ഊട്ടി. പുഷ്പമേളയ്ക്ക് ഒരുങ്ങുന്ന ഊട്ടിയില്‍ ഇപ്പോള്‍ ടുലിപ് വസന്തം. ബൊട്ടാനിക്കല്‍ ഗാര്‍ഡനിലെ ഗ്ലാസ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടുലിപ് ചെടികളെല്ലാം പൂവണിഞ്ഞ് നില്‍ക്കുന്നത് സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ചയാണ്. മേയില്‍ നടക്കുന്ന Ooty Flower Showക്ക് മുന്നോടിയായി ചെടിച്ചട്ടികളില്‍ നട്ടുവളര്‍ത്തിയതാണ് ഇവ. ഹോട്ടികള്‍ചര്‍ വകുപ്പ് 2009ലാണ് ഊട്ടിയില്‍ ടുലിപ് ചെടികള്‍ നട്ടുവളര്‍ത്താന്‍ ആരംഭിച്ചത്. പ്രധാനമായും കശ്മീരിലും തണുപ്പുള്ള മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ടുലിപുകള്‍ കൂടുതലായുള്ളത്.
മേയില്‍ ആരംഭിക്കുന്ന പുഷ്പമേളയ്ക്കായി വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള ഇരുനൂറോളം ടുലിപ് ചെടികളാണ് സസ്യോദ്യാനത്തില്‍ ഒരുക്കുന്നത്. ഒറ്റത്തണ്ടില്‍ 30 സെന്റിമീറ്റര്‍ മുതല്‍ 75 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ടുലിപ് പുഷ്പങ്ങള്‍ നെതര്‍ലാന്‍ഡുകാരുടെ ഇഷ്ടപുഷ്പമാണ്. ഇതുകാരം അവിടെ പടര്‍ന്നു പിടിച്ച ടുലിപ് മാനിയയാണ് ലോകമൊട്ടാകെ ടുലിപ് പുഷ്പങ്ങളുടെ വിലവര്‍ധനയ്ക്ക് കാരണമായതെന്ന് പറയപ്പെടുന്നു. യൂറോപ്യന്‍ പുഷ്പമായാണ് അറിയപ്പെടുന്നതെങ്കിലും മധ്യേഷ്യയില്‍ നിന്നാണ് അവിടെ എത്തിയത്. മധ്യേഷ്യയില്‍ സ്വാഭാവികമായി വളരുന്ന ഒന്നാണ് ടുലിപ്. തുര്‍ക്കിയിലാണ് ഇവ ആദ്യമായി വന്‍തോതില്‍ കൃഷിചെയ്തത്. തുര്‍ക്കിയിലെ ടുലിപ് ഫെസ്റ്റിവലും ലോക പ്രശസ്തമാണ്.