നിലമ്പൂർ തേക്ക് മ്യൂസിയം സന്ദർശിച്ചത് 3.74 ലക്ഷം പേർ, സർവകാല റെക്കോഡ്

നിലമ്പൂർ. ലോക പ്രശസ്തമായ നിലമ്പൂർ തേക്ക് മ്യൂസിയം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. തേക്ക് മ്യൂസിയം ഒരു വർഷത്തിനിടെ സന്ദർശിച്ചത് 3,74,000 പോണ്. ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. മൂന്ന് പതിറ്റാണ്ടോളം മുൻപ് മ്യൂസിയം തുറന്ന ശേഷം ഇത് ആദ്യമായാണ് സന്ദർശകരുടെ എണ്ണം റെക്കോർഡിലെത്തുന്നതെന്ന് ചുമതല വഹിക്കുന്ന സയന്റിസ്റ്റ് ഇൻചാർജ് ഡോ. ജി ഇ മല്ലികാർജുൻ സ്വാമി പറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് രണ്ട് വർഷം മ്യൂസിയം അടച്ചിട്ടിരുന്നു. ഇപ്പോൾ പ്രതിദിനം ശരാശരി 1157 പേർ  കാണാനെത്തുന്നു.

1995-ൽ നിലമ്പൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Kerala Forest Research Institute/KFRI) ഉപകേന്ദ്രത്തിലാണ് മ്യൂസിയം ആരംഭിച്ചത്. തേക്കിന് ഈ പ്രദേശത്തുള്ള ചരിത്രപരമായ പ്രാധാന്യമാണ് മ്യൂസിയം ഇവിടെ സ്ഥാപിക്കാൻ പ്രേരണയായത്. കനോലി പ്ലാട്ട് എന്ന പേരിലറിയപ്പെടുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്ക് (Tectonagrandis) തോട്ടം നിലമ്പൂരിൽ 1840-കളിൽ ബ്രിട്ടീഷുകാരാണ് തുടങ്ങിയത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തേക്ക് തോട്ടങ്ങളിൽ ഒന്നാണിത്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്. വി കനോലിയുടെ നിർദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.

മ്യൂസിയത്തിന്റെ പൂമുഖത്ത് സ്ഥാപിച്ച 55 വർഷം പഴക്കമുള്ള ഒരു തേക്ക് മരത്തിന്റെ വേരുകൾ PHOTO/WIKIPEDIA

പോർട്ടിക്കോയിൽ സ്ഥാപിച്ച 55 വർഷം പഴക്കമുള്ള ഒരു തേക്ക് മരത്തിന്റെ അടിവേരുകളാണ് തേക്ക് മ്യൂസിയത്തിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. തേക്ക് സംബന്ധിച്ച് പൂർണ അറിവു പകരുന്ന കേന്ദ്രമാണ് ഈ മ്യൂസിയം. തേക്കിന്റെ പുറംതൊലി, പൂവ്, ഫലം എന്നിവയുടെ വിശദമായ വിവരണം നമുക്ക് ലഭിക്കും. 160 വർഷങ്ങൾക്ക് മുമ്പ് നടത്തിയ തേക്ക് പ്ലാന്റേഷൻ പ്രവർത്തനങ്ങളും അടുത്തറിയാം. തേക്ക് മരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ഉരുപ്പടിയാക്കുന്നത്, ഉപയാേഗം തുടങ്ങി തേക്ക് സംബന്ധിച്ച എല്ലാ കാര്യങ്ങളും ചുറ്റിനടന്ന് കണ്ട് മനസ്സിലാക്കാം. പരമ്പരാഗത കളപ്പുരയും തേക്ക് തടിയിൽ നിർമ്മിച്ച ഉരു മാതൃകയുമാണ് ഇവിടുത്തെ മറ്റ് ചില ആകർഷണങ്ങൾ. കോട്ടയം ഡിവിഷനിലെ നഗരംപാറ ഫോറസ്റ്റ് റേഞ്ചിൽ നിന്ന് കൊണ്ടുവന്ന 480 വർഷം പഴക്കമുള്ള തേക്ക് മരത്തിന്റെ വലിയ കുറ്റിയും ഇവിടെ കാണാം.

മ്യൂസിയത്തോട് ചേർന്ന് 15 ഹെക്ടറിൽ ജൈവ വൈവിധ്യ ഉദ്യാനം, ശലഭാേദ്യാനം, ഓർക്കിഡ് ഗാർഡൻ, ഔഷധ സസ്യാേദ്യാനം, നക്ഷത്ര വനം, ബാംബു ഹൗസ്, ജലസസ്യ ശേഖരം തുടങ്ങിയ മനം കുളിർപ്പിക്കുന്ന കാഴ്ചകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായി വളരുന്ന 50 വൃക്ഷ ഇനങ്ങളും പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന 136 വൃക്ഷ ഇനങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്ഥിരവാസക്കാരും ദേശാടനക്കാരുമായ ഏകദേശം 58 ഇനം പക്ഷികളുടെ സാന്നിധ്യം ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും പകർത്താൻ കഴിയാത്ത സമ്പന്നമായ ഒരു യാത്രയിലേക്ക് ഈ മ്യൂസിയം നിങ്ങളെ കൊണ്ടുപോകുന്നു.

സന്ദർശന സമയം
10:00 AM മുതൽ 05:00 PM വരെ

പ്രവേശന നിരക്ക്
മുതിർന്നവർക്ക്- 50 രൂപ
5 മുതൽ 12 വയസ്സ് വരെ- 15 രൂപ
സ്കൂൾ, കോളജ് വിദ്യാർഥികൾ -15 രൂപ

വഴി
നിലമ്പൂരിൽ നിന്ന് ഊട്ടി റൂട്ടിൽ 4 കിലോമീറ്റർ
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ
കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് 36 കിലോമീറ്റർ

For more details:
Ph: +91 4931 222846

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed