ചാര്‍ധാം യാത്ര ഏപ്രിൽ 22ന്; രജിസ്ട്രേഷന് മുമ്പ് ഇവ ശ്രദ്ധിക്കാം

ഡെറാഡൂൺ. ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രക്ക് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഏപ്രില്‍ 22നാണ് യാത്ര ആരംഭിക്കുക. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം നിര്‍ത്തിവെച്ച യാത്ര കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്തവർക്ക് യാത്രാ അനുമതി നല്‍കില്ലെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ നിലപാട്.

എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം?

ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള Char Dham Yatra and Hemakund Sahib Registration എന്ന ലിങ്ക് മുഖേനയാണ് ചാര്‍ധാം യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നിലവിലുള്ള ലോഗിന്‍ വിവരങ്ങൾ ഇതിനായി ഉപയോഗിക്കാം. ഒരാള്‍ക്ക് ഒറ്റയ്ക്കും കുടുംബാംഗങ്ങളെ ഉള്‍കൊള്ളിച്ചും രജിസ്റ്റര്‍ ചെയ്യാനാകും. മുഴുവന്‍ പേരും ശരിയായ മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്തെന്ന് ഉറപ്പുവരുത്തണം. പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ഒരു പാസ് വേർഡും നല്‍കണം.

സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തയാളുടെ പേരുള്ള ഡാഷ്ബോര്‍ഡ് കാണാന്‍ സാധിക്കും. ക്രിയേറ്റ്/ മാനേജ് യുവര്‍ ടൂര്‍ എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി യാത്രയുടെ സ്വഭാവം, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍, സഹയാത്രികരുടെ വിവരങ്ങള്‍, തിയ്യതികള്‍ തുടങ്ങിയവ നല്‍കണം. ഈ വിവരങ്ങള്‍ സേവ് ചെയ്താല്‍ രജിസ്ട്രേഷനുള്ള ഓപ്ഷന്‍ ലഭിക്കും. പോകാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് ഈ ഫോം പൂരിപ്പിക്കണം. ഇത് വിജയകരമായി സേവ് ചെയ്താല്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ തെളിയിക്കുന്ന രേഖ ലഭിക്കും. ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന ഈ രേഖ പ്രിന്‍റെടുത്ത് സൂക്ഷിക്കണം. അതോടൊപ്പം രജിസ്ട്രേഷന്‍ ഐഡി ഉള്‍പ്പെടുന്ന ഒരു എസ് എം എസ് മൊബൈലിലേക്ക് വരും. വെരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൂടുതല്‍ സഹായങ്ങള്‍ക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയര്‍ എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്യാം. ഗംഗോത്രിയും യമുനോത്രിയും ഏപ്രില്‍ 22നാണ് തുറക്കുക. കേദാര്‍നാഥ് 26നും ബദരീനാഥ് 27നും തുറക്കും.

ചാർധാം ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാല് ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടനമാണ് ചാർധാം യാത്ര. ചാർധാം ക്ഷേത്രങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഓറീസയിലെ പുരി എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ.

ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള സന്ദർശനം ഏറെ വെല്ലുവിളികൾ നേരിടുന്നതാണ്. എല്ലാക്കാലത്തും ഇവിടേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നതാണ് പ്രധാന കാരണം. വേനൽക്കാലത്ത്, പ്രത്യേകിച്ച് ഏപ്രിൽ അവസാനം മുതലാണ് ക്ഷേത്രത്തിൽ തീർഥാടനം അനുവദിക്കുക. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അപകടമേഖല ആയതിനാൽ കടുത്ത നിയന്ത്രണങ്ങളോടേ മാത്രമേ തീർഥാടകരെ കടത്തിവിടുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed