SUMMER ഇടുക്കിയില്‍ മികച്ച സീസണ്‍; അധികമെത്തിയത് 2 ലക്ഷം സഞ്ചാരികള്‍

കൊച്ചി. ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ വേനലവധി സീസണില്‍ വിനോദ സഞ്ചാരികളുടെ പെരുമഴയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷം പേരാണ് അധികമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. മുന്നാറാണ് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രം. മറയൂര്‍, കാന്തല്ലൂര്‍, ലക്കം വെള്ളച്ചാട്ടം, രാജമല, ഫ്‌ളവര്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, വട്ടവട, പാമ്പാടുംചോല, പഴയ മുന്നാര്‍, ബ്ലോസം പാര്‍ക്ക്, പോതമേട് വ്യൂ പോയിന്റ്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി. സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ ചൂട് കൂടിയതിനാല്‍ കുളിരു തേടി തദ്ദേശീയ വിനോദ സഞ്ചാരികളാണ് ഏറ്റവും കൂടുതലായി ഇവിടങ്ങളിലെത്തിയത്. വേനല്‍ സീസണില്‍ മിക്ക ദിവസങ്ങളിലും മുന്നാര്‍, വാഗമണ്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ 10 ഡിഗ്രിയില്‍ താഴെയായിരുന്നു താപനില.

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള രാജമലയില്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി 1,60,353 വിനോദ സഞ്ചാരികളാണ് സന്ദര്‍ശനം നടത്തിയത്. പാമ്പാടുംചോല ദേശീയ ഉദ്യോനത്തില്‍ 44,720 സഞ്ചാരികളാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്തിയത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC Idukki) നടത്തുന്ന ബൊട്ടാനിക്കല്‍ ഗാര്‍ഡനില്‍ ഏപ്രിലില്‍ 28,040 പേര്‍ സന്ദര്‍ശനം നടത്തി. മൂന്നാര്‍ ഫ്‌ളവര്‍ ഷോ നടന്ന മെയ് മാസത്തില്‍ മാത്രം 1,16,133 സന്ദര്‍ശകരാണ് ഇവിടെ എത്തിയത്.

Also Read മൂന്നാറിലേക്കാണോ? തിരക്കില്ലാത്ത ഈ റൂട്ടുകളും പരിഗണിക്കാം

ഡിടിപിസിയുടെ കീഴിലുള്ള രാമക്കല്‍മേട്, അരുവിക്കുഴി, എസ്എന്‍ പുരം, വാഗമണ്‍, പാഞ്ചാലിമേട്, ഹില്‍പ്യൂ പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ വേനലവധിക്കാലത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തോളം പേരാണ് അധികമായി എത്തിയത്. വാഗമണില്‍ മേയില്‍ 1,26,784 സഞ്ചാരികളാണെത്തിയത്. കെഎസ്ആര്‍ടിസി സംഘടിപ്പിച്ച ബജറ്റ് ടൂറിസം പാക്കേജുകളിലും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മൂന്നാറിലേക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed