കൊച്ചി. കൊച്ചി കായലിലെ ഇന്ദ്ര സോളാര്‍ ബോട്ടിന്റെ ടൂറിസ്റ്റ് സര്‍വീസ് വന്‍ വിജയമായതോടെ VEGA 120 അതിവേഗ ബോട്ടും ടൂറിസം സര്‍വീസിനായി ഉപയോഗിക്കാന്‍ ജലഗതാഗത വകുപ്പ് (State Water Transport Department) ഒരുങ്ങുന്നു. നേരത്തെ വൈക്കം-എറണാകുളം-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന വേഗ 120 സൂപ്പർ ഫാസ്റ്റ് ബോട്ട് കോവിഡ് കാലത്താണ് സര്‍വീസ് നിര്‍ത്തിവച്ചത്. പിന്നീട് അറ്റക്കുറ്റപ്പണികള്‍ക്കായി കൊണ്ടു പോയി. പണികള്‍ പൂര്‍ത്തിയാക്കി ഈ ബോട്ട് ഇപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ നങ്കുരമിട്ടിരിക്കുകയാണ്. ഇനി ടൂറിസം ബോട്ട് സര്‍വീസായി പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജലഗതാഗത വകുപ്പ്. ഇതിനായി ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിങ്ങിന്റെ അനുമതികള്‍ക്കായി കാത്തിരിക്കുകയാണ് എന്നാണ് റിപോര്‍ട്ട്. ആകെ 120 സീറ്റുകളുള്ള വേഗ 120 ബോട്ടിലെ 40 സീറ്റുകള്‍ ശീതീകരിച്ച കാബിനിലും 80 സീറ്റുകള്‍ നോണ്‍-എസി ക്യാബിനിലുമാണ്.
മികച്ച സ്വീകാര്യത നേടിയ ബജറ്റ് ടൂറിസം ബോട്ട് സര്‍വീസുകള്‍ കൊച്ചി കായലില്‍ വിപുലീകരിക്കാനാണ് ജലഗതാഗത വകുപ്പിന്റെ ശ്രമങ്ങള്‍. ആലപ്പുഴയിലും കോട്ടയത്തും കൊല്ലത്തും ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ വന്‍ വിജയമാണ്. മനോഹര കായല്‍ കാഴ്ചകള്‍ക്കും ജലയാത്രാനുഭവത്തിനുമൊപ്പം ബോട്ടില്‍ വിളമ്പുള്ള ഭക്ഷണ വിഭവങ്ങളും സഞ്ചാരികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
സ്വകാര്യ ബോട്ടുകള്‍ ആധിപത്യം പുലര്‍ത്തുന്ന കൊച്ചി മറൈന്‍ ഡ്രൈവിലാണ് ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ട് സര്‍വീസും വരുന്നത്. മത്സരം മുറുകിയതോടെ സ്വകാര്യ ബോട്ടുടമകളും വലിയ എസി ടൂറിസ്റ്റ് ബോട്ടുകളിറക്കി ഭക്ഷണവും ഉള്‍പ്പെടുത്തി പുതിയ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.