UAEയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും; ഫീസ് വർധന ഇങ്ങനെ

ferg uae trip updates

ദുബായ്. UAEയില്‍ നിന്ന് വിദേശങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പ് (FERG) അറിയിച്ചു. ഏറ്റവും ചുരുങ്ങിയത് 15 ശതമാനം വരെയാണ് വര്‍ധന. 2.60 ദിര്‍ഹം വരുമിത്. അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായാണ് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്. ഈ രംഗത്തെ നിയന്ത്രണങ്ങളും പ്രവര്‍ത്തന ചെലവുകളും ഏറിയ പശ്ചാത്തലത്തിലാണ് ഫീസ് വര്‍ധന.

വിവിധ എക്‌സ്‌ചേഞ്ചുകളുടെ ശാഖകളിലൂടെ നേരിട്ടുള്ള പണമയക്കലിന് മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പണമയക്കലിനുള്ള ഫീസുകള്‍ മാറ്റമില്ലാതെ തുടരാനുമാണ് സാധ്യത. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് മത്സരം കൂടുന്നതിനനുസരിച്ച് ഈ നിരക്കുകള്‍ കുറയാനും സാധ്യതയുണ്ട്. നിരക്ക് വര്‍ധിക്കുമെങ്കിലും 200 യുഎസ് ഡോളറിനു തുല്യമായ തുക വിദേശത്തേക്ക് അയക്കുന്നതിനുള്ള ശരാശരി ചെലവ് 3.5 ശതമാനത്തില്‍ താഴെ തന്നെ നിലനില്‍ക്കും. ഇത് 6.2 ശതമാനമെന്ന ആഗോള ശരാശരിയേക്കാള്‍ കുറവാണ്.

അതേസമയം, ഈ നിരക്കു വര്‍ധന ഉടന്‍ ഉണ്ടാകില്ലെന്ന് എഫ്ഇആര്‍ജി അറിയിച്ചു. ഇതു നടപ്പിലാക്കാന്‍ രണ്ടു മാസം സമയമെടുക്കുമെന്നും ഓരോ മേഖലയും പഠിച്ച ശേഷം പടിപടിയായി മാത്രമെ വര്‍ധന ഉണ്ടാകൂവെന്നും എഫ്ഇആര്‍ജി ചെയര്‍മാനും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് മേധാവിയുമായ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ 2023ല്‍ 3.8 ശതമാനത്തോളം വര്‍ധിച്ചതായി ലോക ബാങ്കിന്റെ റിപോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വര്‍ഷം ആഗോള പണപ്പെരുപ്പത്തിന്റേയും വളര്‍ച്ചാ മാന്ദ്യത്തിന്റേയും പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരുടെ വരുമാനത്തില്‍ ഇടിവുണ്ടായേക്കുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം. ഇതും വിദേശത്തേക്ക് പണമയക്കുന്നത് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഒപ്പം എക്‌സ്‌ചേഞ്ച് ഫീസ് വര്‍ധനയും പ്രതികൂലമായി ബാധിച്ചേക്കാം.

യുഎഇയിലെ അംഗീകകൃത ഫോറിൻ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് Foreign Exchange and Remittance Group (എഫ്ഇആര്‍ജി). ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമദ് ആണ് എഫ്ഇആർജിയുടെ വൈസ് ചെയർമാൻ. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ് ട്രഷററുമാണ്.

Legal permission needed