ന്യൂ ദല്‍ഹി. ഒരു വാഹനത്തിന് ഒരു FASTag മാത്രമാക്കി പരിമിതപ്പെടുത്തുന്ന One Vehicle One FASTag പദ്ധതിക്ക് നാഷനല്‍ ഹൈവേ അതോറിറ്റി തുടക്കമിട്ടു. മതിയായ രേഖകള്‍ (KYC) നല്‍കി പേരും വിലാസവും വെരിഫൈ ചെയ്ത് പുതുക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31ന് അസാധുവാകുമെന്നും ദേശീയപാത അതോറിറ്റി (NHAI) മുന്നറിയിപ്പു നല്‍കി. ഇന്ത്യയിലുടനീളം ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നീക്കം. ജനുവരി 31ന് മുമ്പായി വാഹന ഉടമകള്‍ നിര്‍ബന്ധമായും കെവൈസി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
ഒന്നിലേറെ വാഹനങ്ങള്‍ക്ക് ഒറ്റ ഫാസ്ടാഗോ അല്ലെങ്കില്‍ ഒരു വാഹനത്തിന് ഒന്നിലേറെ ഫാസ്ടാഗുകളോ ഉപയോഗിക്കുന്നതിന് തടയിടാനാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ ഫാസ്ടാഗ് ഉപയോക്താക്കള്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഏറ്റവും ഒടുവില്‍ എടുത്ത ഫാസ്ടാഗ് മാത്രമെ തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിക്കൂ. മറ്റെല്ലാം ഡിആക്ടിവേറ്റ് ചെയ്യുകയോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയോ ചെയ്യും.
കെവൈസി പുതുക്കുന്നതിനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും ഏറ്റവുമടുത്ത ടോള്‍ പ്ലാസകളുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ ഫാസ്ടാഗ് ഇഷ്യൂ ചെയ്ത ബാങ്കുമായും ബന്ധപ്പെടാം. രാജ്യത്ത് എട്ട് കോടി ഫാസ്ടാഗ് ഉപയോക്താക്കളാണുള്ളത്. ഫാസ്ടാഗ് നടപ്പിലാക്കിയതോടെ രാജ്യത്ത് ഇലക്ട്രോണിക് ടോള്‍ പിരിവില്‍ വിപ്ലവകരമായ മാറ്റമാണുണ്ടായതെന്ന് ദേശീയപാത അതോറിറ്റി പറയുന്നു.