ഏകീകൃത GULF TOURIST VISA ജിസിസി രാജ്യങ്ങള്‍ അംഗീകരിച്ചു; 2 വര്‍ഷത്തിനകം യാഥാർത്ഥ്യമാകും

മസ്‌കത്ത്. സഞ്ചാരികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത Gulf tourist visa ജിസിസി രാജ്യങ്ങള്‍ അംഗീകരിച്ചു. ഒമാനില്‍ നടന്ന ആറു ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഗള്‍ഫിലേക്കുള്ള ഒറ്റ ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അവിടങ്ങളിലെ പ്രവാസികള്‍ക്കും തടസ്സങ്ങളില്ലാതെ ആറു രാജ്യങ്ങളിലേക്ക് യാത്രയും വിനോദ സഞ്ചാരവും എളുപ്പമാക്കുന്നതാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ. ഒമാന്‍ ആഭ്യന്തര മന്ത്രി ജാസിം മുഹമ്മദ് അല്‍ ബുദയ്‌സിയുടെ അധ്യക്ഷതയില്‍ മസ്‌കത്തില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങിലെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് വാര്‍ഷിക യോഗത്തില്‍ എല്ലാ രാജ്യങ്ങളും ഐകകണ്‌ഠ്യേനയാണ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയത്.

ഈ വിസ അനുവദിക്കുന്നതിനലൂടെ സാമ്പത്തിക രംഗത്തും ടൂറിസം രംഗത്തും എല്ലാ രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാം. 27 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന ഒറ്റ വിസയായ ഷെങ്കന്‍ വിസ മാതൃകയിലാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നത്. രണ്ടു വര്‍ഷത്തിനകം ഈ വിസ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. 2030 ആകുമ്പോള്‍ 12.87 കോടി വിനോദ സഞ്ചാരികളെ ഗള്‍ഫിലെത്തിക്കാന്‍ ലക്ഷ്യമിട്ട വിവിധ പദ്ധതികളാണ് ജിസിസി രാജ്യങ്ങള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒറ്റ ഗള്‍ഫ് ടൂറിസ്റ്റ് വിസ.

Legal permission needed