SWITZERLAND: സ്വിസ് ‘പാല്‍’മേടുകളിലെ പശു വിശേഷങ്ങള്‍

✍🏻 ടോം കുളങ്ങര

വേനൽക്കാലത്ത് ആപ്പിൾ, മുന്തിരി, പിയർ, പ്ലം തുടങ്ങി പലതരം പഴവർഗ്ഗങ്ങൾ വിവിധ വർണ്ണങ്ങളിൽ തിങ്ങിനിറഞ്ഞ മരങ്ങളും, പച്ചപ്പരവതാനി വിരിച്ച അതിമനോഹരമായ ആൽപൈൻ ലാൻഡ്‌സ്‌കേപ്പും പുൽമേടുകളിൽ മേയുന്ന പശുക്കളുടെ കഴുത്തിലെ മണിനാദവും കണ്ണിനും കാതിനും ഉഗ്രൻ വിരുന്നാണ്. പശുക്കളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ പുൽമേടുകൾ. ആൽപൈൻ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും അതിലോല ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും ഈ പശുക്കളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സ്വിറ്റ്സർലാൻഡിന്റെ (Switzerland) കാർഷിക ഭൂപ്രകൃതിയുടേയും സമ്പദ് വ്യവസ്ഥയുടേയും അവിഭാജ്യ ഘടകം കൂടിയാണ് സ്വിസ് പശുക്കൾ. പർവ്വതഗ്രാമപ്രദേശങ്ങളിലെ മനോഹരമായ പച്ച മേച്ചിൽപ്പുറങ്ങളിൽ മേയുന്ന പശുക്കളുടെ പാലുകൊണ്ട് ഉണ്ടാക്കുന്ന പാലുൽപ്പന്നങ്ങൾക്ക് തനതായ രുചിയും ഉയർന്ന ഗുണനിലവാരവുമാണ്. ആൽപൈൻ മേച്ചിൽപ്പുറങ്ങളിലെ വൈവിധ്യമാർന്ന സസ്യജാലസമ്പത്താണ് പാലിന് തനതായ രുചിയും ഉയർന്ന പോഷകഗുണവും നൽകുന്നത്. രാജ്യത്തെ പരമ്പരാഗത ബ്രീഡായ സ്വിസ് ബ്രൗൺ, സിമെന്റൽ എന്നിവയ്ക്ക് ചെങ്കുത്തായ പർവതപ്രദേശങ്ങളിൽ മേയാനും, കാലാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രത്യേക കഴിവുണ്ട്.

ബ്രൗൺ സ്വിസ് പശുക്കൾ ലോകത്തിലെ ഏറ്റവും പഴക്കമേറിയ പേരുകേട്ട കറവപ്പശു ഇനങ്ങളിൽ ഒന്നാണ്. ആദ്യകാലത്ത് സ്വിസ് ആൽപ്‌സിൽ മാത്രം കണ്ടിരുന്ന ഇവയുടെ ഉയർന്ന പാലുൽപാദനവും, രോഗപ്രതിരോധ ശേഷിയും, സൗമ്യസ്വഭാവവും, ഇവയെ ക്ഷീര കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ ജനപ്രിയ ഇനമാക്കി.

പ്രതിവർഷം ശരാശരി 2,000 ഗാലൻ വരെ പാൽ ഉത്പാദിപ്പിക്കാനുള്ള ഇവയുടെ കഴിവും, മയമുള്ള മാംസത്തിന്റെ മികച്ച സ്വാദും ഇവയെ മറ്റു ബ്രീഡുകളിൽ നിന്ന് വ്യത്യസ്തരാക്കി. പാലിനായാലും, ഇറച്ചിക്കായാലും ബ്രൗൺ സ്വിസ്സ് പശുക്കൾ ഇന്നും ക്ഷീര വ്യവസായത്തിൽ വൈവിധ്യമാർന്ന ഉയർന്ന മൂല്യമുള്ള ഒരിനമാണ്. മനോഹരമായ സ്വിസ് ആൽപ്‌സിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്വിസ്സ് ഡയറി ഫാമുകളിലെ കാർഷിക രീതിയും കന്നുകാലി പരിചരണവും ഉയർന്ന നിലവാരത്തിലുള്ള പാലുൽപ്പന്നങ്ങളുടെ ഉൽപ്പാദനവും കാണേണ്ട കാഴ്ചയാണ്.

സ്വിസ് ക്ഷീരോൽപ്പാദന മേഖലയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകമാണുള്ളത്. സ്വിറ്റ്സർലാൻഡുകാർക്ക് അവരുടെ മണ്ണിനോടും, കന്നുകാലികളോടും വളരെ സ്നേഹമാണ്. അതുകൊണ്ട് തന്നെ കന്നുകാലികളുടെ പരിചരണത്തിൽ അവർ പ്രത്യേക ശ്രദ്ധ നൽകുന്നു. കർഷകരും അവരുടെ കന്നുകാലികളും തമ്മിലുള്ള ദൃഢസ്നേഹബന്ധം തലമുറകളിലൂടെ കൈമാറി കിട്ടിയതാണ്.

സ്വിസ് ഡയറി ഫാമിങ് പരമ്പരാഗത പൈതൃകത്തെ വിലമതിക്കുന്നുണ്ടെങ്കിലും, ആധുനിക സാങ്കേതികവിദ്യയും അവർ സ്വീകരിക്കുന്നു. നൂതന കറവ സമ്പ്രദായം, ഡിജിറ്റൽ ആരോഗ്യ നിരീക്ഷണം എന്നിവ പോലെ മൃഗസംരക്ഷണത്തിലെ അതിനൂതന രീതികളുമായി കർഷകർ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇത് പാലുൽപ്പാദന രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പശുക്കളുടെ ആരോഗ്യവും, ആയുസ്സും ക്ഷേമവും ഉറപ്പു വരുത്തുന്നു.

പല സ്വിസ് ഫാമുകളും ജൈവകൃഷി തത്വങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. രാസവസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ രീതികൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്നു. കൂടാതെ, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ സംയോജനവും, മാലിന്യ നിർമ്മാർജന തന്ത്രങ്ങളും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഇവരുടെ സമർപ്പണത്തെ കാണിക്കുന്നു.

സ്വിസ് ചീസുകൾ അതിന്റെ വ്യത്യസ്തമായ രുചികളിലും ഗുണനിലവാരത്തിലും പേരുകേട്ടതാണ്. ലോകപ്രശസ്തമായ എമ്മൻതാൾ, ഗ്രൂയേർ, അപ്പെൻസെല്ലർ ചീസുകളും അത്ര അറിയപ്പെടാത്ത പ്രാദേശിക ഇനം ചീസുകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. സ്വിസ്സ് പാലുൽപ്പന്നങ്ങൾക്ക് ലോകവ്യാപകമായ മാർക്കറ്റാണ് ഉള്ളത്. സ്വിസ്സ് ചീസ്, ചോക്ലേറ്റുകൾ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകുന്നു. സ്വിസ്സ് പാൽ ഉൽപന്നങ്ങളുടെ സമ്പന്നമായ പൈതൃകവും അതിന്റെ വേറിട്ട രുചിയും ലോകം മുഴുവൻ ആസ്വദിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പശുക്കളും ക്ഷീര വ്യവസായവും സ്വിറ്റ്സർലാൻഡിൽ ഒരു നിർണായക വ്യവസായ മേഖലയായതിനാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. പശുക്കളുടെ ആരോഗ്യവും സംരക്ഷണവും, ക്ഷേമവും ഉറപ്പാക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചൂടുള്ള മാസങ്ങളിൽ സമൃദ്ധമായ മേച്ചിൽപ്പുറങ്ങളിൽ അവ സ്വതന്ത്രമായി മേയുന്നു. ശൈത്യകാലത്ത് അവ തൊഴുത്തുകളിൽ കഴിയുന്നു. ഈ സമയത്ത് ധാരാളം ഭക്ഷണവും നല്ല പരിചരണവും ഇവയ്ക്ക് നൽകുന്നു.

T/U Specials: കൂടുതൽ യാത്രാനുഭവ കുറിപ്പുകൾ വായിക്കാം

സാമ്പത്തികമായ സംഭാവനകൾക്ക് പുറമേ, പശുക്കൾ രാജ്യത്തിന്റെ മനോഹരമായ ഗ്രാമപ്രദേശങ്ങളുടെയും കാർഷിക പൈതൃകത്തിന്റെയും പ്രതീകം കൂടിയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ കാണാനും പഠിക്കാനുമായി സ്വിസ്സ് സന്ദർശിക്കാറുണ്ട്.

പാലും, പാലുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളും, വിനോദ സഞ്ചാരവുമാണ്, സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രധാനവരുമാനങ്ങളിൽ ഒന്ന്. പശുക്കളുടെ കഴുത്തിൽ കെട്ടുന്ന മണി ഇവിടുത്തുകാർ സുവനീർ ആയി സന്ദർശകർക്ക് സമ്മാനിക്കാറുണ്ട്. പ്രകൃതി, പാരമ്പര്യം, പഴമ, പുതുമ എന്നിവ തമ്മിൽ സംയോജിപ്പിച്ചുകൊണ്ടുളള സ്വിസ്സ് ഡയറി ഫാമിംഗ് മികവുറ്റതാണ്. വളരെ പ്രതിബദ്ധതയോടെ പഴമയും പുതുമയും കോർത്തിണക്കി ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇവിടത്തെ ക്ഷീര കർഷകർ ഗുണമേന്മയുള്ള പാലുൽപ്പന്നങ്ങൾ ഉൽപാദിച്ച് അഭിവൃദ്ധിയോടെ മുന്നേറുന്നത് ലോകക്ഷീര കർഷകർക്ക്‌ ഒരു പാഠ്യവിഷയമാക്കാവുന്നതാണ്.

(കൂടുതൽ സ്വിസ്സ് പശു വിശേഷങ്ങൾ ഇവിടെ കാണാം)

Legal permission needed