വേനൽ അവധി ആഘോഷത്തിനായി എത്തുന്ന വിനോദസഞ്ചാരികൾക്ക് ഊട്ടിയിൽ TOY TRAIN സ്പെഷ്യൽ സർവീസ് വെള്ളിയാഴ്ച (മാർച്ച് 29) മുതൽ ആരംഭിക്കും. മേട്ടുപ്പാളയം- ഊട്ടി- കുനൂർ- ഊട്ടി പാതയിൽ സതേൺ റെയിൽവേ സേലം ഡിവിഷൻ പുതിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ വേനലവധി സീസൺ സജീവമാകുന്നതോടെ ടൂറിസ്റ്റുകൾക്ക് ഈ Nilgiri Mountain Railway സ്പെഷ്യൽ സർവീസ് അനുഗ്രമാകും.
നീലഗിരി മലനിരകളിലൂടെ ഓടുന്ന ഈ വിന്റേജ് തീം ട്രെയിനിലെ മനോഹരമായ യാത്ര സന്ദർശകർക്ക് അവിസ്മരണീയ അനുഭവമാണ് പകരുക. കുന്നുകളും താഴ്‌വരകളും താണ്ടിയുള്ള യാത്രയിൽ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. 206 പാലങ്ങളും 16 ഗുഹകളും കടന്നുപോകുന്ന ഈ യാത്ര മനംകുളിർപ്പിക്കുന്ന മികച്ച പ്രകൃതിദൃശ്യങ്ങൾ സഞ്ചാരികൾക്കു മുന്നിൽ തുറന്നിടും.
Also Read പാവങ്ങളുടെ ഊട്ടിയായ യേർക്കാടിനെ കുറിച്ചറിയാം
മേട്ടുപ്പാളയത്ത് നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കൂനൂർ, വെല്ലിംഗ്ടൺ, ലവ്‌ഡെയ്ൽ, ഫേൺ ഹിൽ എന്നിവയുൾപ്പെടെ നിരവധി ആകർഷകമായ ഹിൽ സ്റ്റേഷനുകളിലൂടെ 46 കിലോമീറ്റർ ദൂരം പിന്നിട്ട് അവസാന ഡെസ്റ്റിനേഷനായ ഊട്ടിയിൽ എത്തും. ഏകദേശം 5 മണിക്കൂർ സമയമെടുക്കും ഈ യാത്ര. മാർച്ച് 29 മുതൽ ജൂലൈ 1 വരെയാണ് ഈ സ്പെഷ്യൽ സർവീസ്. കുനൂർ-ഊട്ടി പാതയിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്. മേട്ടുപ്പാളയം-ഊട്ടി പാതയിൽ വെള്ളി, ശനി ദിവസങ്ങളിലും ഊട്ടി-മേട്ടുപ്പാളയം പാതയിൽ ശനി, ഞായർ ദിവസങ്ങളിലും സർവീസുണ്ടായിരിക്കും.
1908-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ ട്രെയിൻ ആവി യന്ത്രത്തിലാണ് പ്രവർത്തിക്കുന്നത്. 2005-ൽ യുനെസ്കോ ഈ ട്രെയിൻ സർവീസിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.