TRIP ALERT! ദല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; Delhi Metro 20 അധിക സര്‍വീസുകള്‍ നടത്തും

ന്യൂ ദല്‍ഹി. ദല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി. മലിനീകരണ തോത് കണക്കാക്കുന്ന മാനദണ്ഡമായ വായു ഗുണമേന്മാ സൂചിക (Air Quality Index- AQI) വ്യാഴാഴ്ച വൈകീട്ട് 402 ആയി ഉയര്‍ന്നു. അനന്ദ് വിഹാര്‍ (413), മുന്‍ഡ്ക (420), ബവന (401), പഞ്ചാബി ബാഗ് (416) എന്നിവിടങ്ങളിലാണ് ഏറ്റവും രൂക്ഷം. പൊതുജനാരോഗ്യ അടിയന്തരാവസ്ഥാ മുന്നറിയിപ്പുണ്ട്.

വരും ആഴ്ചകളില്‍ വായു മലിനീകരണം ഇതിലും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. താപനില താഴുന്നതും ശാന്തമായ കാറ്റും കാരണം വായു മലിനീകരണം സൃഷ്ടിക്കുന്ന പഥാര്‍ത്ഥങ്ങള്‍ അന്തരീക്ഷത്തില്‍ അടിഞ്ഞു കൂടിയതിനാല്‍ ഇപ്പോള്‍ ദല്‍ഹിയിലാകെ മഞ്ഞു മൂടിയ, കാഴ്ചാമങ്ങലുള്ള കാലാവസ്ഥയാണ്. സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ വന്‍തോതില്‍ കത്തിക്കുന്നതു മൂലമുള്ള മലിനീകരണം, കാറ്റിന്റെ ഗതി അനുകൂലമായതിനാല്‍ ഇപ്പോള്‍ പരിമിതമാണ്. ദല്‍ഹിയില്‍ വായു മലിനീകരണത്തിനു (delhi air pollution) പ്രധാന കാരണങ്ങളിലൊണ് വൈക്കോല്‍ കത്തിക്കല്‍.

അന്തരീക്ഷ മലിനീകരണമുണ്ടാക്കിയ ഗതാഗത പ്രതിസന്ധി പരിഹരിക്കാന്‍ ദല്‍ഹി മെട്രോ (Delhi Metro Rail Corporation) വെള്ളിയാഴ്ച മുതല്‍ 20 അധിക സര്‍വീസുകള്‍ നടത്തും. വാഹന ഉപയോഗം കുറച്ച് കൂടുതല്‍ പേരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ സര്‍വീസുകള്‍. പ്രവര്‍ത്തി ദിവസങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ നേരത്തെ തന്നെ മെട്രോ 40 അധിക ട്രെയ്‌നുകള്‍ ഒരാഴ്ചയായി സര്‍വീസ് നടത്തി വരുന്നുണ്ട്.

പൊതുജനാരോഗ്യത്തിന് ഭീഷണിയായ വായു മലിനീകരണ നിലയാണ് ഇപ്പോള്‍ ദല്‍ഹിയില്‍. വിനോദ സഞ്ചാരികള്‍ യാത്രകള്‍ മാറ്റിവെക്കുന്നതാണ് ഉചിതം. ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, പ്രത്യേകിച്ച് ആസ്തമ പോലുള്ള ശ്വസന സംബന്ധമായ രോഗങ്ങളുള്ളവര്‍ തീര്‍ച്ചയായും യാത്രകള്‍ ഒഴിവാക്കണം. വായു മലിനീകരണ തോത് വര്‍ധിച്ചാല്‍ ആരോഗ്യമുള്ളവര്‍ക്കും ആസ്തമ പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് അന്തരീക്ഷ മലിനീകരണം.

ഉയര്‍ന്ന അന്തരീക്ഷ മലിനീകരണ തോത് കാരണം ദല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡീസല്‍ ട്രെക്കുകളുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.

Legal permission needed