മൂന്നാര്‍-ബോഡിമെട്ട് റോഡ് ഉല്‍ഘാടനം 5ന്; റോഡ് ടൂറിസത്തിന് ഇനി പുതിയ മുഖം

ksrtc budget tour munnar trip updates

കൊച്ചി. കേരളത്തിലെ ഏറ്റവും മനോഹരമായ റോഡ് ടൂറിസം ആകർഷണമായി മാറിയ മൂന്നാർ-ബോഡിമെട്ട് ദേശീയ പാത ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്യും. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഈ 42 കിലോമീറ്റർ റോഡ് പണിപൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. ഗ്യാപ് റോഡ് എന്നറിയപ്പെടുന്ന ഈ പാതയുടെ മനോഹാരിത ആസ്വദിക്കാൻ ദിവസവും ഒട്ടേറെ സഞ്ചാരികളാണ് ഇതുവഴി കടന്നു പോകുന്നത്. തേയിലത്തോട്ടങ്ങളുടെ ഭൂപ്രകൃതി കാണാനും നിരവധി ഹെയർപിൻ വളവുകളിലൂടെയുള്ള ഡ്രൈവിന്റെ ആവേശം ആസ്വദിക്കാനും മൂടൽമഞ്ഞുള്ള കാലാവസ്ഥ ആസ്വദിക്കാനും ഇതിലും മികച്ചൊരു പാത വേറെയില്ല. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പല സ്പോട്ടുകളും ഈ പാതയെ ശരിക്കും ഒരു ടൂറിസ്റ്റ് റോഡാക്കി മാറ്റുന്നു. ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിന്റെ മനോഹര കാഴ്ചയും എടുത്തു പറയേണ്ടതാണ്.

ചിന്നക്കനാലിൽ ജനങ്ങളെ പൊറുതിമുട്ടിച്ച അരിക്കൊമ്പൻ ആനയെ പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് കൊണ്ടു പോകുന്ന വിഡിയോ ദൃശ്യങ്ങളിലൂടെയാണ് ഈ റോഡിന്റെ വശ്യമനോഹാരിത വൈറൽ ആയത്. സമൂഹ മാധ്യമങ്ങളിൽ ഇത് കത്തിക്കയറി. ഏറെ വിനോദ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പാത ആയതിനാൽ പാർക്കിങ് ഇടങ്ങൾ ശുചിമുറികൾ തുടങ്ങി ടൂറിസ്റ്റുകൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

tripupdates.in

നാലു മീറ്റർ മാത്രമായിരുന്നു നേരത്തെ ഈ റോഡിന്റെ വീതി. 15 മീറ്റർ വീതിയിലാണ് പുനർനിർമ്മിച്ചത്. 381.75 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം തടസ്സങ്ങളൊന്നുമില്ലാതെ അംഗീകരിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. ഈ പാതയുടെ അടുത്ത റീച്ചായ മൂന്നാർ-കൊച്ചി റോഡിന്റെ നിർമാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Legal permission needed