേരിക്ക

ഒരു വൻ ശക്തിക്കെതിരേ അസാമാന്യമായ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു ഗറില്ലകളുടെ പോരാട്ടം. കാടുകളും പാടങ്ങളും നശിച്ചപ്പോഴും അവർ ഭൂമിക്കടിയിൽ ടണലുകൾ തീർത്ത് ഒളിയുദ്ധം നടത്തി. മൂന്നു മീറ്ററോളം താഴെക്കൂടെ പോകുന്നവയും അതിനു താഴെക്കൂടി പോകുന്നവയും അതിനേക്കാൾ താഴേക്കൂടി പോകുന്നതുമായ മൂന്നു തരം ടണലുകളാണ് നിർമിച്ചത്. ചില ടണലുകൾ അയൽ രാജ്യമായ കമ്പോഡിയയിലേക്ക് പോലും നീണ്ടിരുന്നതായി പറയുന്നു. ഒരാൾക്ക് കഷ്ടിച്ച് കുഴിയിലേക്കിറങ്ങി കുനിഞ്ഞ് ഇഴഞ്ഞു പോകണം. പല സ്ഥലങ്ങളിൽ നിന്നായി ടണലിലേക്ക് ഇത്തരം പ്രവേശന ദ്വാരങ്ങളുണ്ട്. അവ ചെറിയ മരപ്പലക വെച്ച് അടച്ച് അതിനു മുകളിൽ ചപ്പിലകൾ ഇടും. ഒരുതരത്തിലും കണ്ടു പിടിക്കാനാവില്ല. പല ഭാഗങ്ങളിലേക്ക് നീളുന്ന ടണലിൻ്റെ മാപ്പ് ഉണ്ടാക്കിയിരുന്നില്ല. അബദ്ധത്തിലെങ്ങാനും ശത്രുക്കളുടെ കയ്യിൽ കിട്ടിയാലോ എന്ന് ഭയന്നാണിത്. ഓരോ ഗറില്ലയും ഇതെല്ലാം ഓർത്തിരിക്കണം. കാട്ടിൽ സഞ്ചരിക്കുന്ന ഗറില്ലക്ക് പച്ചയും രാത്രി മാത്രം സഞ്ചരിക്കുന്നവർക്ക് കറുപ്പുമായിരുന്നു വേഷം.

Also Read ഹാനോയ് നഗരത്തിൽ ബൈക്കിലൊരു പ്രദക്ഷിണം

ടണലിലേക്കുള്ള വായു പ്രവാഹത്തിനായി ചിലയിടങ്ങളിൽ ഉറുമ്പിൻ പുറ്റുകൾ പോലെ മൺകൂനകൾ ഉണ്ടാക്കി വെക്കും. അതിൽ പാമ്പിൻ മാളങ്ങൾ പോലെ ചില സുഷിരങ്ങൾ ഇടും. ചിലയിടങ്ങളിൽ മണ്ണിൽ നീളത്തിൽ മുള സ്ഥാപിച്ച് അതിനുള്ളിലൂടെ വായു കടക്കാൻ വഴിയൊരുക്കും. മൺപുറ്റുകൾക്ക് മുകളിൽ മുളകിൻ്റേയും കുരുമുളകിൻ്റേയും പൊടി വിതറും.ഇത് അമേരിക്കൻ പട്ടാളക്കാരുടെ നായ്ക്കൾ മണം പിടിച്ച് കണ്ടെത്താതിരിക്കാനാണ്. 3000 ജർമൻ ഷെപ്പേഡ് നായ്ക്കളെയാണ് ഗറില്ലകളെ കണ്ടു പിടിക്കാനായി അമേരിക്ക ഇറക്കിയിരുന്നതത്രെ! മാത്രമല്ല, ഒളിച്ചിരുന്ന് കൊല്ലുന്ന അമേരിക്കൻ പട്ടാളക്കാരുടെ മൃതദേഹത്തിലെ ചെറിയ അവശിഷ്ടങ്ങളും ഇത്തരം പുറ്റിന് പരിസരത്ത് വിതറും. അതും നായ്ക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കും. പാചകം ചെയ്യുമ്പോൾ പുക പുറത്തു പോകാൻ പ്രത്യേകം ചിമ്മിനികൾ ടണലുകളിൽ നിർമിച്ചു. ഒരു ഭാഗത്ത് പാചകം നടക്കും, വേറൊരു ഭാഗത്ത് പുക പല വഴികളിലൂടെ പുറത്തു പോകും. പുലർച്ചെ മാത്രമേ പാചകം ചെയ്യുമായിരുന്നുള്ളൂ. നന്നായി മഞ്ഞിറങ്ങുന്ന സമയമായതിനാൽ പുക തിരിച്ചറിയാൻ കഴിയില്ലെന്നതാണ് കാരണം.

മുളകൾ കൂർപ്പിച്ച് നിർമിച്ച പലതരം കെണികൾ കൂച്ചി ടണലിന് സമീപം അവർ നിർമിച്ചിരുന്നു. ചവിട്ടിപ്പോയാൽ രക്ഷപ്പെടാവാത്ത വിധം മാരകമായി മുറിവേൽക്കുന്ന തരം സാങ്കേതിക വിദ്യകളാണ് അതിൽ ഉപയോഗിച്ചിരുന്നത്. അവയെല്ലാം ഇന്ന് പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ചെരിപ്പ് പോലുമില്ലാത്ത ഗറില്ലകൾ അമേരിക്കൻ പട്ടാളക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന വസ്തുക്കൾ പുനരുത്പാദനം നടത്തിയാണ് ഉപയോഗിച്ചിരുന്നത്. ടയറുകൾ കീറി ചെരിപ്പുണ്ടാക്കി. ഇടതുകാലിലെ ചെരിപ്പിൻ്റെ മുൻഭാഗം ചെറുതാക്കുമ്പോൾ വലതുകാൽ ചെരിപ്പിൻ്റെ പിൻഭാഗം ചെറുതാക്കി വെക്കും. ഇതിട്ട് നടന്നാൽ ഒരു വ്യക്തി എങ്ങോട്ട് നടന്നു എന്ന് തിരിച്ചറിയാനാവില്ല. പൊട്ടാതെ വീണ ഷെല്ലുകളിൽ നിന്ന് വെടിമരുന്നു ശേഖരിച്ച് ബോംബുകളുണ്ടാക്കി. മറ്റ് ഇരുമ്പു സാധനങ്ങൾ കൊണ്ട് ആയുധങ്ങളുണ്ടാക്കി. ആദിവാസികളുടെ സഹായം ഗറില്ലകൾക്ക് ലഭിച്ചിരുന്നു.

Also Read മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും

വാർ മ്യൂസിയം; മറ്റൊരു പ്രതികാരം

അമേരിക്കയടക്കം തങ്ങളോട് നടത്തിയ സംഹാരത്തിൻ്റെ നേർ ചിത്രങ്ങൾ പുതിയ ലോകത്തെ ഓർമിപ്പിക്കാൻ ഹോ ചി മിൻ സിറ്റിയിൽ അവർ വമ്പൻ വാർ മ്യൂസിയം പണിതു. ദുരന്തങ്ങളുടെ അവശിഷ്ടങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് പ്രദർശിപ്പിച്ചു. ഇത് കാണുന്ന ഒരു അമേരിക്കക്കാരന് പോലും സ്വന്തം രാജ്യം അന്ന് നടത്തിയ ഈ ക്രൂരതയോട് അടങ്ങാത്ത അമർഷം തോന്നുക തന്നെ ചെയ്യും. ഒരു പാട് അധിനിവേശങ്ങൾക്കും യുദ്ധങ്ങൾക്കും ഇരയാ വേണ്ടി വന്ന ഇന്ത്യക്ക് ഇതുപോലൊരു കേന്ദ്രീകൃത വാർ മ്യൂസിയത്തിന് സാധ്യത ഏറെയാണ്.

ബി-52 വിമാനങ്ങൾ ഉപയോഗിച്ച്‌ രാജ്യത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളേയും തകർക്കുകയായിരുന്നു. യുദ്ധത്തിൽ പരിക്കേറ്റ, ടിം പേജ്, ഹോസ്റ്റ് ഫാസ് എന്നീ രണ്ട് പത്ര ഫോട്ടോഗ്രാഫർമാരുടെ ആശയമായിരുന്നു യുദ്ധവിനാശത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയെന്നത്. യുദ്ധത്തിൽ മരിച്ചു പോയ 72 വിയറ്റ്നാമി ഫോട്ടോഗ്രാഫർമാരുടേതടക്കം 133 പേരിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചത് ഈ മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചോരയും വെടിമരുന്നും മണക്കുന്ന ഈ ചിത്രങ്ങൾ തന്നെ യുദ്ധത്തിൻ്റെ കഥ പറയും. യുദ്ധത്തിനുപയോഗിച്ച ആയുധങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, വിമാനങ്ങൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ട്. ഏജൻ്റ് ഓറഞ്ചിൻ്റെ ബലിയാടുകളുടെ ചിത്രങ്ങൾ നമ്മുടെ നെഞ്ച് നീറ്റും. വിഷം നശിപ്പിച്ച പച്ചപ്പുകളെ വിയറ്റ്നാമികൾ പിന്നീട് തിരിച്ചുപിടിച്ചു. കാർഷിക സമ്പത്തിനേയും വീണ്ടെടുത്തു.

പറഞ്ഞാലും തീരാത്ത രാവുത്സവ വിശേഷങ്ങൾ

ഹാനോയിയിൽ നിന്ന് രാവിലെ 11 ഓടെയാണ് ഞങ്ങൾ ഹോ ചി മിൻ സിറ്റി വിമാനത്താവളത്തിലെത്തിയത്. കെട്ടിടങ്ങൾ അത്ര ആകർഷകമൊന്നുമല്ലെങ്കിലും റൺവേയും പാർക്കിങ് ഗ്രൗണ്ടുമെല്ലാം അതിവിശാലമാണ്. പേരെഴുതിയ ബോർഡുമായി ഞങ്ങളെ കാത്ത് ഡ്രൈവർ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ആ വാഹനത്തിൽ സിറ്റിയിലെ സൺറൈസ് ഹോട്ടലിലെത്തി. സാമാന്യം വലിയ ഹോട്ടലാണ്. ഹാനോയിയേക്കാൾ വമ്പൻ നഗരമാണിത്. രാത്രിയായാൽ ഒരു യൂറോപ്യൻ രാജ്യത്തിൻ്റെ എല്ലാ പ്രൗഢിയും തികഞ്ഞ കാഴ്ച്ചകൾ. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിധാനങ്ങൾ, ആകാശത്തേക്ക് തലയുയർത്തിയ കെട്ടിടങ്ങൾ, വിശാലമായ റോഡുകൾ അങ്ങനെ…

Also Read വിയറ്റ്നാം: കൃശഗാത്രിയാം സുന്ദരി

ഹോ ചി മിൻസിറ്റിയിലെ രാത്രിജീവിതം തേടി ഞങ്ങൾ നടന്ന് ‘ബുയി വെയിൻ’ സ്ട്രീറ്റിലെത്തി. വാക്കിങ് സ്ട്രീറ്റ് എന്നും അറിയപ്പെടും. രാത്രി എട്ടോടെ ആ നീണ്ട തെരുവിൻ്റെ ഇരു പ്രവേശന കവാടവും വാഹനങ്ങൾ കടക്കാനാവാത്ത വിധം അടക്കും. പോലീസ് കാവലും നിൽക്കും. പിന്നെയങ്ങോട്ട് ഡാൻസും പാട്ടും കുടിയും തീറ്റയും തന്നെ. അത് പുലർച്ചെ വരെയൊക്കെ നീളും. റോഡിൻ്റെ ഇരുഭാഗങ്ങളിലും നിരവധി ‘സ്പാ’കൾ പ്രവർത്തിക്കുന്നുണ്ട്. അതിന് മുന്നിലെല്ലാം ചിയർ ഗേൾസിൻ്റെ നൃത്തവുമുണ്ട്. നമ്മളെ അങ്ങോട്ട് ക്ഷണിക്കാൻ സുന്ദരന്മാരും സുന്ദരികളും മത്സരിക്കുന്നു. വിയറ്റ്നാം സെക്സ് ടൂറിസത്തിൻ്റെ കൂടി കേന്ദ്രമായി മാറിയിട്ടുണ്ട്. (അവസാനിക്കുന്നില്ല)

One thought on “VIETNAM ഗറില്ലകളോടൊപ്പം കൊലനിലങ്ങളിലൂടെ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed