കൊച്ചി. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലോ ഇടുക്കിയിലോ വന്‍കിട ടൂറിസം ടൗണ്‍ഷിപ്പ് വികസിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് യുഎഇ (UAE) സര്‍ക്കാര്‍. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. വാഗമണിലോ മൂന്നാറിലോ സ്ഥലം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 18ന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് യുഎഇ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി ചര്‍ച്ച ചെയ്തത്. അനുയോജ്യമായ ഭൂമി ലഭ്യമാണോ എന്ന് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ പദ്ധതി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പദ്ധതിയില്‍ യുഎഇ സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുമോ അതോ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തിലാണോ എന്ന കാര്യത്തിലും വ്യക്തത ഇല്ല. യുഎഇ അംബാസഡര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ പദ്ധതി നിര്‍ദേശം യുഎഇ മുന്നോട്ടുവച്ചത്.
അതേസമയം, പരിസ്ഥിതി ലോല മലയോര മേഖലയായ ഇടുക്കിയില്‍ ടൂറിസം ടൗണ്‍ഷിപ്പ് പദ്ധതി പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു ഭീഷണിയാകുമോ എന്ന ആശങ്കയും പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ രൂപം ഇതുവരെ പരസ്യപ്പെടുത്താത്തിനാല്‍ ഇതുസംബന്ധിച്ച് വ്യക്തത ഇല്ല. അനുമതികളെല്ലാം ലഭിച്ചാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പദ്ധഥി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടേയും കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റേയും നിര്‍ദേശങ്ങള്‍ ഈ മേഖലയില്‍ വന്‍കിട നിര്‍മാണങ്ങള്‍ പാടില്ല എന്നാണ്. മൂന്നാര്‍ മേഖലയുടെ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ഈയിടെ മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടിരുന്നു.