മൈസൂരു. കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ താവളമായിരുന്ന കൊടുംകാട്ടിലെ ഗോപിനാഥം (Gopinatham forest) വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. കാവേരി വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന (Cauvery Wildlife Sanctuary) ഇവിടേക്ക് കര്‍ണാകട വനം വകുപ്പ് പ്രത്യേക ജംഗിള്‍ സഫാരി (Jungle Safari) ആരംഭിച്ചിട്ടുണ്ട്. മാലെ മഹാദേശ്വര ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്കും ഇനി ഈ ജംഗിള്‍ സഫാരി കൂടി നടത്താം. രാവിലെ ആറു മണി മുതല്‍ 9.30 വരേയും വൈകീട്ട് 4 മണി മുതല്‍ 6.30 വരേയുമാണ് സഫാരി സൗകര്യമൊരുക്കിയിരിക്കുന്നത്.
ഓഗസ്റ്റില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ ഗോപിനാഥം ജംഗിള്‍ സഫാരിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പൂര്‍ണ തോതില്‍ വിനോദ സഞ്ചാരികള്‍ക്കായി ഇവിടം തുറന്നു നല്‍കിയത്. ഗോപിനാഥം മേഖലയിലെ ഇക്കോ ടൂറിസം വികസനത്തിനായി കര്‍ണാടക സര്‍ക്കാര്‍ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജംഗിള്‍ സഫാരി കര്‍ണാടകയ്ക്കു പുറമെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നും ഏറെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. ഒരാള്‍ക്ക് 500 രൂപയാണ് നിരക്ക്. ആറു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 300 രൂപയും. പുള്ളിപ്പുലി, ആന, സംബാര്‍ കരടി തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. വീരപ്പന്റെ താവളമായതിനാല്‍ ഒരുകാലത്ത് ആരും ഭയന്നിരുന്നു ഗോപിനാഥം ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായി മാറിയിരിക്കുന്നു.