ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശകർക്കായി മേയ് 31 വരെ തുറന്നിടും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മധ്യവേനലവധിയും ഇടുക്കി ജില്ലയുടെ 50ാം വാർഷികവും പരിഗണിച്ചാണിത്. ബുധനാഴ്ചകളിൽ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടക്കുന്നതിനാൽ അന്ന് സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിന് ബഗ്ഗി ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്തുനിന്നുള്ള റോഡിലെ ഗേറ്റിലൂടെയാണ് പ്രവേശനം. ഇടുക്കി റിസർവോയറിൽ 20 പേർക്ക് ഒരേസമയം യാത്രചെയ്യാൻ കഴിയുന്ന ബോട്ടിങ് സൗകര്യവും ഒരുക്കി. ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിന് സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗി യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വിലക്കുണ്ട്.
ഇടുക്കി അണക്കെട്ട്
കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് (Arch Dam). ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(KSEB)നാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനംചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്.
(വിവരങ്ങൾ: വിക്കിപീഡിയ)