ദേശീയ പാത 66ലെ തലശ്ശേരി മാഹി ബൈപ്പാസില്‍ (Thalassery Mahe Bypass) ദേശീയപാത അതോറിറ്റി ടോൾ നിരക്കുകൾ ജൂൺ 3 മുതൽ പരിഷ്ക്കരിച്ചു. കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത ചെറിയ വാണിജ്യ വാഹനങ്ങളുടെ നിരക്കൊഴികെ എല്ലാ വിഭാഗം വാഹനങ്ങളുടേയും ടോൾ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ഉൾപ്പെടുന്ന കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരു വശത്തേക്കുള്ള ട്രിപ്പിന് ടോൾ നിരക്ക് 75 രൂപയാക്കി. നേരത്തെ ഇത് 65 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള യാത്രകളുടെ നിരക്ക് 100 രൂപയിൽ നിന്നും 110 രൂപയുമാക്കി. ഈ വാഹനങ്ങളുടെ പ്രതിമാസ ടോൾ പാസ് നിരക്ക് (50 യാത്രകൾ) 2,440 രൂപയാക്കി. 2,195 രൂപയായിരുന്നു ഇത്. ജില്ലയ്ക്കകത്ത് രജിസ്റ്റര്‍ ചെയ്ത ചെറിയ വാണിജ്യ വാഹനങ്ങളുടെ നിരക്ക് 35 രൂപ തന്നെ തുടരും.
ചെറിയ വാണിജ്യ വാഹനങ്ങളുടേയും ചരക്കു വാഹനങ്ങളുടേയും മിനി ബസുകളുടേയും ടോൾ നിരക്ക് (ഒരു വശത്തേക്ക്) 105 രൂപയിൽ നിന്നും 120 രൂപയാക്കി ഉയർത്തി. ഇരുവശങ്ങളിലേക്കുമുള്ള യാത്രകൾക്ക് 175 രൂപയാണ് പുതിയ നിരക്ക്. പഴയ നിരക്ക് 160 രൂപയായിരുന്നു. പ്രതിമാസ പാസിന് 3,545 രൂപയാണ്. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ രജിസ്റ്റർ ചെയ്ത ചെറിയ വാണിജ്യ, ചരക്കു വാഹനങ്ങളുടെ നിരക്ക് 60 രൂപയാക്കി ഉയർത്തി.
ബസിനും ട്രക്കിനും ഒരു യാത്രയ്ക്ക് 250 രൂപയാക്കി. ഇരുവശത്തേക്കുമുള്ള യാത്രകൾക്ക് 370 രൂപ. പ്രതിമാസ പാസിന് 3,940 രൂപ. ഈ ഗണത്തിലുൾപ്പെടുന്ന, ജില്ലയിൽ രജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് 125 രൂപയാണ് പുതിയ നിരക്ക്.
ത്രീ ആക്‌സില്‍ വരെയുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് 245 രൂപയില്‍ നിന്ന് 270 രൂപയാക്കി. റിട്ടേൺ യാത്ര ഉണ്ടെങ്കിൽ 405 രൂപയാണ് പുതിയ നിരക്ക്. പ്രതിമാസ പാസ് നിരക്ക് 9,010 രൂപയുമാക്കി. ഈ ഗണത്തിലുൾപ്പെടുന്ന, ജില്ലയിൽ രജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് 135 രൂപയാണ് പുതിയ നിരക്ക്.
4 മുതൽ 6 വരെ ആക്സിലുകളുള്ള വാഹനങ്ങളുടെ ഒറ്റ ട്രിപ്പിന് 390 രൂപയും റിട്ടേൺ ട്രിപ്പിന് 585 രൂപയും പ്രതിമാസ പാസിന് 12,955 രൂപയുമാണ് പുതുക്കിയ നിരക്ക്. ഈ ഗണത്തിലുൾപ്പെടുന്ന, ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 195 രൂപയാണ് പുതിയ നിരക്ക്.
ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ് വിഭാഗത്തിലുൾപ്പെടുന്ന വാഹനങ്ങൾക്ക് ഒറ്റ ട്രിപ്പിന് 390 രൂപയും റിട്ടേൺ ട്രിപ്പിന് 585 രൂപയും പ്രതിമാസ പാസിന് 12,955 രൂപയുമാണ് പുതിയ നിരക്ക്. ഗണത്തിലുൾപ്പെടുന്ന, ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 195 രൂപയാണ് നിരക്ക്.
ഏഴോ അതിൽ കൂടുതലോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക് ഒറ്റ ട്രിപ്പിന് 475 രൂപയും റിട്ടേൺ ട്രിപ്പിന് 710 രൂപയും പ്രതിമാസ പാസിന് 15,770 രൂപയും, ജില്ലയിൽ രജിസ്റ്റർ ചെയ്തവയ്ക്ക് 195 രൂപയുമാണ് പരിഷ്കരിച്ച ടോൾ നിരക്കുകൾ.
തലശ്ശേരി മാഹി ബൈപ്പാസ്
മുഴുപ്പിലങ്ങാട് മുതൽ വടകരയ്ക്ക് സമീപം അഴിയൂർ വരെ 18.6 കിലോമീറ്ററാണ് തലശ്ശേരി-മാഹി ആറു വരി ദേശീയപാത ബൈപ്പാസിന്റെ ദൂരം. ഗതാഗതക്കുരുക്കുകളില്ലാതെ വെറും 20 മിനിറ്റിൽ ഈ ദൂരം പിന്നിടാമെന്നതാണ് ഈ റോഡിന്റെ പ്രത്യേകത. 2024 മാർച്ച് 11നാണ് ഈ പാത ഗതാഗതത്തിനായി തുറന്നത്. തിരുവങ്ങാട് ആണ് ഈ പാതയിലെ ഏക ടോൾ പ്ലാസ. പൂർണമായും നിയന്ത്രിത പ്രവേശനമുള്ള ഈ ഹൈവേയിൽ ഒരു മേൽപ്പാലം, ഒരു റെയിൽവേ മേൽപ്പാലം, 21 അണ്ടർ പാസുകൾ എന്നിവയുമുണ്ട്. ഗതാഗത തടസ്സമില്ലാതെ ഉയർന്ന വേഗതയിൽ സഞ്ചരിക്കാം. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. സർവീസ് റോഡിൽ നിന്ന് മെർജിങ് പോയിന്റുകളിലൂടെ മാത്രമെ ഈ പാതയിലേക്ക് പ്രവേശനമുള്ളൂ.