കൊച്ചി. കൊച്ചി കായലില്‍ സ്വകാര്യ ബോട്ട് ടൂറിസത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പ്രൊഫഷനല്‍ രീതിയിലാക്കാന്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (GCDA) ശ്രമങ്ങളാരംഭിച്ചു. മറൈന്‍ ഡ്രൈവ് വാക്ക് വേയോട് ചേര്‍ന്ന് ടൂറിസം ബോട്ട് ജെട്ടി നിര്‍മിക്കാനാണു പദ്ധതി. കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ ഫ്‌ളോട്ടിങ് ജെട്ടിയാണ് പരിഗണിക്കുന്നത്. കൂടാതെ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് പ്രീപെയ്ഡ് ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും.
ടൂറിസ്റ്റ് ബോട്ട് ജെട്ടി നിര്‍മാണം ജിസിഡിഎയുടെ പരിഗണനയില്‍ കുറച്ചു കാലമായി ഉണ്ടായിരുന്നെങ്കിലും താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍ വീണ്ടും സജീവമാക്കിയത്. അടിസ്ഥാന പ്ലാന്‍ തയാറാക്കി ഏതാനും സ്വകാര്യ കമ്പനികളില്‍ നിന്ന് നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് ജെട്ടിക്കു പകരം ചെലവ് കുറഞ്ഞ രീതിയില്‍ ഫ്‌ളോട്ടിങ് ജെട്ടി നിര്‍മ്മിക്കാം. നിലവില്‍ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ അപകടാവസ്ഥയിലുള്ള ജെട്ടികളാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
കൊച്ചി നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ നിലവില്‍ 60ഓളം സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയ്ക്ക് ഏകീകൃത ടിക്കറ്റ് ബുക്കിങ് സംവിധാനമോ നിശ്ചിത നിരക്കോ ഇല്ല. ബോട്ടുടമകള്‍ ഇഷ്ടാനുസരണമാണ് നിരക്ക് ഈടാക്കുന്നത്. ഇതു പരിഹരിക്കാനും ടൂറിസ്റ്റുകളുടെ സൗകര്യത്തിനുമായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ടൂറിസ്റ്റ് ബോട്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പോര്‍ട്ടലില്‍ ടൂറിസ്റ്റുകള്‍ക്ക് ഇഷ്ടമുള്ള ബോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.