Travel Advisory: സിക്കിമിലേക്ക് ഇപ്പോള്‍ വിനോദ യാത്ര വേണ്ട; മുന്നറിയിപ്പ്

ഷിംല. സമീപ ഭാവിയില്‍ സിക്കിമിലേക്ക് വിനോദ യാത്ര പ്ലാന്‍ ചെയ്തവരോട് യാത്ര തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം (Travel Advisory) നല്‍കി. മിന്നല്‍ പ്രളയം ദുരന്തം വിതച്ച പശ്ചാത്തലത്തിലാണ് ഈ യാത്രാ മുന്നറിയിപ്പ്. പ്രളയം സാരമായി ബാധിച്ച മംഗന്‍ ജില്ലയില്‍ കുടുങ്ങിയവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശികള്‍ ഉള്‍പ്പെടെ 3000ലേറെ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളുടെ സഹായത്തിനായി സൈന്യം സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതു വരെ സിക്കിം സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ടൂറിസം, വ്യോമയാന വകുപ്പ് അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കി. ലാചുങ്, ചാചെന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ സുരക്ഷിതരാണെന്നും ടൂറിസം വകുപ്പ് അറിയിച്ചു.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സോംഗോ ലേക്ക്, ബാബ മന്ദിര്‍, നാഥുല എന്നിവിടങ്ങളിലേക്ക് പെര്‍മിറ്റുകല്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാ മുന്നറിയിപ്പ് വന്നത്. രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ക്ക് ട്രാവല്‍ ഏജന്റുമാരും ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരും ഹോട്ടലുകളും സഹകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന സേനകളും ചേര്‍ന്ന് രണ്ടു ദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Legal permission needed