റിയാദ്. വിദേശങ്ങളിൽ നിന്ന് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന് സൗദി അറേബ്യ ബിസിനസുകാർക്കായി പുതിയ വിസിറ്റ് വിസ അവതരിപ്പിച്ചു. വിസിറ്റിങ് ഇൻവെസ്റ്റർ (Visiting Investor) എന്ന പേരിലുള്ള ഈ പുതിയ ബിസിനസ് വിസിറ്റ് വീസയുടെ നടപടിക്രമങ്ങളെല്ലാം ലളിതമാണ്. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയം ഈ ഓൺലൈൻ മുഖേന അനുവദിക്കുന്ന സേവനവും ആരംഭിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിച്ചാൽ മതി. വിജയകരമായി അപേക്ഷിച്ചാൽ നടപടികൾ പൂർത്തിയാക്കി ഉടൻ വിസിറ്റിങ് ഇൻവെസ്റ്റർ വീസ അപേക്ഷകർക്ക് ഇ-മെയിലായി അയക്കും. ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമാണിപ്പോൾ ഈ പുതിയ ബിസിനസ് വിസിറ്റ് വീസ അനുവദിക്കുന്നത്. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും.
വിദേശികളായ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങളും മാറിയ സാഹചര്യങ്ങളും അടുത്തറിയാൻ അവസരമൊരുക്കുകയാണ് പുതിയ വിസ അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള വിവിധ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ധാരാളം നിക്ഷേപ, ബിസിനസ് അവസരങ്ങളാണ് സൗദിയിൽ ഇപ്പോൾ തുറന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്ക് 65 ശതമാനമാക്കി ഉയർത്താൻ സൗദി ലക്ഷ്യമിടുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് (FDI) വലിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.