കോഴിക്കോട്. താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ എ ഗീത അധികൃതർക്ക് നിർദേശം നൽകി. മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്തിയാൽ പിഴയും നിയമ നടപടികളും സ്വീകരിക്കാൻ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. ആർടിഒ, പൊലീസ്, ഹൈവേ പെട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ ചുരം മേഖലയിൽ സംയുക്ത പരിശോധന നടത്തും. ചുരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാൽ ഈ മേഖലയിൽ പാർക്കിങ് നിരോധിക്കാനും കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. ചുരം റോഡിൽ ലൈസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്നവർക്കും റോഡ് കയ്യേറുന്നവർക്കും നോട്ടീസ് നൽകാനും തീരുമാനിച്ചു.
ചുരത്തിൽ കോൺക്രീറ്റ് പാരപ്പറ്റ് പുനർനിർമ്മാണത്തിനും, പിഴത്തുക പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിനുമായി 1.20 കോടി രൂപയുടെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ദേശീയപാത എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി. ചുരത്തിൽ മൊബൈൽ സിസിടിവി, സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കും.