തിരുവനന്തപുരം. KSRTC ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നടത്തിവരുന്ന അനന്തപുരി സിറ്റി റൈഡ് എന്ന പേരിലുള്ള ഡബിൾ ഡക്കർ ബസ് യാത്രയ്ക്കായി രണ്ട് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ നിരത്തിലിറക്കി. ഒരു മാസത്തോളം ഈ ബസുകൾ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. മുംബൈ നഗരത്തിലാണ് ആദ്യമായി ഇത്തരം ബസുകൾ സർവീസ് ആരംഭിച്ചത്. ഹൈദരാബാദിലുമുണ്ട്. അശോക് ലയ്‌ലന്‍ഡിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയിൽ നിര്‍മ്മിച്ചതാണ് ഈ ബസുകൾ. മുകൾ ഭാഗം തുറന്ന ഈ ബസിൽ 65 സീറ്റുകളാണുള്ളത്.
ഇപ്പോള്‍ നഗരപ്രദക്ഷിണ സര്‍വീസ് നടത്തി വരുന്ന സാധാരണ ഡബിള്‍ ഡക്കര്‍ ബസില്‍ സഞ്ചാരികളുടെ നല്ല തിരക്കാണ്. പൂര്‍ണമായും ശീതീകരിച്ച, മികച്ച സൗകര്യങ്ങളുള്ള പുതിയ ഇ-ബസുകള്‍ നഗരം ചുറ്റിക്കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം നല്‍കും. ഈ സിറ്റി ടൂറിന് 250 രൂപയാണ് ഒരാൾക്ക് നിരക്ക്. ഗൈഡിന്റെ സേവനവും ഉണ്ട്. ഒട്ടേറെ വിദേശ ടൂറിസ്റ്റുകളും ഈ സേവനം ഉപയോഗിക്കുന്നുണ്ട്. രണ്ടര വര്‍ഷമായി വിജയകരമായി നടന്നുവരുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണി വരെയും വൈക്കീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരേയും രണ്ട് സര്‍വീസുകളാണ് നിലവിലുള്ളത്. ഗാന്ധിപാര്‍ക്കിനടുത്ത ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്നാണ് സിറ്റി റൈഡ് ആരംഭിക്കുന്നത്.
ഈ രണ്ട് ഡബിൾ ഡെക്കർ ഇ-ബസുകളുൾപ്പെടെ 22 ഇലക്ട്രിക് വാഹനങ്ങൾ വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രീൻ സിറ്റിയായി മാറാനുള്ള തിരുവനന്തപുരം കോർപറേഷന്റെ ശ്രമത്തിന്റെ ഭാഗമായി 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സർവീസിനായി ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ എത്തിയ 60 ഇലക്ട്രിക് ബസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.