പാലക്കാട്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ നിർത്തലാക്കുമെന്നും പകരം കോയമ്പത്തൂരും മംഗളൂരുവും കേന്ദ്രീകരിച്ച് പുതിയ ഡിവിഷനുകൾ സ്ഥാപിക്കുമെന്നുമുള്ള വാർത്തകൾ വസ്തുതാവിരുദ്ധവും ഊഹാപോഹവുമാണെന്ന് റെയിൽവേ വ്യക്തമാക്കി. പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്നും ഒരു ഘട്ടത്തിലും ഇങ്ങനെ ഒരു ചർച്ചയോ നിർദേശമോ ഉണ്ടായിട്ടില്ലെന്നും ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി പറഞ്ഞു.
അടിസ്ഥാനരഹിതമായ ഈ വാർത്തകളിലെ വാദങ്ങൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ വാർത്തകൾ അതിവേഗം പ്രചരിക്കുന്നതും വസ്തുതകൾ പരിശോധിക്കാതെ ഇതിനോടുള്ള പല പ്രമുഖരുടേയും പ്രതികരണങ്ങളും ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പത്രകുറിപ്പിൽ പറഞ്ഞു. ഇത്തരം പ്രതികരണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ മാത്രമെ സഹായിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ സത്യസന്ധത പുലർത്തണമെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനുള്ള ഉത്തരാവിദത്തം കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തെ പഴക്കമുള്ള റെയിൽവേ ഡിവിഷനുകളിലൊന്നാണ് ദക്ഷിണ റെയിൽവേയ്ക്കു കീഴിയിൽ 1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ. കേരളം, തമിഴ്നാട്, പുതുച്ചേരി (മാഹി), കർണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, പോത്തനൂർ മുതൽ മംഗളൂരു വരെ 588 കിലോമീറ്റർ റെയിൽ ശൃംഖലയാണ് പാലക്കാട് ഡിവിഷനു കീഴിലുള്ളത്. യുപിഎ സർക്കാരിന്റെ കാലത്ത് 2006ൽ പാലക്കാട് ഡിവിഷൻ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്.
വരുമാനത്തിലും മുന്നിൽ
വരുമാനത്തിലും മികച്ച നിലയിലാണ് പാലക്കാട് ഡിവിഷൻ. 2023-24 സാമ്പത്തിക വർഷം യാത്രാ ട്രെയിനുകളിൽ നിന്നു മാത്രമായി 964.19 കോടി രൂപയാണ് പാലക്കാട് ഡിവിഷന്റെ വരുമാനം. സ്പെഷ്യൽ ട്രെയിനുകൾ, പ്ലാറ്റ്ഫോം ടിക്കറ്റ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളിൽ 65.96 കോടി രൂപയും, ചരക്കുനീക്കത്തിലൂടെ 481.36 കോടി രൂപയും, പരസ്യം, പാഴ്സൽ സേവനം, പാട്ടം തുടങ്ങി മറ്റിനങ്ങളിലായി 64.66 കോടി രൂപയും വരുമാനം നേടി. ഈ വരുമാനത്തിന്റെ വലിയൊരു പങ്കും പുതിയ വികസന പ്രവർത്തനങ്ങൾക്കാണ് റെയിൽവേ വിനിയോഗിക്കുന്നത്.