മുംബൈ. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് Akasa Air മുംബൈയില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന സര്‍വീസ് ആരംഭിച്ചു. മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാത്രി 08.05ന് പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാത്രി 9.55ന് എത്തിച്ചേരും. റിയാദില്‍ നിന്ന് രാത്രി 10.55ന് പുറപ്പെട്ട് മുംബൈയില്‍ പുലര്‍ച്ചെ 5.35നും എത്തിച്ചേരും. ഇത് സൗദിയിലേക്കുള്ള ആകാശ എയറിന്റെ രണ്ടാമത്തെ സര്‍വീസാണ്. ജിദ്ദയിലേക്കുള്ള സര്‍വീസ് മേയില്‍ ആരംഭിച്ചിരുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ അകാശ എയര്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
പുതിയ വിമാന കമ്പനിയായ അകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് മാര്‍ച്ച് 28ന് ഖത്തര്‍ തലസ്ഥാനമായി ദോഹയിലേക്കായിരുന്നു. മേയില്‍ ജിദ്ദ സര്‍വീസ് ആരംഭിച്ചു. റിയാദിലേക്ക് സര്‍വീസ് ആരംഭിച്ചതിനൊപ്പം മറ്റൊരു സൗദി നഗരമായ മദീനയിലേക്കും ഉടന്‍ സര്‍വീസ് ആരംഭിക്കും. ഇതിനു പുറമെ കുവൈറ്റ്, അബുദബി സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ രാജ്യാന്തര സര്‍വീസുകള്‍ വിപുലീകരിക്കാനാണു പദ്ധതി. ഏറ്റവും പുതിയ വിമാനങ്ങളാണ് കമ്പനി സര്‍വീസുകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.
2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസുകളുമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ ഒരു കോടിയിലേറെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. നിലവില്‍ കൊച്ചി ഉള്‍പ്പെടെ 25 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകളുണ്ട്.