താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായി ചുരത്തിൽ യൂസർഫീ ഏർപ്പെടുത്താൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനം. ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങൾ നിറുത്തി പുറത്തിറങ്ങുന്ന വിനോദ സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്നു മുതൽ വാഹനമൊന്നിന് 20 രൂപ നിരക്കിൽ യൂസർ ഫീ ഈടാക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകർമ സേനാംഗങ്ങളെ ഗാർഡുമാരായി നിയോഗിക്കും. ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണ യജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിർമാർജനത്തിന് വിശദമായ പദ്ധതി റിപോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.