മൂന്നാര്‍. നീണ്ട വാരാന്ത്യ അവധിയും തണുത്ത കാലാവസ്ഥയും വന്നതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചു. റിപ്പബ്ലിക് ദിന അവധിക്കൊപ്പം തമിഴ്‌നാട്ടിലെ തൈപ്പൂയ ഉത്സവ അവധി കൂടി ആയതോടെ അയല്‍ സംസ്ഥാനത്തു നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തരിക്കായിരുന്നു. തേക്കടിയിലും തിരക്കേറി വരുന്നു. വരാന്ത്യ അവധി കൂടി വരുന്നതോടെ ഇടുക്കിയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് ഇനിയും കൂടും.
വിന്റര്‍ ആണെങ്കിലും പലയിടങ്ങളിലും ചൂട് കൂടി വരുമ്പോള്‍ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശത്ത് തണുത്ത കാലാവസ്ഥയാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ തമിഴ് ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. നീണ്ട അവധി ദിനങ്ങള്‍ ലഭിച്ചതിനാല്‍ മൂന്നാറിലെ ഹോട്ടലുകളിലെല്ലാം ബുക്കിങ് ഏതാണ്ട് ഫുള്‍ ആണ്. 60 ശതമാനത്തിലേറെ മുറികളും നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.
Also Read I മൂന്നാറിലേക്കാണോ? തിരക്കില്ലാത്ത ഈ റൂട്ടുകളും പരിഗണിക്കാം
വാഗമണ്ണിലും സഞ്ചാരികളുടെ തിരക്കേറി വരുന്നു. സമീപ കാലത്തായി മൂന്നാറിലെത്തുന്നതിലേറെ വിനോദ സഞ്ചാരികളാണ് വാഗമണ്ണിലെത്തുന്നത്. അടുപ്പിച്ചുള്ള അവധി ദിവസങ്ങള്‍ വന്നതോടെ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. ഇന്ത്യയിലെ ആദ്യ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ് വന്നതോടെ വാഗമണ്ണില്‍ അവധി ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചേക്കും
മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെ ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരന്തരം കടന്നുപോകുന്നത് ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം വൈദ്യുതി വകുപ്പ് പരിഗണിക്കുന്നുണ്ട്. ഇതിനായി സാധ്യതാ പഠനം നടത്തിയിരുന്നു. ഡാമിനു സമീപത്തുള്ള മാട്ടുപ്പെട്ടി ടീ ഫാക്ടറിക്കു സമീപത്തെ റോഡ് വഴി ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തുന്ന വിധത്തില്‍ വാഹനങ്ങളെ വഴിതിരിച്ചു വിടാനാണ് ആലോചന. എന്നാല്‍ ഈ റോഡിന്റെ ഏറിയ ഭാഗവും സ്വകാര്യ കമ്പനിയുടെ റോഡാണ്. ഇതുവഴി വാഹനങ്ങളെ കടത്തി വിടാന്‍ കമ്പനിയുടെ അനുമതി ആവശ്യമാണ്. ഇത് നേടിയെടുക്കാനുള്ള ഉന്നത തല ചര്‍ച്ചകള്‍ക്കായി വൈദ്യുതി വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.