പാലക്കാട്. മലമ്പുഴ പുഷ്പമേള ചൊവ്വാഴ്ച (ജനുവരി 23) ആരംഭിക്കും. മേളയ്ക്കായി അണിഞ്ഞൊരുങ്ങിയ മലമ്പുഴ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും ഏറി വരുന്നു. Malampuzha Flower Showയുടെ ഭാഗമായ ഔപചാരിക പരിപാടികളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും വൈവിധ്യമാർന്ന പൂക്കളേയും ചെടികളേയും കണ്ടാസ്വദിക്കാൻ ദിവസവും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും (DTPC Palakkad) ജലസേചന വകുപ്പും സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ജനുവരി 28 വരെ മേള തുടരും. പുഷ്പ പ്രദർശനത്തിനു പുറമെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഭക്ഷ്യമേളയുടെ ഊട്ടുപുരയും സംഗീതാസ്വാദകർക്കായി പാട്ടുപുരയും ഒരുങ്ങുന്നുണ്ട്. പൂച്ചെടികളുടെ വിപണനവും നടക്കും.
പുഷ്പമേളയ്ക്കായി ഒക്ടോബർ മുതലാണ് ഉദ്യാനം ഒരുക്കിത്തുടങ്ങിയത്. വിദേശ, നാടൻ ഇനങ്ങൾ ഉൾപ്പെടെ നിരവധി പൂച്ചെടികൾ ഇതിനകം പുഷ്പ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് നയനാന്ദകരമായ കാഴ്ചയൊരുക്കി പലവിധ വർണങ്ങളിൽ പൂത്തു നിൽക്കുന്ന പൂന്തോപ്പ് ഈ സീസണിലെ മലമ്പുഴയിലെ മികച്ച കാഴ്ചാവിരുന്നാണ്.
Also Read I 560 രൂപയ്ക്ക് ഒരു പൂക്കാലം, KSRTCയുടെ ഒരു അടിപൊളി മലമ്പുഴ യാത്ര
സീനിയ, ഡെലീഷ്യ, കോസ്മോസ്, ഡാലിയ, സാൽവിയ, സെലോസിയ, വാടാമല്ലി, ജമന്തി, വിവിധ ഇനം പനിനീർപ്പൂക്കൾ, വിവിധ നിറങ്ങളിലുള്ള ആഫ്രിക്കൻ, ഫ്രഞ്ച് ചെണ്ടുമല്ലികൾ, വർണവൈവിധ്യമേറിയ പെറ്റൂണിയ, നക്ഷത്രത്തിളക്കമുള്ള ആസ്റ്റർ, ചെടി മൂടുംവിധം പുഷ്പ്പിക്കുന്ന വിങ്ക തുടങ്ങി വിദേശിയും സ്വദേശികളുമായ 35ലേറെ ഇനം പൂക്കളാണ് പുഷ്പമേളയിൽ പ്രദർശനത്തിന് ഒരുങ്ങിയിരിക്കുന്നത്. പ്രത്യേകതരം ഫ്ളവര്‍ ബഡ്സ്, ഓര്‍ക്കിഡ് ഫാം എന്നിവയും സജ്ജമാകുന്നു. പുഷ്പമേളയ്ക്ക് മാറ്റുകൂട്ടാൻ മലമ്പുഴയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ചേർന്ന് ഉദ്യാനത്തിൽ ചുമർചിത്രങ്ങളും ഒരുക്കുന്നുണ്ട്.
നഴ്സറികളുടെ പുഷ്പ പ്രദർശനവും വിൽപ്പനയും മേളയിലുണ്ടാകും. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളുമാണ് ഭക്ഷ്യമേളയുടെ സവിശേഷത. സന്ദർശകർക്ക് ഈ രുചിവൈവിധ്യവും നേരിട്ടറിയാം. പാട്ടു പാടേണ്ടവർക്കായി ഒരു പാട്ടുപുരയും ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം.