മൂന്നാർ. വിനോദസഞ്ചാരികൾ എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ഈ വർഷം ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം കാരണം ഊട്ടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. പലരും ഊട്ടി വിട്ട് ഇപ്പോൾ മൂന്നാറിലേക്കാണ് പോകുന്നത്. ഒട്ടേറെ പേരാണ് നിയന്ത്രണങ്ങളൊന്നുമില്ലാത്ത മൂന്നാറിലെത്തുന്നത്. മൂന്നാറിൽ 2006നും ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ശനിയാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. നിരവധി വാഹനങ്ങളാണ് മണിക്കൂറുകളോളം നിരത്തുകളിലൂടെ ഇഴഞ്ഞ് നീങ്ങിയത്.
ഗതാഗതം നിയന്ത്രിക്കാനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറിലും പരിസരങ്ങളിലും വിന്യസിച്ചിരുന്നെങ്കിലും ഇവർക്കും ഈ തിരക്ക് നിയന്ത്രിക്കാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സമയത്ത് ഭക്ഷണം പോലും ലഭിക്കാതെ വാഹനങ്ങളിൽ കുടുങ്ങി. തിരക്കു മൂലം മൂന്നാറിൽ താമസ, ഭക്ഷണ ലഭ്യതയും പരിമിതമാണിപ്പോൾ.
ഇ-പാസ് ഏർപ്പെടുത്തിയതോടെ പുഷ്പമേള സീസൺ ആയിട്ടു പോലും ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുണ്ട്. ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന മേയിൽ തന്നെ നിയന്ത്രണം വന്നത് ബിസിനസ്, വ്യാപാര രംഗത്തേയും ബാധിച്ചിട്ടുണ്ട്. ജൂൺ 30 വരെ ഇ-പാസ് സംവിധാനം തുടരുന്നത് വ്യാപാര സ്ഥാപനങ്ങളേയും വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ദോഷകരമായി ബാധിക്കുമെന്ന വ്യാപാരികൾ പ്രതികരിക്കുന്നു. മേയിൽ ദിവസേന 20000ത്തോളം സഞ്ചാരികളാണ് ദിനംപ്രതി ഊട്ടിയിലെത്തുക. എന്നാൽ ഇ-പാസ് ഏർപ്പെടുത്തിയതോടെ ഇതു പകുതിയായി കുറഞ്ഞെന്ന് കണക്കുകൾ കാണിക്കുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരി, കൊടൈക്കനാല്‍ ജില്ലകളിലേക്ക് പ്രവേശിക്കുന്നതിന് മേയ് ഏഴുമുതല്‍ ജൂണ്‍ 30വരെയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഇ-പാസ് നൽകുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. സംസ്ഥാനസര്‍ക്കാരിന്റെ ഇ-പാസ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും പാസ് ലഭിക്കും.
തമിഴ്നാട് സർക്കാരിന്റെ ടിഎൻ ഇപാസ് വെബ്‌സൈറ്റ് മുഖേനയാണ് (Ooty ePass registration) അപേക്ഷിക്കേണ്ടത്. epass.tnega.org എന്ന വെബ്സൈറ്റിൽ ലിങ്ക് ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷിക്കുന്നയാള്‍ സാധുതയുള്ള തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. ആധാര്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നായാല്‍ മതി. കൂടാതെ വാഹനത്തിന്റെ വിവരങ്ങള്‍, സന്ദര്‍ശന തീയതി, തങ്ങുന്ന ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കണം.
മേട്ടുപ്പാളയം, ഗൂഡല്ലൂർ ജില്ലാ അതിർത്തികളിലാണ് ഇ-പാസ് പരിശോധന. പാസ് എടുത്തവരെ മാത്രമെ പൊലീസ് കടത്തിവിടുന്നുള്ളൂ. ഇ-പാസിനെ കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കുന്നതിനും അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. ഹോട്ടലുകളും ലോഡ്ജുകളും റിസോർട്ടുകളും വഴി സഞ്ചാരികൾക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.