ന്യൂ ദല്‍ഹി. ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസ ഇല്ലാതെ (Visa free) ഇനി Thailand സന്ദര്‍ശിക്കാം. കുറഞ്ഞ ചെലവില്‍ വിദേശ വിനോദ യാത്ര പ്ലാന്‍ ചെയ്യുന്നവരുടെ ഇഷ്ട കേന്ദ്രമായ തായ്‌ലന്‍ഡ് എന്നും ഇന്ത്യക്കാരുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി തായ്‌ലന്‍ഡ് ടൂറിസമാണ് വന്‍ ഓഫറുമായി ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 2024 മേയ് 10 വരേയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഈ സുവര്‍ണാവസരം ലഭിക്കുക. രാജ്യത്ത് 30 ദിവസം വരെ തങ്ങാം. ഇന്ത്യക്കാര്‍ക്കൊപ്പം തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. സെപ്റ്റംബറില്‍ ചൈനക്കാര്‍ക്കും തായ്‌ലാന്‍ഡ് ഈ ഓഫര്‍ നല്‍കിയിരുന്നു.
തായ്‌ലന്‍ഡിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാരാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. മലേഷ്യ, ചൈന, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തായ്‌ലന്‍ഡിലെത്തുന്നത്.
കോവിഡിനു ശേഷം വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പുറത്തു വന്നിരുന്നു. ഈ വിനോദ സഞ്ചാരികളെയാണ് വിദേശ രാജ്യങ്ങളിലെ ടൂറിസം ബോര്‍ഡുകള്‍ ലക്ഷ്യമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീലങ്ക വിസ ഫ്രീ ഓഫര്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 31 വരെ ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
2011ല്‍ 1.4 കോടി ഇന്ത്യക്കാരാണ് വിദേശ യാത്രകള്‍ നടത്തിയത്. ഇത് 2019ല്‍ 2.7 കോടി ആയി ഉയര്‍ന്നു. പിന്നീട് കോവിഡ് വന്ന് രണ്ടു വര്‍ഷത്തെ ഇടവളേയ്ക്കു ശേഷം 2022ല്‍ വിദേശ യാത്രക്കാരുടെ എണ്ണം 2.1 കോടി എന്ന മികച്ച കണക്കിലേക്ക് അതിവേഗമാണ് തിരിച്ചെത്തിയത്.