ഇനിയുണ്ടാകരുത് ഈ കണ്ണീര്‍ യാത്രകള്‍

താനൂർ. നിരവധി പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ട് സര്‍വീസ് നടത്തിയതിനെ തുടര്‍ന്നാണെന്നാണ് സൂചന. ബോട്ടുടമയും ബോട്ടിലെ യാത്രക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയോ മുൻകരുതലെടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തില്‍പപ്പെട്ട രണ്ട് പേര്‍ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്. പഴയ മത്സ്യബന്ധന ബോട്ട് ചില്ലറ മാറ്റങ്ങള്‍ വരുത്തി യാത്രാ ബോട്ടാക്കി മാറ്റിയതാണെന്ന റിപോർട്ടുണ്ട്. നിയമങ്ങൾ പാലിക്കാതെയാണ് ഈ ബോട്ട് ഉപയോഗിച്ച് സര്‍വീസ് നടത്തിയതെന്നും ആരോപണമുണ്ട്.

കേരളത്തിലെ മിക്ക ബോട്ടിങ് കേന്ദ്രങ്ങളിലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതേയും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയുമാണ് ബോട്ട് സര്‍വീസുകള്‍‌ നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ യുഎൻ ദുരന്തലഘൂകരണ വിഭാഗം മുൻ മേധാവി മുരളി തുമ്മാരുകുടി മുന്നറയിപ്പു നൽകിയിരുന്നു. കേരളത്തിൽ ഏറെ വൈകാതെ ഒരു ബോട്ടപകടം സംഭവിക്കുമെന്നായിരുന്നു ഒരു മാസം മുമ്പ് അദ്ദേഹം നടത്തിയ പ്രവചനം. ഇത് സംഭവിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ നടത്തുന്ന കേരളത്തിലെ ബോട്ടിങ് മേഖലയിലെ അപകടസാധ്യതകളെ കുറിച്ച് വിലയിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

ഈ അപകടസാധ്യതകളെ കുറിച്ച് വിനോദ സഞ്ചാരികളും ബോധവാൻമാരായിരിക്കേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ബോട്ട് യാത്രകളില്‍‌ നിന്നും മറ്റ് വിനോദങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ബോട്ട് യാത്രയിൽ ശ്രദ്ധിക്കേണ്ടത്

  • സുരക്ഷാ ജാക്കറ്റുകൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കുക.
  • ബോട്ടിൽ കയറുമ്പോൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുക.
  • ലൈസൻസ് ഉള്ളതും ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുള്ള ബോട്ടിൽ മാത്രം കയറുക.
  • ബോട്ടിന് താങ്ങാവുന്നതിലേറെ ആളുകളെ കയറ്റുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • ഓവർ ലോഡായ ബോട്ടിൽ ഒരു കാരണവശാലും യാത്ര ചെയ്യരുത്.
  • രാത്രികാലങ്ങളിലും മോശം കാലവസ്ഥകളിലും ബോട്ടിങിന് ഒരിക്കലും മുതിരരുത്.
  • കനത്ത മഴയും കാറ്റും ഉള്ളപ്പോഴും വെളിച്ചം കുറവുള്ളപ്പോഴും യാത്ര ഒഴിവാക്കുക.
  • സീറ്റിൽ ഇരിക്കുകയോ ഒരിടത്ത് നിൽക്കുകയോ ചെയ്യുക. ബോട്ടിൽ ഓടിക്കളിക്കുന്നത് അപകടമുണ്ടാക്കും.
  • ബോട്ട് സുരക്ഷിതമായി നിർത്തിയശേഷം മാത്രമേ ഇറങ്ങാവൂ.
  • ബോട്ട് ജീവനക്കാരുടെയും പെരുമാറ്റം ശ്രദ്ധിക്കണം. എന്തെങ്കിലും പന്തികേട് തോന്നിയാൽ സുരക്ഷി തമായി വാഹനം ഓടിക്കണമെന്ന് നിർദേശിക്കുക.
  • കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകണം. കൈക്കുഞ്ഞുങ്ങളെ കൂട്ടിയുള്ള ബോട്ട് യാത്രകള്‍ ഒഴിവാക്കുക

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed