റിയാദ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ആറ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു കൂടി സൗദി അറേബ്യ ഇ-വിസ (E-Visa) അനുവദിക്കും. ഇതോടെ സൗദി (Saudi Arabia) ഇ-വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം 63 ആയി. തുര്‍ക്കി, തായ്‌ലന്‍ഡ്, മൊറീഷസ്, സീഷെല്‍സ്, പാനമ, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് പുതുതായി ഇ-വിസ അനുവദിച്ചത്.
ഒരു വര്‍ഷം കാലാവധിയുള്ള ഇ-വിസ മള്‍ട്ടി എന്‍ട്രി വിസയാണ്. ഇതുപയോഗിച്ച് വിനോദ സഞ്ചാരികള്‍ക്ക് 90 ദിവസം വരെ സൗദിയില്‍ കറങ്ങാം. വിനോദ സഞ്ചാരത്തിനു പുറമെ ഉംറ തീര്‍ത്ഥാടനത്തിനും ബിസിനസ് യാത്രകള്‍ക്കും കുടുംബ സന്ദര്‍ശനങ്ങള്‍ക്കും ഈ വിസ ഉപയോഗപ്പെടുത്താമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഓണ്‍ലൈനായാണ് (Visit Saudi) ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഈ വിസയില്‍ ചില നിയന്ത്രണങ്ങളും ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-വിസയില്‍ എത്തി സൗദിയില്‍ ജോലി ചെയ്യാനോ ഹജ് സീസണില്‍ ഉംറ നിര്‍വഹിക്കാനോ പാടില്ല. അനുവദിക്കപ്പെട്ട സമയം തീരുന്നതിനു മുമ്പുതന്നെ രാജ്യം വിടണം. ഇല്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസയില്‍ കുറഞ്ഞ കാലത്തേക്കു മാത്രമെ രാജ്യത്ത് തങ്ങാനാകൂ. കാലാവധി അവസാനിച്ചാല്‍ മാത്രമെ വിസ പുതുക്കാനും കഴിയൂ.
Summary: The Ministry of Tourism has announced that it will grant e-visa to visitors from six newly eligible countries, Turkiye, Thailand, Panama, Saint Kitts and Nevis, Seychelles and Mauritius, for leisure, business and religious (Umrah only) travel, bringing the total number of countries granted visitor e-visa to 63