ബാങ്കോക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി THAILAND സര്‍ക്കാര്‍ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. സന്ദര്‍ശകര്‍ക്ക് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ 5 ലക്ഷം തായ് ബാത്തിന്റെ (11.50 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു. മരണം സംഭവിക്കുകയാണെങ്കില്‍ 23 ലക്ഷത്തോളം രൂപ (10 ലക്ഷം തായ് ബാത്ത്) നഷ്ടപരിഹാരവും നല്‍കും. ഇതിനായി Thailand Traveller Safety scheme വെബ്‌സൈറ്റ് മുഖേനയാണ് വിനോദസഞ്ചാരികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അശ്രദ്ധമൂലമോ, മനപ്പൂര്‍വ്വമോ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അപകടകരമായ പെരുമാറ്റമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ ഈ അനുകൂല്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കും.
കൂടുതല്‍ സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ലഭിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ തായ്‌ലന്‍ഡ് ടൂറിസം മന്ത്രാലയം വിനോദ സഞ്ചാരികളിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ടൂറിസ്റ്റുകളുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ടൂറിസം മന്ത്രി സുദാവന്‍ വാംഗ്‌സുഫകിജ്‌കോസോല്‍ പറഞ്ഞു.
ടൂറിസം പ്രധാന വരുമാന സ്രോതസ്സായ തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര വിനോദ സഞ്ചാരികള്‍ എത്തുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022ല്‍ 1.1 കോടി ടൂറിസ്റ്റുകളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. 2023ല്‍ ഇത് എണ്ണം 2.8 കോടി ആയി ഉയര്‍ന്നെങ്കിലും കോവിഡിനു മുമ്പുള്ള കാലത്തേക്കാള്‍ വളരെ കുറവാണിത്. കോവിഡിനു മുമ്പ് 2019ല്‍ നാലു കോടി ടൂറിസ്റ്റുകളെത്തിയിരുന്നു.